
കണ്ണൂര്‍ കതിരൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സിപിഐഎം പ്രവര്‍ത്തകന്റെ കൈപ്പത്തികള്‍ അറ്റുപോയ സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബോംബ് നിര്‍മ്മാണം നടന്ന കെട്ടിടത്തിന്റെ ഉടമയായ വിനുവാണ് പൊലീസ് പിടിയിലായത്. ഇയാള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി ഉടന്‍ റിമാന്‍ഡ് ചെയ്യും.
കതിരൂര്‍ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നത് ബോംബ് സ്ഫോടനത്തിലെന്ന് പൊലീസ് കണ്ടെത്തി. സ്ഫോടന സ്ഥലത്ത് രാത്രിയില്‍ തന്നെ തെളിവ് നശിപ്പിക്കാനുള്ള ശ്രമവും നടന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തില്‍ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട നിജേഷ് എന്ന സിപിഐഎം പ്രവര്ത്തകന് നിലവില്‍ മംഗലാപുരത്ത് ചികിത്സയില്‍ കഴിയുകയാണ്.
കതിരൂര്‍ നാലാം മൈലില്‍ ഇന്നലെ രാത്രി 10.30 ഓടെയാണ് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനം. സിമന്റ് ടാങ്കില്‍വെച്ച് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ യുവാവിന്റെ കൈപത്തി തകര്‍ന്നു. നിജേഷ് എന്ന മാരിമുത്തുവിനാണ് പരിക്കേറ്റത്. ഇയാളെ വിദഗ്ദ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി. വിഷുദിനത്തില്‍ പടക്കം പൊട്ടിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. ഉഗ്രശബ്ദത്തില്‍ സംശയം ഉയര്‍ന്നതോടെ നാട്ടുകാര്‍ അറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് തെളിവ് നശിപ്പാക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്. മഞ്ഞള്പൊടിയിട്ടതിന് ശേഷം കഴുകി വൃത്തിയാക്കാനാണ് ശ്രമം നടന്നത്. പൊലീസിന്റെ പരിശോധനയില്‍ യുവാവിന്റെ കൈപ്പത്തിയുടെയും വിരലുകളുടെയും ഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.