Top

കൊവിഡ് 19 നിയന്ത്രണ നടപടികൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കുന്നത് തുടരേണ്ടത് രോഗ വ്യാപനം തടയാൻ പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു.

28 May 2021 12:17 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊവിഡ് 19 നിയന്ത്രണ നടപടികൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
X

ന്യൂ ഡൽഹി : രാജ്യത്ത് കൊവിഡ് രോഗനിരക്കിൽ ഇടിവ് കാണിക്കുമ്പോഴും നിയന്ത്രണ നടപടികൾ ജൂൺ 30 വരെ നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദിനം പ്രതിയുള്ള കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, നിലവിലുള്ള രോഗനിരക്ക് ഇപ്പോഴും വളരെ ഉയർന്നതാണെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. നിയന്ത്രണ നടപടികൾ കർശനമായി നടപ്പാക്കുന്നത് തുടരേണ്ടത് രോഗ വ്യാപനം തടയാൻ പ്രധാനമാണെന്നും മന്ത്രാലയം അറിയിച്ചു.

‘പുതിയ രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും, സജീവമായ കേസുകളുടെ എണ്ണം ഇപ്പോഴും വളരെ ഉയർന്നതാണെന്ന് ഞാൻ എടുത്തുപറയാൻ ആഗ്രഹിക്കുന്നു. അതിനാൽ, നിയന്ത്രണ നടപടികൾ കർശനമായി തുടരേണ്ടതാണ്. സംസ്ഥാനങ്ങളോ, കേന്ദ്ര ഭരണ പ്രദേശങ്ങളോ നിയന്ത്രണങ്ങളിൽ ആവശ്യപ്പെടുന്ന ഇളവ് അതാതു സ്ഥലങ്ങളിലെ പ്രാദേശിക സാഹചര്യങ്ങൾ, ആവശ്യകതകൾ എന്നിവ വിലയിരുത്തിയ ശേഷം പരിഗണിക്കുന്നതായിരിക്കും,’ ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

ഏപ്രിൽ 29 നാണ് രാജ്യമൊട്ടാകെ കൊവിഡ് 19 നിയന്ത്രണങ്ങൾ ആരംഭിച്ചത്. കൊവിഡ് നിയന്ത്രണങ്ങളും മറ്റ് നടപടികളും കർശനമായി നടപ്പാക്കിയത് കൊണ്ടാണ് പുതിയ രോഗികളുടെ എണ്ണം കുറയുന്നതെന്നാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിക്കുന്നത്. തെക്ക് -വടക്കുകിഴക്കൻ മേഖലകളിലെ ചില പ്രദേശങ്ങൾ ഒഴികെ മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉടനീളവും രോഗവ്യാപനത്തെ നിയന്ത്രണത്തിലാക്കാൻ സാധിച്ചു എന്നും ഉത്തരവിൽ പറയുന്നു.

Next Story