Top

ഉള്ളിത്തര്‍ക്കം; കടലില്‍ കായം കലക്കുന്ന പ്രഹസനമെന്ന് ബല്‍റാം; വിഡ്ഢിത്തം വിളമ്പാതെയെന്ന് തോമസ് ഐസക്ക്

വിടി ബല്‍റാം എംഎല്‍എയുടെ പേരെടുത്തുപറയാതെയായിരുന്നു തോമസ് ഐസക്കിന്റെ മറുപടി പോസ്റ്റ്.

23 Oct 2020 9:52 PM GMT

ഉള്ളിത്തര്‍ക്കം; കടലില്‍ കായം കലക്കുന്ന പ്രഹസനമെന്ന് ബല്‍റാം; വിഡ്ഢിത്തം വിളമ്പാതെയെന്ന് തോമസ് ഐസക്ക്
X

ഉയരുന്ന സവാളവില പിടിച്ചുനിര്‍ത്താനുള്ള സംസ്ഥാന സര്‍ക്കാര്‍ നടപടികളെച്ചൊല്ലി ഫേസ്ബുക്കില്‍ ധനമന്ത്രി ടിഎം തോമസ് ഐസക്കും തൃത്താല എംഎല്‍എ വിടിബല്‍റാമും തമ്മില്‍ തര്‍ക്കം. 25000 ടണ്‍ ഉള്ളി ആവശ്യമുള്ളിടത്ത് സര്‍ക്കാര്‍ എത്തിക്കുന്നത് 75 ടണ്‍ മാത്രമാണെന്ന് ബല്‍റാം ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചപ്പോള്‍ വിഡ്ഢിത്തം വിളമ്പാതിരിക്കൂ എന്നായിരുന്നു ഫേസ്ബുക്കിലൂടെത്തന്നെ തോമസ് ഐസക്കിന്റെ മറുപടി. 75 ടണ്‍ ഉള്ളി മാത്രമേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തേക്കുനീക്കുമെന്നും വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താനാകുമെന്നും ധനമന്ത്രി വിശദീകരിക്കുമ്പോള്‍ മാര്‍ക്കറ്റ് ഡിമാന്റിന്റെ പോയിന്റ് മൂന്ന് ശതമാനം മാത്രമേ ഈ അളവ് ആകുന്നുള്ളൂവെന്ന് ബല്‍റാം പറഞ്ഞു. സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടുള്ള ബല്‍റാമിന്റെ പോസ്റ്റും ധനമന്ത്രിയുടെ മറുപടി പോസ്റ്റും ഫേസ്ബുക്കില്‍ വൈറലാകുകയാണ്. വിടി ബല്‍റാം എംഎല്‍എയുടെ പേരെടുത്തുപറയാതെയായിരുന്നു തോമസ് ഐസക്കിന്റെ മറുപടി പോസ്റ്റ്.

ഡിമാന്റിനും ഒരുപാട് താഴെ ഉള്ളിയെത്തിക്കുന്നതിന് വ്യാപക പ്രചരണം ലഭിക്കുമ്പോള്‍ അതിന്റെ സത്യാവസ്ഥ ജനങ്ങള്‍ മനസിലാക്കണമെന്ന് സൂചിപ്പിച്ചുകൊണ്ടാണ് വിടി ബല്‍റാം പോസ്റ്റിട്ടത്. കടലില്‍ കായം കലക്കുന്ന പ്രഹസനമാണ് സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബല്‍റാം പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ ബല്‍റാമിന് മറുപടിയുമായി തോമസ് ഐസക്കെത്തി. 75 ടണ്‍ സവാള മാത്രം കൊണ്ട് ഇറക്കുമതി നിര്‍ത്തുമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഇത് എങ്ങനെ വിലക്കയറ്റത്തെ നിയന്ത്രിക്കുമെന്ന് ബിഎ സാമ്പത്തികശാസ്ത്ര വിദ്യാര്‍ഥികളോട് ചോദിച്ചുമനസിലാക്കണമെന്നും തോമസ് ഐസക്ക് പരിഹസിച്ചു.

https://www.facebook.com/vtbalram/posts/10158059494694139?__cft__[0]=AZWicjMA50_wkYoEcM4G_3AKu2RsPwDA5C189foE8w8BLSR8UzGp7VJotroRMR7ugfBKck8YJEJKunMqFh02RvJs3TOdlh0GDxqqelQVeO27eXIAWXBoKUMr2-47aHk11Dk&__tn__=%2CO%2CP-R

വിടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

സവാളയുടെ രൂക്ഷമായ വിലക്കയറ്റം തടയാനുള്ള ഒരു സംസ്ഥാന സർക്കാരിൻ്റെ നടപടിയാണിത്! മാധ്യമങ്ങളിലൂടെ മന്ത്രി അഭിമാനപൂർവ്വം പ്രസ്താവിക്കുന്ന ഗംഭീര മാർക്കറ്റ് ഇൻ്റർവെൻഷൻ.ചില കണക്കുകൾ കേൾക്കുമ്പോൾ ഒറ്റയടിക്ക് കണ്ണ് തള്ളിയേക്കാം. എന്നാൽ വിഷയത്തിൻ്റെ വ്യാപ്തിയും ഗൗരവ സ്വഭാവവും കൂടി മനസ്സിൽ വച്ച് വേണം ഈ കണക്കുകളെ പരിശോധിക്കാൻ. ഇവിടെ സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ സർക്കാർ കൊണ്ടുവരുന്ന 75 ടൺ ഉള്ളി എന്നു പറഞ്ഞാൽ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തിൽ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാർഡുകളുള്ളതിൽ ഒരു വാർഡിലേക്ക് ശരാശരി 3 കിലോ ഉള്ളി !!ഒരു വാർഡിലുള്ളത് ഏതാണ്ട് 1500-2000 ജനസംഖ്യയാണ്. 500-600 വീടുകൾ മിനിമം ഉണ്ടാവും. ചെറിയ ഒരു കുടുംബത്തിലേക്ക് ഒരു കിലോ ഉള്ളി വാങ്ങിയാൽ നാലോ അഞ്ചോ ദിവസത്തേക്ക്, പരമാവധി ഒരാഴ്ചത്തേക്ക് ഉണ്ടാകും. ഹോട്ടലുകളുടേയും മറ്റും ആവശ്യം വേറെ.അതായത് ഒരു ആഴ്ചയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് വാർഡിന് തന്നെ ഏതാണ്ട് ഒരു ടൺ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താൽ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടൺ വേണം. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്! അതായത് മാർക്കറ്റ് ഡിമാൻഡിൻ്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യിൽ.മന്ത്രിമാരെപ്പോലെ വലിയ ആളുകളുടെ അവകാശവാദങ്ങൾ മാധ്യമങ്ങൾ വാർത്തയായി നൽകുമ്പോൾ അവരിലർപ്പിച്ചിരിക്കുന്ന ഉത്തരവാദിത്തത്തിൻ്റെ സ്കെയിൽ കൂടി ഒന്നു പരിശോധിക്കാൻ ദയവായി തയ്യാറാവണം. ഒരു പഞ്ചായത്ത് പ്രസിഡണ്ട് സ്വന്തം പഞ്ചായത്തിലേക്ക് ഈ സാഹചര്യത്തിൽ 75 ടൺ ഉള്ളി കൊണ്ടുവന്ന് വിലകുറച്ച് വിൽക്കാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതൊരു വലിയ ഇടപെടലാണ്. (ഇത് പഞ്ചായത്തിൻ്റേയോ പ്രാദേശിക ജനപ്രതിനിധികളുടേയോ തലത്തിൽ പരിഹരിക്കാവുന്ന പ്രശ്നമല്ല എന്നത് വേറെ കാര്യം). എന്നാൽ സംസ്ഥാനം ഭരിക്കുന്ന ഒരു സർക്കാരിന് ഇത്ര മാത്രമാണ് ചെയ്യാൻ കഴിയുന്നത് എങ്കിൽ അത് ഒരു ഇടപെടലേ അല്ല, കടലിൽ കായം കലക്കുന്ന പ്രഹസനം മാത്രമാണ്.

പോസ്റ്റിന് തോമസ് ഐസക്കിന്റെ മറുപടി ഇങ്ങനെ:

സവാള വിലക്കയറ്റം തടയാൻ 75 ടൺ സവാള നാഫെഡ് വഴി വാങ്ങി ന്യായവിലയ്ക്ക് വിൽക്കുന്നൂവെന്ന് കൃഷി മന്ത്രിയും പൊതുവിതരണ വകുപ്പ് മന്ത്രിയും പറഞ്ഞതിനെ ചിലർ കളിയാക്കുന്നത് വായിച്ചു.75 ടൺ സവാള എന്നു പറഞ്ഞാൽ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാർഡിന് ചുരുങ്ങിയത് ഒരു ടൺ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാൽ ഒരാഴ്ചത്തേയ്ക്ക് 25000 ടൺ. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സർക്കാർ വിലക്കയറ്റം പിടിച്ചു നിർത്താൻ വരുന്നത്. അതായത് മാർക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യിൽ. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.ബിഎയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാർത്ഥിയോട് ചോദിച്ചാൽ മേൽപ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവർ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാർജിനൽ ഡിമാന്റും മാർജിനൽ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കർവിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടൺ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങൽ നിർത്തുമെന്ന്?കേരളത്തിലെ മുഴുവൻ ആളുകൾക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂവെന്നൊക്കെയുള്ള പമ്പരവിഡ്ഢിത്തം വിളമ്പല്ലേ. ഇന്ത്യയിൽ ഭക്ഷ്യവിലക്കയറ്റം രൂക്ഷമാണ്. 7 – 10 ശതമാനം വീതം ചില്ലറ ഭക്ഷ്യവില ഉയരുന്നുണ്ട്. പക്ഷെ, കേരളത്തിൽ എന്തുകൊണ്ട് ഈ കഴിഞ്ഞ 5 വർഷക്കാലത്തിനിടയിൽ ഒരിക്കൽപ്പോലും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തരപ്രമേയംപോലും അവതരിപ്പിക്കാൻ കഴിയാതെ പോയി എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന്റെ മുഖ്യകാരണം ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലാണ്. കേരളത്തിലുള്ള മുഴുവൻ ആളുകൾക്കും ആവശ്യമായ ഭക്ഷ്യോൽപ്പന്നങ്ങൾ സിവിൽ സപ്ലൈസ് വാങ്ങിക്കൊടുത്തതു കൊണ്ടല്ലല്ലോ. കമ്പോള ഇടപെടൽ എന്നു പറഞ്ഞാൽ നാട്ടിൽ ആവശ്യമുള്ള മുഴുവൻ ഭക്ഷ്യസാധനങ്ങളും സർക്കാർ നേരിട്ടു വാങ്ങി നൽകൽ അല്ല. വില താഴ്ത്താൻ മാർജിനിലുള്ള ഇടപെടലാണ്.തൊഴിലും വരുമാനവും ഒന്നും ഇല്ലാത്ത ഇക്കാലത്ത് വിലക്കയറ്റംകൂടി ഉണ്ടായാലുള്ള സ്ഥിതി എന്താണ്? അതുകൊണ്ടാണ് പണത്തിനു വലിയ ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ മാസവും എല്ലാവർക്കും കിറ്റ് നൽകാൻ 100 ഇന പരിപാടിയുടെ ഭാഗമായി തീരുമാനിച്ചത്. സെപ്തംബർ മാസത്തെ കിറ്റ് വിതരണം പൂർത്തിയായി. ഒക്ടോബറിലെ വിതരണം 26 മുതൽ ആരംഭിക്കും. ഒരു പരാതി എവിടെ നിന്നെങ്കിലും ഉണ്ടായോ? ഇതിന് ജനങ്ങൾ നൽകുന്ന വലിയ അംഗീകാരം മനസ്സിലാക്കിയാണ് ഓണക്കാലത്ത് ചില പോരായ്മകൾ പർവ്വതീകരിച്ച് ഈ ഇടപെടലിനെയാകെ താറടിക്കാൻ ചിലർ ശ്രമിച്ചത്. സെപ്തംബർ മാസത്തിൽ ഇതിനുള്ള ഒരവസരവും സൃഷ്ടിച്ചില്ല. എങ്ങനെ? ടെണ്ടറിൽ മാനുഫാക്ച്ചറേഴ്സിനെ മാത്രമേ പങ്കെടുക്കാൻ അനുവാദം നൽകിയുള്ളൂ. ഡീലേഴ്സിനെ എല്ലാം ഒഴിവാക്കി. അതോടൊപ്പം പയർ തുടങ്ങി സംസ്കരണം ആവശ്യമില്ലാത്ത ഉൽപ്പന്നങ്ങളാവട്ടെ നാഫെഡ് വഴി അഖിലേന്ത്യാടിസ്ഥാനത്തിൽ ടെണ്ടർ വിളിച്ചാണ് വാങ്ങിയത്. ഇത്തവണ ചെറുപയർ വാങ്ങിയത് രാജസ്ഥാനിൽ നിന്നാണ്. ഇതുപോലെ ഓരോ ഉൽപ്പന്നവും.സവാള വാങ്ങിയതും നാഫെഡ് വഴിയാണ്. ഇപ്പോൾ 75 ടൺ എത്തി. വില താഴ്ത്താൻ എത്ര വേണമോ അത് ഇനിയും ഇറക്കുമതി ചെയ്യും. ആഴ്ചതോറും 25000 ടൺ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തിൽ നിന്നും പഠിച്ചോളൂ.

https://www.facebook.com/thomasisaaq/posts/4049236071759170?__cft__[0]=AZV6MmdkRevalEshhu65aOrm-Buq0YxfHubju4bETlgBngV4l7JjbxGjijdzfxmpPhPRheptgMnIEokes6xSPb24iYll-auSA7pTHvJJmc6nHNX2IikCXW5UgNkk-ww2GuNL1TFigelXkFSR4nXgjJhp&__tn__=%2CO%2CP-R
Next Story