Top

ചിറകുയര്‍ത്തി യുഎഇ; ഓടിത്തളര്‍ന്ന് സൗദി; 2020 ല്‍ ഗള്‍ഫ്

വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ബാധിച്ച പ്രതിസന്ധിയായിരുന്നു കൊവിഡ്-19. എണ്ണ വിപണിയെ അധികകാലം പ്രധാനവരുമാന ശ്രോതസ്സായി കാണാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി ഇതിനനുസരിച്ച് പല പദ്ധതികളും ഗള്‍ഫ് രാജ്യങ്ങള്‍ വിഭാവനം ചെയ്യുന്നതിനിടയിലാണ് ഇവരുടെ സ്വപ്‌നങ്ങളിലേക്ക് വൈറസ് പടര്‍ന്നു പിടിച്ചത്. കൊവിഡുണ്ടാക്കിയ ആഘാതത്തില്‍ ചില രാജ്യങ്ങള്‍ പകച്ച് നിന്നപ്പോള്‍ ചില രാജ്യങ്ങള്‍ പുതിയ സാധ്യത തേടി. ഇതില്‍ പ്രധാനപ്പെട്ട രണ്ടു ‘ഗെയിം ചേഞ്ചേഴ്‌സ്’ ആയിരുന്നു സൗദി അറേബ്യയും യുഎഇയും. അറേബ്യന്‍ മണലാരണ്യങ്ങളില്‍ ഇനി തങ്ങളുടെ തലയുയര്‍ത്തിയുള്ള നിലനില്‍പ്പിന് ഏത് […]

27 Dec 2020 6:04 AM GMT

ചിറകുയര്‍ത്തി യുഎഇ; ഓടിത്തളര്‍ന്ന് സൗദി;  2020 ല്‍ ഗള്‍ഫ്
X

വര്‍ഷങ്ങള്‍ക്ക് ശേഷം ഗള്‍ഫ് രാജ്യങ്ങളെ ഒന്നടങ്കം ബാധിച്ച പ്രതിസന്ധിയായിരുന്നു കൊവിഡ്-19. എണ്ണ വിപണിയെ അധികകാലം പ്രധാനവരുമാന ശ്രോതസ്സായി കാണാന്‍ പറ്റില്ലെന്ന് മനസ്സിലാക്കി ഇതിനനുസരിച്ച് പല പദ്ധതികളും ഗള്‍ഫ് രാജ്യങ്ങള്‍ വിഭാവനം ചെയ്യുന്നതിനിടയിലാണ് ഇവരുടെ സ്വപ്‌നങ്ങളിലേക്ക് വൈറസ് പടര്‍ന്നു പിടിച്ചത്.

കൊവിഡുണ്ടാക്കിയ ആഘാതത്തില്‍ ചില രാജ്യങ്ങള്‍ പകച്ച് നിന്നപ്പോള്‍ ചില രാജ്യങ്ങള്‍ പുതിയ സാധ്യത തേടി. ഇതില്‍ പ്രധാനപ്പെട്ട രണ്ടു ‘ഗെയിം ചേഞ്ചേഴ്‌സ്’ ആയിരുന്നു സൗദി അറേബ്യയും യുഎഇയും.

അറേബ്യന്‍ മണലാരണ്യങ്ങളില്‍ ഇനി തങ്ങളുടെ തലയുയര്‍ത്തിയുള്ള നിലനില്‍പ്പിന് ഏത് പാത വേണമെന്ന് യുഎഇക്കും സൗദിക്കും നന്നായറിയാം. യുഎഇ എല്ലാ ചട്ടക്കൂടുകളും ഭേദിച്ച് ഈ പാതയിലേക്കാണ്. അതേ വഴി സ്വീകരിച്ച സൗദിക്ക് പക്ഷെ കടമ്പകള്‍ ഏറെയുണ്ട്…

യുഎഇ

പശ്ചിമേഷ്യയിലെ ടൂറിസ്റ്റ് ഹബ്ബായി അറിയപ്പെടുന്ന യുഎഇ മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ദ്രുദഗതിയില്‍ പ്രതിരോധ പ്രവര്‍ത്തനം തുടങ്ങി. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി, രാത്രി കര്‍ഫ്യൂ, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എന്നിവ നടപ്പിലാക്കി. രാജ്യത്തെ പ്രവാസികളെ നാട്ടിലേക്ക് മടക്കി അയച്ചു. യുഎഇയുടെ എക്കണോമിക് ഹബ്ബായ അബുദാബിയും ദുബായും ആദ്യം ഘട്ടത്തില്‍ ഒന്നു പകച്ചു.

എണ്ണ വിപണി കഴിഞ്ഞാല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് ആണ് യുഎഇയുടെ ഒരു പ്രധാന വരുമാന ശ്രോതസ്സ്. എമിറേറ്റ്‌സ്, എത്തിഹാദ്, എയര്‍ അറേബ്യ എന്നീ യുഎഇ എയര്‍ലൈന്‍സുകളൊന്നും കൊവിഡില്‍ ചിറകുവിരിച്ചില്ല. 2019 ലെ കണക്കു പ്രകാരം രാജ്യത്തെ ജിഡിപിയുടെ അഞ്ചു ശതമാനമാണ് വ്യോമഗതാഗതം വഴിയുള്ള വരുമാനം. മറ്റൊരു വരുമാന ശ്രോതസ്സ് എയര്‍ട്രാന്‍സ്‌പോര്‍ട്ടേഷനുമായി ബന്ധപ്പെട്ടു കിടക്കുന്ന ടൂറിസം മേഖലയാണ്. 2018 ല്‍ യുഎഇയുടെ ജിഡിപിയുടെ 11 ശതമാനമാണ് ടൂറിസത്തില്‍ നിന്നു വന്നത്. സ്വര്‍ണ വിപണിയും യുഎഇ സാമ്പത്തിക മേഖലയുടെ അടിത്തറയാണ്.

കൊവിഡ് വ്യാപനം തടയാന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ടൂറിസത്തില്‍ നിന്നും എയര്‍ട്രാന്‍സ് പോര്‍ട്ടേഷനില്‍ നിന്നുമുള്ള വരുമാനത്തെ ബാധിച്ചു. എണ്ണ വിപണിയും ഇടിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളും പ്രവാസികള്‍ തുടരെ നാട്ടിലേക്ക് മടങ്ങിയതും രാജ്യത്തെ ചെറുകിട, വന്‍കിട ബിസിനസുകളെയും ബാധിച്ചു.

ഡിസംബറില്‍ 2020 ല്‍ അബുദാബി സെന്‍ട്രല്‍ ബാങ്ക് നടത്തിയ ത്രൈമാസ അവലകോനത്തില്‍ യുഎഇയുടെ സാമ്പത്തിക മേഖല 2020 ല്‍ ആറു ശതമാനം ചുരുങ്ങുമെന്നാണ് പറഞ്ഞത്. നേരത്തെ പ്രവചിച്ചതില്‍ നിന്നും 0.8 ശതമാനം കൂടുതലാണ് ഈ കണക്ക്.

ഐഎംഎഫിന്റെ കണക്കു പ്രകാരം യുഎഇ എക്കണോമി 2020 ല്‍ 6.6 ശതമാനം ചുരുങ്ങും. ഇതിനു മുമ്പ് ഇത്തരമൊരു ഞെരുക്കം യുഎഇക്ക് വന്നത് 2009 ല്‍ ആയിരിക്കുമെന്നും ഐംഎംഎഫ് പറയുന്നു.

എന്നാല്‍ എല്ലാ ഏജന്‍സികളുടെ കണക്കുകള്‍ക്കും മുമ്പേ തന്നെ ഈ പ്രതിസന്ധി യുഎഇ സര്‍ക്കാര്‍ മനസ്സിലാക്കിയിട്ടുണ്ട്. കൊവിഡ് വ്യാപനം രാജ്യത്ത് ഒതുങ്ങിത്തുടങ്ങിയപ്പോള്‍ തന്നെ യുഎഇ സാമ്പത്തിക പുനരുജ്ഞീന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.

രാജ്യത്തെ ടൂറിസത്തെ പൂര്‍വ്വാധികം ശക്തിയോടെ രംഗത്തിറക്കുന്നതിനാണ് യുഎഇ പ്രാഥമികമായി പരിഗണന നല്‍കിയത്. ഇതിന്റെ ഭാഗമായി നവംബര്‍ മാസത്തില്‍ വിദേശികളെ ആകര്‍ഷിക്കുന്നതിനായി മുസ്‌ലിം വ്യക്തി ഗത നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങള്‍ യുഎഇ പൊളിച്ചെഴുതി. വിവാഹം, വിവാഹ മോചനം, പീഡനം, വില്‍പത്രവും പിന്തുടര്‍ച്ചാവകാശം, എന്നിവയിലാണ് മാറ്റം വരുത്തിയത്.

ഇത് പ്രകാരം പ്രായപൂര്‍ത്തിയാവര്‍ക്ക് ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല. 21 വയസ്സിനു മുകളിലുള്ളവര്‍ക്ക് മദ്യപാനം, മദ്യ വില്‍പ്പന എന്നിവയിലേര്‍പ്പെടുന്നത് ശിക്ഷാര്‍ഹമല്ല.

ഒപ്പം സ്വദേശികളല്ലാത്ത താമസക്കാര്‍ക്ക് പിന്തുടര്‍ച്ചാവകാശവും സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതത് രാജ്യത്തെ വ്യക്തിഗത നിയമമനുസരിച്ച് സ്വത്ത് കൈമാറ്റം ചെയ്യാം. വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഏത് രാജ്യത്താണോ വിവാഹം നടന്നത് ആ രാജ്യത്തെ നിയമം ബാധകമാവും. തുടങ്ങിയവയാണ് പരിഷ്‌കരണങ്ങളില്‍ പ്രധാനം.

സാമ്പത്തിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

പാപ്പര്‍ നിയമത്തിലെ ഭേദഗതികള്‍, ടൂറിസം സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകളും ആനുകൂല്യങ്ങളും അനുവദിക്കല്‍, വാണിജ്യ കമ്പനികളുടെ നിയമത്തില്‍ ഭേദഗതി വരുത്തല്‍, വാണിജ്യ ഇടപാടുകളുടെ നിയമത്തില്‍ ഭേഗദതി വരുത്തുക, ടൂറിസം മേഖലയിലെ നികുതി കുറയ്ക്കല്‍, രാജ്യത്തെ സാമ്പത്തിക ബാങ്കിംഗ് മേഖലയിലെ പണലഭ്യത വര്‍ധിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ച സമഗ്ര പദ്ധതി നടപ്പാക്കല്‍ എന്നിവാണ് സാമ്പത്തിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍.

യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തൗഖ് അല്‍ മരിയാണ് ഈ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ കമ്മിറ്റി ചെയര്‍മാന്‍. ഈ പദ്ധതി യുഎഇ സാമ്പത്തിക മേഖലയെ പുനരുഞ്ജീവിപ്പിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

രാജ്യത്തെ എണ്ണ ഇതര വരുമാനം 2021 ല്‍ 3.6 ശതമാനം വര്‍ധിക്കുമെന്നാണ് യുഎഇ സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നത്. 388 ദര്‍ഹം ബില്യണാണ് സാമ്പത്തിക പുനരുജ്ഞീവന പദ്ധതികള്‍ക്കായി യുഎഇ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. സാമ്പത്തിക നിരീക്ഷകരുടെ അഭിപ്രായ പ്രകാരം 2023 നുള്ളില്‍ യുഎഇ സാമ്പത്തിക മേഖല പഴയ ശക്തി തിരിച്ചെടുക്കും. ഇതിനിടയില്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും അന്താരാഷ്ട്ര തലത്തില്‍ യുഎഇക്ക് നേട്ടങ്ങളുണ്ടാക്കും.

സൗദി അറേബ്യ

സൗദി അറേബ്യയുടെ ചരിത്രത്തിലെ തന്നെ നിര്‍ണായക വര്‍ഷങ്ങളിലൊന്നായിരുന്നു 2020. നാലു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച സൗദി വിഷന്‍ 2030 ലെ പല പദ്ധതികളും നടപ്പിലാവേണ്ട വര്‍ഷം. കൊവിഡിനു മുമ്പേ തന്നെ സാമ്പത്തിക മേഖലയില്‍ ഇളക്കം തട്ടിയിരുന്നതിനാല്‍ എണ്ണ ഇതര വരുമാന മേഖലയിലേക്ക് രാജ്യം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയ വര്‍ഷം. അന്താരാഷ്ട്ര തലത്തില്‍ സൗദിയെക്കുറിച്ചുള്ള മുന്‍ ധാരണകള്‍ മാറ്റാന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമഗ്ര പദ്ധികള്‍ നടപ്പിലാക്കി വന്നിരുന്ന വര്‍ഷം.

ഇതിനിടയിലാണ് മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് വ്യാപനം തടയാനായി ഉംറ തീര്‍ത്ഥാടനവും ആദ്യഘട്ടത്തില്‍ രാജ്യത്തിന് നിര്‍ത്തിവെക്കേണ്ടി വന്നു, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കി, കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതിനിടയില്‍ എണ്ണ വിപണി താഴേക്ക്. ഇത്രയുമാണ് സൗദി സാമ്പത്തിക മേഖലയെ പ്രത്യക്ഷത്തില്‍ ബാധിച്ച വിഷയങ്ങള്‍.

സൗദിയുടെ ബജറ്റ് വരുമാനത്തിന്റെ 87 ശതമാനവും പെട്രോളിയം മേഖലയില്‍ നിന്നാണ് വരുന്നത്. ഇതിനു പിന്നിലുള്ളത് മക്ക തീര്‍ത്ഥാടനം വഴിയുള്ള വരുമാനമാണ് 12 ബില്യണ്‍ ഡോളറാണ് ഒരു വര്‍ഷം ഹജ്ജ്- ഉംറ തീര്‍ത്ഥാടന യാത്രയിലൂടെ സൗദിയുടെ ഖജനാവിലെത്തുന്നത്. രാജ്യത്തെ എണ്ണ ഇതര മേഖലയില്‍ നിന്നുള്ള 20 ശതമാനം ജി.ഡി.പി മക്ക തീര്‍ത്ഥാടനം വഴിയാണ്. ആകെ ജി.ഡി.പിയുടെ ഏഴ് ശതമാനവും.

ഈ രണ്ട് വരുമാന ശ്രോതസ്സുകളും കൊവിഡില്‍ തടസ്സം നേരിട്ടത് സൗദിക്ക് വലിയ തിരിച്ചടിയുണ്ടാക്കി. ഇതിനു പുറമെ യെമനിലെ സൈനിക ഇടപെടലടക്കം സൗദി ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കി.2020 ല്‍ സൗദി സാമ്പത്തിക രംഗം 3.7 ശതമാനം ചുരുങ്ങുമെന്നാണ് ഔദ്യോഗിക കണക്കുകള്‍.

പ്രത്യാശയോടെ

കൊവിഡിന്റ ആദ്യഘട്ടത്തിലുണ്ടായിരുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും സൗദി പതുക്കെ കരകയറുകയാണ്. ഡിസംബറില്‍ വന്ന മൂന്നാം അനുപാത കണക്കില്‍ എക്കോണോമി 4.6 ശതമാനമാണ് ചുരുങ്ങിയത്. കഴിഞ്ഞ ത്രൈമാസ ആനുപാതിക കണക്കില്‍ ഇത് 7 ശതമാനമായിരുന്നു.

കൊവിഡിന്റെ പുതിയ വകഭേദം ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ വരും വര്‍ഷങ്ങളില്‍ മക്ക തീര്‍ത്ഥാടനം പ്രതിസന്ധി നേരിട്ടേക്കാം. എണ്ണ വിപണിയുടെ ഭാവിയെപറ്റി സൗദിക്ക് മനസ്സിലാവുകയും ചെയ്തു.

യുഎഇ ഈ പ്രതിസന്ധിയെ ബുദ്ധിപൂര്‍വ്വം നേരിടുന്നത് സൗദി ഭരണകൂടം നിരീക്ഷിക്കുന്നുണ്ട്. ടൂറിസത്തെ സൗദിയിലേക്കടുപ്പിക്കാം എന്നത് സംബന്ധിച്ച് സൗദി വലിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈ വര്‍ഷം ടൂറിസം മേഖലയില്‍ സൗദി വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിനു പുറമെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഏപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ സൗദി ചില പരിഷ്‌കരണങ്ങള്‍ നടത്തിയിരുന്നു.

മെയ് മാസത്തില്‍ സൗദിയില്‍ മൂല്യവര്‍ധിത നികുതി 5 ശതമാനത്തില്‍ നിന്നും 15 ശതമാനമായാണ് ഉയര്‍ത്തിയത്. മൂന്നിരട്ടി വര്‍ധനവാണ് ഒറ്റയടിക്കുണ്ടായത്. ഇതിനുപുറമെ പൊതുമേഖലാ ജീവനക്കാര്‍ക്ക് 2018ല്‍ അനുവദിച്ചിരുന്ന ജീവിതച്ചെലവ് ഇളവുകള്‍ നിര്‍ത്തലാക്കി.

പ്രവാസികളും സൗദിയും

സ്വദേശിവല്‍ക്കരണം വലിയ തോതിലാണ് സൗദിയില്‍ ഇപ്പോള്‍ നടപ്പിലാക്കി വരുന്നത്. ഇത് പ്രവാസികളെ ബാധിക്കുന്നുമുണ്ട്. കൊവിഡിനിടയില്‍ സ്വദേശിവല്‍ക്കപരണം കൂടിയിട്ടുണ്ട്. ഹ്യൂമണ്‍ റിസോഴ്‌സ് ഡെവലപ്പമെന്റ് ഫണ്ട് പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധവന് രേഖപ്പെടുത്തിയിട്ടുണ്ട്.

21.54 ശതമാനം സ്വദേശികള്‍ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് 2020ലെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇത് 2.4 ശതമാനമായിരുന്നു. ധനകാര്യമേഖലയിലാണ് കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്.

സൗദിയുടെ മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍

സൗദി വിഷന്‍ 2030 നടപ്പാക്കുന്നതിനാണ് രാജ്യത്തിന്റെ പ്രാഥമിക പരിഗണന. 500 ബില്യണ്‍ ഡോളര്‍ മുടക്കി നിര്‍മിക്കുന്ന നഗരമായ നിയൊം ആണ് ഇതില്‍ പ്രധാനപ്പെട്ടത്. 10230 സ്‌ക്വയര്‍ മൈല്‍ പരിധിയില്‍ നിര്‍മിക്കുന്ന ഈ മെഗാ നഗര നിര്‍മാണം പൂര്‍ത്തിയാല്‍ സൗദിയെ സംബന്ധിച്ച് വലിയ നിക്ഷേപ, ടൂറിസ സാധ്യതകളാണ് തുറന്നു കിട്ടുക.

ഉംറ യാത്രക്കാരുടെ എണ്ണം 3 കോടിയിലെത്തിക്കുക, ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക് മ്യൂസിയം സ്ഥാപിക്കുക, യുനെസ്‌കോയില്‍ രജിസ്റ്റര്‍ ചെയ്ത സൗദി പൈതൃക കേന്ദ്രങ്ങളുടെ എണ്ണം ഇരട്ടിയാക്കുക, രാജ്യത്ത് സാംസ്‌കാരിക, വിനോദ കേന്ദങ്ങളുടെ വളര്‍ച്ചയെ പ്രോത്സാഹിക്കുക. നഗരങ്ങളെ ആഗോള നിലവാരത്തില്‍ വിപുലീകരിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സൗദി ആവിഷ്‌കരിക്കാനിരുന്നത്. കൊവിഡില്‍ തളര്‍ന്നെങ്കിലും ഇവയോരൊന്നും നടപ്പാക്കാനുള്ള പദ്ധതികളും പടി പടിയായി സര്‍ക്കാര്‍ നടപ്പാക്കിത്തുടങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Next Story