Top

'ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' കോണ്‍ഗ്രസില്‍ അണിയറ നീക്കം'; രമേശ് ചെന്നിത്തല ബ്രിഗേഡ് വഴിയാണ് പ്രതിഷേധം

ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, ധനസുമോദ്, സുബോധ് തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍.

23 Aug 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ കലാപത്തിന് കോണ്‍ഗ്രസില്‍ അണിയറ നീക്കം; രമേശ് ചെന്നിത്തല ബ്രിഗേഡ് വഴിയാണ് പ്രതിഷേധം
X

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ 'കലാപത്തിന്' കോണ്‍ഗ്രസില്‍ അണിയറ നീക്കം. രമേശ് ചെന്നിത്തല ബ്രിഗേഡ് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്. ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ടര്‍ ലൈവിന് ലഭിച്ചു. അന്‍വര്‍ സാദത്ത് എംഎല്‍.എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയും ഈ വാട്‌സാപ്പ് ഗ്രൂപ്പിലുണ്ട്.

പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ഗ്രൂപ്പില്‍ ആഹ്വാനമുള്ളത്. 'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം', 'ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം', 'രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം','ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം' തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.
ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, സുബോധ് തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍.'ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കന്മാരുടെ ഫാന്‍സുകാരെ എല്ലാ ജില്ലയിലും ഇളക്കിവിടണമെന്ന്' യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം എംഎ സിദ്ധീഖ് ഗ്രൂ്പ്പില്‍ പറയുന്നുണ്ട്. എഐ എന്നതിലുപരി ഉണ്ടായിരിക്കുന്ന പുതിയ ഗ്രൂപ്പുകള്‍ക്ക് എതിരെ പ്രവര്‍ത്തകരുടെ വികാരം എന്നാലോചിക്കൂവെന്നും ഇദ്ദേഹം പറയുന്നുണ്ട്.

വിഡി സതീശനും കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്താനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നേരത്തെ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടില്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു.

വിഡി സതീശനും കെ സുധാകരനും ഇന്ന് ഡെല്‍ഹിയിലേക്ക് പറക്കും


ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ കോണ്‍ഗ്രസ്. അന്തിമ പട്ടികയില്‍ ഒറ്റപ്പേരുകള്‍ മാത്രം നിശ്ചയിക്കാനാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും താല്‍പ്പര്യം. പട്ടിക സംബന്ധിച്ച് അവസാനഘട്ട ചര്‍ച്ചയ്ക്കായി ഇരുവരും ഇന്ന് തിരുവനന്തപുരത്ത് കൂടിയാലോചന നടത്തും. ഇതിന് ശേഷം ഡെല്‍ഹിക്ക് തിരിക്കാനാണ് നേതാക്കളുടെ തീരുമാനം.

നിലവില്‍ പുറത്തുവന്നിട്ടുള്ള സൂചനാ പട്ടികകളില്‍ ചില ജില്ലകളില്‍ നിന്ന് ഒന്നിലധികം പേരെ പരിഗണിക്കുന്നുണ്ട്. ഇത് ഒഴിവാക്കി ഒറ്റപ്പേരിലേക്ക് ചുരുക്കാനാണ് നേതാക്കള്‍ക്ക് താല്‍പ്പര്യം. ഇതില്‍ കെ. സുധാകരന്റെ തീരുമാനം നിര്‍ണായകമായിരിക്കും. സാമൂദായിക സമവാക്യങ്ങള്‍ കൂടെ പരിഗണിച്ചാവും ലിസ്റ്റ് നിര്‍മ്മിക്കുക. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി അധ്യക്ഷന്റെയും തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. നേരത്തെ സുധാകരന്റെ ബന്ധു ഡിസിസി അന്തിമ പട്ടിക പുറത്തുവിട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

കെ സുധാകരന്റെ സഹോദരി പുത്രന്‍ അജിത്ത്. സുധാകരനുമായി അടുത്ത ബന്ധമുള്ള നേതാക്കള്‍ അംഗങ്ങളായ കെ എസ് ബ്രിഗേഡെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് പട്ടിക ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് പ്രത്യക്ഷപ്പെട്ടതെന്നാണ് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുറത്തുവന്ന പട്ടിക ഇങ്ങനെ: തിരുവനന്തപുരം: ജി.എസ്.ബാബു, ആലപ്പുഴ: ബാബുപ്രസാദ്, കോട്ടയം: സുരേഷ്, ഇടുക്കി: സിപി മാത്യു, വയനാട്: കെ.കെ എബ്രഹാം, കാസര്‍കോട്: ഖാദര്‍ മങ്ങാട്, തൃശൂര്‍: ജോസ്, പത്തനംതിട്ട: സതീഷ്, മലപ്പുറം: വി.എസ്. ജോയ്, കോഴിക്കോട്: പ്രവീണ്‍ കുമാര്‍, എറണാകുളം: ഷിയാസ്, കണ്ണൂര്‍: മാര്‍ട്ടിന്‍ ജോര്‍ജ്, പാലക്കാട്: തങ്കപ്പന്‍, കൊല്ലം: തീരുമാനമായില്ല. ഇതാണ് ഡിസിസി പ്രസിഡന്റ് ഫൈനല്‍ ലിസ്റ്റ് എന്ന പേരില്‍ ഗ്രൂപ്പില്‍ വന്നത്.

എന്നാല്‍ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട പട്ടിക എഐസിസിയുടെ പരിഗണനയിലാണെന്നും അത് അന്തിമമായി പ്രസിദ്ധീകരിക്കുന്നത് വരെ ഒരുവിധത്തിലും പുറത്തുവരില്ലെന്നും സുധാകരന്‍ പറഞ്ഞു.

Next Story