
ന്യൂ ഡൽഹി: 24 മണിക്കൂറിനുള്ളിൽ 3.32 ലക്ഷം കൊവിഡ് കേസുകൾ രേഖപ്പെടുത്തി രാജ്യം. എക്കാലത്തെയും ഉയർന്ന പ്രതിദിന രോഗനിരക്കാണ് ഇത്. ഇതോടെ ആകെയുള്ള രോഗികളുടെ എണ്ണം 1.63 കോടിയിലേക്കെത്തി.
2263 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതോടെ കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം രാജ്യത്ത് 1.87 ലക്ഷമായി. രാജ്യത്തെ ആശുപത്രികളിലധികവും കടുത്ത ഓക്സിജൻ ക്ഷാമം നേരിടുകയാണ്. ഓക്സിജൻ ക്ഷാമം മൂലം ഡൽഹിയിലെ ഒരാശുപത്രിയിൽ രോഗികളെ പ്രവേശിപ്പിക്കുന്നത് തന്നെ തടഞ്ഞു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.
കൊവിഡ് ഏറ്റവും ദുരിതം വിതച്ച രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളിൽ ഏറ്റവും വലിയ പ്രതിദിന വർദ്ധനവാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. 24 മണിക്കൂറിനിടെ 348 മരണങ്ങളും 24,331 പുതിയ കേസുകളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയാണ് കൊവിഡ് രോഗനിരക്കിൽ ഡൽഹിക്ക് തൊട്ടു പിന്നിൽ ഉള്ളത്.
ഈ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത കൊവിഡ് അവലോകന യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുത്തു. മെഡിക്കൽ ഓക്സിജന്റെ ആവശ്യകത വർധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യതയിൽ പ്രസ്തുത വ്യവസായമേഖല മുഴുവൻ ഉത്പാദന ശേഷിയും വിനിയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ കടുത്ത കൊവിഡ് പ്രതിസന്ധി ഭയന്ന് വിദേശരാജ്യങ്ങൾ ഇന്ത്യയുമായുള്ള യാത്രബന്ധങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്. യുഎഇ യും യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്