പൂട്ടിയ വാതിലുകളെ തേടിപ്പോയില്ല, ചെന്നെത്തിയത് വിജയത്തിലേക്ക്; ഉപരോധം ഖത്തറില്‍ വരുത്തിയ മാറ്റങ്ങള്‍

2017 ജൂണ്‍ അഞ്ച്, സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്ത് എന്നീ നാലു രാജ്യങ്ങള്‍ 28 ലക്ഷത്തോളം ജനസംഖ്യയുള്ള ഖത്തറിനെ അതിര്‍ത്തികളച്ച് പൂട്ടി. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇന്ത്യ, തുര്‍ക്കി, ഇറാന്‍, ഒമാന്‍, മൊറോക്കോ എന്നീ രാജ്യങ്ങളില്‍ നിന്നായി ഭക്ഷ്യവസ്തുക്കളുമായി കാര്‍ഗോ ഷിപ്പുകളും വിമാനങ്ങളും ഖത്തറിലേക്കെത്തി.

ഉപരോധ സമയത്ത് ഭക്ഷ്യാവശ്യത്തിന് 90 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമായിരുന്നു ഖത്തര്‍. നാലു അയല്‍ രാജ്യങ്ങളും അതിര്‍ത്തി അടച്ചത് ഖത്തറിന് മുമ്പില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. എന്നാല്‍ എങ്ങനെ ഈ പ്രതിസന്ധിയെ തരണം ചെയ്യണമെന്നത് സംബന്ധിച്ച് കൃത്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ ഖത്തറിനായി. മൂന്നര വര്‍ഷത്തെ ഖത്തറിന്റെ വളര്‍ച്ച എടുത്തു നോക്കുമ്പോള്‍ ഖത്തര്‍ ഇന്നിത്തെ നില്‍ക്കുന്നത് സ്വയം നേടിയെടുത്ത ഒരുപിടി വിജയങ്ങളുടെ നടുവിലാണ്.

ആഭ്യന്തര ഉല്‍പാദനം വന്‍ രീതിയില്‍ വര്‍ധിപ്പിക്കുകയും വ്യോമപാത, വ്യവസായം എന്നിവയ്ക്കായി മറ്റു രാജ്യങ്ങളുമായി ധാരണയിലെത്തിയതും ഖത്തറിനെ വലിയ രീതിയില്‍ സഹായിച്ചു. യഥാര്‍ത്ഥത്തില്‍ ഉപരോധം എങ്ങനെ വാണിജ്യ രംഗത്ത് സ്വയം പര്യാപ്തത നേടാമെന്ന് ഖത്തറിനെ പഠിപ്പിച്ചു.

ഉപരോധത്തിനു മുമ്പ് 400 ടണ്‍ പാലുല്‍പന്നങ്ങളായിരുന്ന സൗദിയില്‍ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. ഉപരോധം വന്നതിനു ശേഷം ഈ ആശ്രിതത്വം കുറയ്ക്കാന്‍ ആദ്യം തന്നെ സര്‍ക്കാര്‍ ശ്രമം തുടങ്ങി. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും വന്‍ തോതില്‍ പശുക്കളെ ഖത്താരി സര്‍ക്കാര്‍ രാജ്യത്തെത്തിച്ചു. രാജ്യത്ത് ബല്‍ത്താന എന്ന പാല്‍, ഇറച്ചി ഫാം തുടങ്ങുകയും ചെയ്തു. ഇന്ന് രാജ്യത്തെ വമ്പന്‍ ഫാം കമ്പനിയാണ് ബല്‍ദാന. രാജ്യത്തെ ആവശ്യത്തിനുള്ള ഉല്‍പാദനത്തിനു പുറമെ മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഈ കമ്പനിയിലൂടെ നടക്കുന്നു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി രാജ്യത്തെ ഒട്ടനവധി കമ്പനികള്‍ വലിയ പ്രയത്‌നം നടത്തി. അന്ന് കാണിച്ച ഈ ജാഗ്രത കൊവിഡ് പ്രതിസന്ധി ഘട്ടത്തിലും രാജ്യത്തിന് ഉപകാരമായി.

‘ മൂന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് പഴങ്ങളുടെയും പച്ചക്കറികളുടെയും പ്രാദേശിക ഉല്‍പാദനം 10 ശതമാനത്തില്‍ കൂടിയിരുന്നില്ല. ഇന്ന് 30 ശതമാനത്തോടടുത്തിരിക്കുയാണ്,’ ഖത്തറിലെ അഗ്രികോ അഗ്രികള്‍ച്ചറല്‍ കമ്പനി സിഇഒ നാസര്‍ അല്‍ ഖലഫ് മാധ്യമങ്ങളോട് പറഞ്ഞു.

2020 ജൂണില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം എകണോമിസ്റ്റ് ഇന്റലിജന്‍സ് സമാഹരിച്ച ഏറ്റവും ആഗോള ഭക്ഷ്യസുരക്ഷാ പട്ടികയില്‍ പശ്ചിമേഷ്യയില്‍ ഒന്നാം സ്ഥാനത്താണ് ഖത്തര്‍. ആഗോള തലത്തില്‍ 13ാം സ്ഥാനത്തും.

തുറന്നു കിട്ടിയ വാതിലുകള്‍

അതിര്‍ത്തികള്‍ അടച്ചത് വാണിജ്യ ഇറക്കുമതി-കയറ്റുമതിക്ക് വലിയ ഭീഷണിയാണ് ഖത്തറിന് സൃഷ്ടിച്ചത്. ഉപരോധത്തിനു പിന്നാലെ ഹമദ് പോര്‍ട്ട് എന്ന തുറമുഖം ഖത്തര്‍ ഉദ്ഘാടനം ചെയ്തു. പുതിയ സമുദ്ര പാതകള്‍ സുരക്ഷിതമാക്കുന്നതിലും അടിസ്ഥാന സപ്ലൈകളും ചരക്കുകളും ലഭ്യമാക്കുന്നതിലും ഈ തുറമുഖം പ്രധാന പങ്കു വഹിച്ചു.

രാജ്യത്തെ വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്‌സ് ഉപരോധമേര്‍പ്പെടുത്തിയ നാലു രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കുള്ള പ്രവേശനം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് 2017 ല്‍ ഗണ്യമായ നഷ്ടം നേരിട്ടു. എന്നാല്‍ ഇതിനു ശേഷം ഖത്തര്‍ എയര്‍വേയ്‌സിന്റെ വാര്‍ഷിക വരുമാനം കൂടുകയാണുണ്ടായത്. തുര്‍ക്കിക്കും ഇറാനും ഇതില്‍ പ്രധാന പങ്കുണ്ടായിരുന്നു. അയല്‍ രാജ്യങ്ങള്‍ അകന്നതോടെ തുര്‍ക്കിയും ഇറാനുമായി അടുക്കേണ്ടത് ഖത്തറിന്റെ ആവശ്യമായി.

അന്താരാഷ്ട്ര തലത്തില്‍ ഖത്തറിന്റെ മുഖചിത്രം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമവും സര്‍ക്കാര്‍ തലത്തില്‍ ഊര്‍ജിതമായി. 2019 ഖത്തര്‍ ദേശീയ മ്യൂസിയം തുറന്നു. 500 മില്യണ്‍ ഡോളറാണ് ഇതിനായി ചെലവിട്ടത്. വന്‍ തുകയാണ് കലാശേഖരങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനാല്‍ ഖത്താരി സര്‍ക്കാര്‍ ചെലവിടുന്നത്. ഫിഫ വേള്‍ഡ് കപ്പ് 2022 ന് വേദിയാവാനായതും ഖത്തറിന്റെ അഹോരാത്ര പരിശ്രമങ്ങളുടെ ഭാഗമായിരുന്നു.

Latest News