2020 എങ്ങനെ വെറുപ്പിന്റെയും അപരവത്ക്കരണത്തിന്റെയും ധ്രുവീകരണത്തിന്റെയും വര്‍ഷമായി

ലൗ ജിഹാദിന്റെ പേരിലെ കലാപങ്ങളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും വേട്ടയാടലുകളുടെയും കാതടപ്പിക്കുന്ന പ്രകമ്പനങ്ങള്‍ ഇന്ത്യയുടെ മേതതര അടിത്തറയെ കാര്ന്നെടുക്കാന് തുടങ്ങിയിട്ട് കാലമേറെയായി. ഏറ്റവും ഒടുവില്‍ ‘നിയമവിരുദ്ധമായ’ മതപരിവര്‍ത്തനങ്ങളെ തടയാന്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ വിധിക്കുന്ന നിയമത്തിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അംഗീകാരം നല്കി. ബിജെപി ഭരണത്തിലുള്ള മറ്റുചില സംസ്ഥാനങ്ങളും ഉത്തര്‍പ്രദേശിനെ പിന്തുടര്ന്ന് സമാന നടപടിയിലേക്ക് നീങ്ങാനൊരുങ്ങുന്നു.
മുസ്ലിം പുരുഷന്മാര് ഹിന്ദു സ്ത്രീകളെ വശീകരിച്ച് വിവാഹകഴിക്കുന്നതുവഴി അവരെ നിര്‍ബന്ധപൂര്‍വ്വം മതമാറ്റത്തിലേക്ക് എത്തിക്കുന്നു എന്നാണ് ചിലരുടെ വാദമെങ്കില്‍, മറ്റുള്ളവരത് ഒരു ഗൂഢാലോചന സിദ്ധാന്തത്തിനപ്പുറം മറ്റൊന്നുമല്ല എന്നുകണ്ട് തള്ളിക്കളയുന്നു.
ഒരിക്കല്‍ ഐക്യത്തിലായിരുന്ന ഇന്ത്യന്‍ ജനതയെ ഭിന്നിപ്പിക്കാന്‍ തീവ്രവാദികള്‍ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു ദുഷിച്ച ശ്രമത്തെയാണ് ഇത് വെളിപ്പെടുത്തുന്നത്. അതുവഴി ലക്ഷ്യംവെയ്ക്കുന്നത് ധ്രുവീകരണവും. 2020 ആണെങ്കില്‍ ധ്രുവീകരണങ്ങളുടെ കെട്ടഴിച്ചുവിട്ട ഒരു വര്‍ഷമായാണ് കാണാനാകുന്നത്.
ധ്രുവീകരിക്കപ്പെട്ട ഒരു സമൂഹം അതിന്റെ ഉച്ഛസ്ഥായിയില്‍ സമൂദായങ്ങള്ക്കിടയിലെ അതൃപ്തിയ്ക്കും അസ്വാസ്ഥ്യത്തിനും, ഏറ്റവും മോശം അവസ്ഥയില്‍ ആഭ്യന്തരയുദ്ധത്തിലേക്കും ഐക്യത്തിന്റെ പൂര്ണവിനാശത്തിലേക്കുമായിരിക്കും എത്തിച്ചേരുക.
അപ്പോള്‍ ചോദ്യമിതാണ്: നമ്മള് ആ ധ്രുവീകൃത സമൂഹത്തിലേക്കുള്ള യാത്രയിലേക്ക് എത്ര ദൂരം പിന്നിട്ടുകഴിഞ്ഞു.

ഇന്ത്യന്‍ പൗരനെ പുനര്‍വ്യാഖ്യാനിക്കുന്ന പുതിയ ഇന്ത്യ
മാധ്യമങ്ങളെ സംബന്ധിച്ച് എറ്റവുമധികം തിരക്കുള്ള വര്‍ഷമായിരുന്നു 2020. രാജ്യത്തെ പിടിച്ചുകുലുക്കിയ ഒരു മഹാമാരിയും ഒരു സിനിമാതാരത്തിന്റെ മരണവുമുണ്ടാക്കിയ നടുക്കത്തിന്റെ പിടിയിലായിരുന്ന നമ്മള് ഇതിനിടെ ഇന്ത്യയില്‍ ഒരു ‘അപര’ വികാരത്തിന്റെ അഭൂതപൂര്‍വ്വമായ ഉദയമുണ്ടായത് അറിയാതെ പോയി. വെറുപ്പിനാല്‍ നയിക്കപ്പെട്ട് പരസ്പരം ഉന്നംവെയ്ക്കുന്ന ചെറിയ ചെറിയ കൂട്ടങ്ങളായി രാജ്യം വിഭജിക്കപ്പെട്ടു. ഈ വെട്ടിമുറിക്കലിന് നിറം, ജാതി, മതം, ലിംഗം, വര്‍ഗം എന്നിങ്ങനെ ഒന്നിലധികം ആയുധങ്ങളുണ്ടെങ്കിലും അതിന്റെ മതപരമായ കോണാണ് മറ്റെന്തിനേക്കാളും അധികം ഇക്കാലയളവില്‍ ഉച്ഛരിക്കപ്പെട്ടത്. നിങ്ങളുടെ വിധി ആ ‘ഇതര’ മതത്തിലാണ് നിങ്ങളെ ജനിപ്പിച്ചതെങ്കില് 2020 നിങ്ങളെ ശ്വാസം മുട്ടിച്ചിരിക്കും.
വര്‍ഷത്തിന്റെ തുടക്കം മുതല്‍ നമ്മള് സാക്ഷ്യം വഹിക്കുന്ന സംഭവങ്ങളിലേക്ക് ഓര്‍മ്മകളെ നയിക്കാം- കൊവിഡ് ജീവിതത്തെ നിശ്ചലത്വത്തിലെത്തിച്ചതിന് തൊട്ടുമുന്‍പ്, ഇന്ത്യന്‍ പൗരനെ പുനര്‍നിര്‍വ്വചിക്കാന്‍ നമ്മള് ബുദ്ധിമുട്ടുമ്പോള്‍ ഇന്ത്യയാകെ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയായിരുന്നു.
ഇന്ത്യ ഈ വര്‍ഷം ധ്രുവീകരണത്തിന് ഒരു വ്യഖ്യാനമവതരിപ്പിച്ചു- പൗരത്വ നിയമഭേദഗതി നിയമം. ഇന്ത്യയുടെ സ്വന്തമായിരിക്കുക എന്നതിനെ മതപരമായി നിര്‍വ്വചിക്കുക എന്ന ലക്ഷ്യത്തോടെയുള്ള, ഭരണഘടനാവിരുദ്ധമെന്ന് നിസംശയം പറയാവുന്ന ഒരു നിയമം.
അതിന് പിന്നിലെ സന്ദേശം വളരെ വ്യക്തമായിരുന്നു. മതത്തിന്റെയും സമുദായത്തിന്റെയും വരകളാല്‍ ജനങ്ങള്‍ വിഭജിക്കപ്പെട്ടു. പൊടുന്നനെ ചിലരുടെ ജീവന് കൂടുതല്‍ വിലയുണ്ടാവുകയും ചിലര്‍ മറ്റുള്ളവരേക്കാള്‍ ‘കൂടുതല്‍ ഇന്ത്യക്കാരാവുകയും’ ചെയ്തു. ജനവിഭാഗങ്ങള്‍ ഒറ്റപ്പെടുത്തലിനും ഭീഷണികള്‍ക്കും ഇരകളാക്കപ്പെട്ടു. എല്ലാവരും ഒരേ അവകാശങ്ങളും സുരക്ഷയും അര്‍ഹിക്കുന്നില്ല എന്നുവരെ നാം കേട്ടു.
ഒരു മതന്യൂന പക്ഷത്തിന്റെ അപരവത്ക്കരണം
ഇന്ത്യയുടനീളം വ്യാപിച്ച പ്രതിഷേധങ്ങള്‍ക്കിടയില്‍ 2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ദില്ലിയിലുണ്ടായ കലാപത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും നമ്മെ കഠിനദു:ഖത്തിലേക്ക് നയിച്ചു. ആക്രമണങ്ങള്‍ ന്യൂനപക്ഷ സമുദായത്തെ കൃത്യമായി ഉന്നംവെച്ച് നീങ്ങുന്നത് നമ്മള് കണ്ടു. 53 പേരാണ് അവിടെ കൊല്ലപ്പെട്ടത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അനേകം മനുഷ്യര്‍ അവരുടെ വീടുകളില്‍ നിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കുടിയിറക്കപ്പെടുകയും ചെയ്തു. തെരുവുകളില്‍ പുകനിറയുകയും നമ്മുടെ സഹപൗരന്മാരില് ചിലര്‍ അവിടെ കൊലപാതക കൂട്ടങ്ങളാവുകയും ചെയ്തു. അതിന്റെയെല്ലാം അനന്തരഫലമെന്തായിരുന്നു? തീജ്വാലകളാല്‍ മൂടപ്പെട്ട ഒരു നഗരവും തങ്ങളുടെ രാജ്യസ്നേഹം തെളിയിക്കാന്‍ ലാത്തി ഏന്തിനില്ക്കുന്ന അക്രമികള്ക്ക്മുന്നില് ദേശീഗാനം പാടേണ്ടി വന്ന, അവരുടെ മതത്തിന്റെ അടയാളം വഹിക്കുന്നു എന്നതുകൊണ്ട് മാത്രം സ്വന്തം ഭവനങ്ങളുപേക്ഷിക്കാന് നിര്‍ബന്ധിതരായ ഒരു കൂട്ടം ജനങ്ങളും.
ഫെബ്രുവരിയിലെ കലാപത്തിന്റെ ഭീകരതയില്‍ നിന്ന് രാജ്യം ഒന്ന് കരയകയറി വരുമ്പോഴാണ് മാര്‍ച്ചില്‍ എല്ലാ ഇന്ത്യന്‍ മുസ്ലിംങ്ങളുടെയും മേല്‍ കറപടര്ത്താനുള്ള തന്ത്രപരമായ മറ്റൊരു ശ്രമമുയര്ന്നു വന്നത്. ‘കൊറോണ ജിഹാദ്’ എന്ന പേരില്‍ പ്രചരിക്കപ്പെട്ട തബ്ലീഗി ജമാഅത്ത് കേസ്.
കൊറോണ വൈറസ് ഇന്ത്യയില്‍ പടര്‍ന്നുപിടിക്കുന്നതിന്റെ തുടക്കഘട്ടമായ മാര്‍ച്ചില്‍ തബ്ലീഗി ജമാഅത്ത് ദില്ലിയില്‍ ഒരു മതസമ്മേളനം നടത്തി. വിധിയെന്ന് പറയട്ടെ, രാജ്യത്തുടനീളം ആയിരങ്ങളോളം കൊവിഡ് കേസുകള്‍ക്ക് കാരണമായ അതി വ്യാപനത്തിന് ആ സംഭവം കാരണമായി.
സമ്മേളനത്തിന്റെ സംഘാടകരോ പങ്കെടുത്തവരോ മുന്കരുതലിലെടുക്കുന്നതില് വരുത്തിയ പിഴവ് ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. എന്നാല്‍ തബ്ലീഗി സംഭവങ്ങളുമായി ബന്ധപ്പെട്ടവരെ മാത്രമല്ല ആ മതസമുദായത്തെ മുഴുവന്‍ രാജ്യത്തിനെതിരാക്കാനുള്ള ഗൂഢശ്രമത്തിനാണ് അതിനു പിന്നാലെ നാം സാക്ഷ്യം വഹിച്ചത്. മുസ്ലിം വിഭാഗത്തെ ‘അപര’രായി വര്‍ഗ്ഗീകരിക്കുന്ന പ്രവണതയ്ക്ക് ഇത് ആഴംകൂട്ടി. ഒരു സമുദായം മുഴുവന്‍ നമ്മുടെയെല്ലാം സുരക്ഷയ്ക്ക് ഭീഷണിയാണെന്ന തരത്തില്‍ അവതരിപ്പിക്കപ്പെട്ടു. വളരെക്കുറവ് പ്രതിരോധത്തോടെ, നമ്മളില്‍ ഭൂരിഭാഗവും ആ കഥ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തു.

അയോധ്യ, ലൗ ജിഹാദ്, ഭിന്നിപ്പിന്റെ മറ്റുമാതൃകകള്
ആ ഘട്ടത്തോടെ ധ്രുവീകരണത്തിന്റെ ഉറച്ച പരിസ്ഥിതി രാജ്യത്ത് രൂപപ്പെട്ടിരുന്നു. ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്ക് വിദ്വേഷം പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അതേസമയം നമ്മള് ജനങ്ങള്‍ ഈ സാഹചര്യത്തെ രാജ്യത്തെ പെരുമാറ്റചട്ടമെന്നോണം അംഗീകരിച്ചു. വാസ്തവത്തില്‍ നമ്മള് അതിനെ അനുകൂലിക്കാനും പ്രചരിപ്പിക്കാനും ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് ഓഗസ്റ്റില്‍ അയോധ്യക്ഷേത്രത്തിന്റെ ഭൂമി പൂജ നടത്തപ്പെട്ടത്. അത് കാലങ്ങളായി രണ്ട് മതവിഭാഗത്തിനിടയില്‍ നിലനിന്നിരുന്ന ഒരു തര്‍ക്കത്തിന്റെ അധികാര കൈമാറ്റത്തിന്റെ പ്രകാശനമായിരുന്നു. അയോധ്യ ക്ഷേത്രത്തിന് തറക്കല്ലിട്ടു. അനേകം പേര്‍ക്കത് ആഹ്ലാദത്തിന്റെ അവസരമായിരുന്നു. ഒരു മതസമുദായത്തിനകത്ത് ഇത് ഐക്യമുണ്ടാക്കിയപ്പോള് അതേസമയം രാജ്യത്തിന്റെ ഒട്ടാകെ ഐക്യത്തിനെതിരെയുണ്ടായ പ്രഹരമായി മാറി. അധികം വൈകാതെതന്നെ ബാബറി മസ്ജിദ് തകര്‍ത്തവര്‍ കുറ്റവിമുക്തമാക്കപ്പെടുകയുംകൂടി ചെയ്തതോടെ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്ക്ക് മാത്രം വിലകൊടുക്കുന്ന ഒരു രാജ്യത്തിലേക്ക് നാം ഒരു ചുവട് മുന്നോട്ട് വയ്ക്കുകയായിരുന്നു.
ഇതാണ് ഇന്നിലേക്കും ലൗ ജിഹാദിനെതിരായ ഇന്നത്തെ യുദ്ധത്തിലേക്കും എത്തിനില്‍ക്കുന്നത്- ഒരു മതേതര രാജ്യത്തെ വിഭജിക്കുന്നതിനും ധ്രുവീകരിക്കുന്നതിനുമുള്ള അടുത്ത പടി.
തീര്‍ച്ചായും ധ്രുവീകരണം ഇന്നലെ വന്ന ഒരു പുതിയ പ്രതിഭാസമൊന്നുമല്ല. വര്‍ഷങ്ങള്‍ക്കുമുന്‍പ് തന്നെ അതു നമുക്കിടയില്‍ നിലനിന്നിരുന്നു. 1947ലെ വിഭജനത്തിലേക്കും 1984 ലെയും 2002ലെയും കൂട്ടക്കൊലകളിലേക്കും നയിച്ചത് അതേ ധ്രുവീകരണം തന്നെയായിരുന്നു.
എന്നാല്‍ 2020 അതിന്റെ കെട്ടഴിച്ചുവിട്ടുകയായിരുന്നു- നാം വിദ്വേഷത്തിലേക്കും വിഭാഗീയതയിലേക്കും കെട്ടിവലിക്കപ്പെടുന്നത് എടുത്തുകാട്ടപ്പെട്ട വര്‍ഷം. വളരെ സൂക്ഷ്മമായും സുസ്ഥിരമായും അതു നമ്മുടെ പുതിയ സ്വാഭാവികതയായി മാറിക്കഴിഞ്ഞിരിക്കുന്നു. വിദ്വേഷം വില്ക്കുന്നവരാലും വടികളേന്തിയവരാലും നാം ചുറ്റപ്പെട്ടിരിക്കുകയാണ്.

നമ്മളോരോരുത്തരും ധ്രുവീകരിക്കപ്പെടുകയാണ്
മതന്യൂനപക്ഷങ്ങള്‍ ആസൂത്രിത നീക്കങ്ങളിലൂടെ പൈശാചികവത്കരിക്കപ്പെടുമ്പോഴോ അല്ലെങ്കില്‍ നമ്മുടെ തന്നെ സുഹൃത്തുക്കളോ കുടുംബമോ ഒരു പ്രത്യേക വിഭാഗത്തെ അവരുടെ മതസ്വത്വത്തിന്റെ പേരില്‍ ആക്രമിക്കുമ്പോഴോ ഒരു ഇമയിളക്കം കൊണ്ടുപോലും നാമതിനെ എതിര്‍ക്കുന്നില്ല എന്നുള്ളതാണ് ആശങ്കയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. കാരണം അത് നമ്മുടെ സാമൂഹിക ഘടനയുടെ തന്നെ ഭാഗമാവുകയാണ്.
നമ്മള് ആ ‘ഇതര’ വിഭാഗമെന്ന ആശയത്തെ ഒരു ശീലമാക്കിക്കൊണ്ടിരിക്കുകയാണ്. ഹിന്ദുക്കളുടേതായ ഒരു രാജ്യം ഇവിടെയുണ്ടെന്നും അവര്‍ക്കിടെ അവരുടേതിന് തുല്യമായ അവകാശങ്ങളോ സുരക്ഷയോ ഭരണകൂടത്തില്‍ നിന്ന് അര്‍ഹിക്കാത്ത ചില ഇതരരുണ്ടെന്നും നമ്മള് അംഗീകരിക്കുകയാണ്. അതുവഴി നാനാത്വത്തില്‍ ഏകത്വമെന്ന ഇന്ത്യയുടെ അടിവേരറുക്കുകയാണ്.
നമ്മള് ഒരോരുത്തരും നമ്മുടെ ഒറ്റയായ മനസ്സുകൊണ്ടും ഹൃദയം കൊണ്ടും ധ്രുവീകരിക്കപ്പെടുകയാണ്. അതുവഴി വിഭാഗീയതയുടെ ഭയപ്പെടുന്നത്തുന്ന ഉദയത്തിലേക്ക് വലിച്ചിടുകയാണ്. ഈ ധ്രുവീകരണത്തിന്റെയും ബോധപൂര്‍വ്വമുള്ള
അന്യരാക്കലിന്റെയും ഉദയത്തെ തിരിച്ചറിയുക എന്നതും അതില്‍ അവബോധമുണ്ടാക്കുക എന്നതാണ്, അതിന് ഒരവസാനം കണ്ടെത്തുക എന്നതാണ് നമുക്ക് മുന്നിലെ വെല്ലുവിളി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്തികള്‍ക്ക് അവരുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്ന അലഹബാദ് ഹൈക്കോടതി വിധിയെ ആ യാത്രയുടെ തുടക്കമായി നാം കാണണം. ഇനി ഉത്തരവാദിത്വത്തിന്റെ ഭാരം നമ്മളോരോരുത്തരുടെയും ചുമലിലാണ്. പരിഭാഷ: അനുപമ ശ്രീദേവി
ദി ക്വിന്റില് സെഹ്ര്‍ തനേജ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി