Top

ആരാധകരെ ത്രസിപ്പിച്ച അഞ്ചുഗോള്‍ ത്രില്ലറിനൊടുവില്‍ ഹോളണ്ട്; തോറ്റിട്ടും കൈയടി നേടി യുക്രെയ്ന്‍

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച ത്രില്ലറുകള്‍ക്കൊടുവില്‍ ഓറഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ ജയം. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനാകാതെ പോയതിനു ശേഷം തിരിച്ചുവരിവിന്റെ പാതയിലുള്ള ഹോളണ്ടിനായി ജോര്‍ജിനിയോ വെനാള്‍ഡം, വൗട്ട് വെഗ്‌ഹോഴ്‌സ്റ്റ്, ഡെന്‍സെല്‍ ഡംഫ്രൈസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. മുന്‍ സൂപ്പര്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രെയ്‌നു വേണ്ടി ആന്ദ്രെ യാര്‍മൊലെങ്കോ, റോമന്‍ യാരെംചുക് എന്നിവരാണ് സ്‌കോറുകള്‍ ചെയ്തത്. […]

13 Jun 2021 9:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരാധകരെ ത്രസിപ്പിച്ച അഞ്ചുഗോള്‍ ത്രില്ലറിനൊടുവില്‍ ഹോളണ്ട്; തോറ്റിട്ടും കൈയടി നേടി യുക്രെയ്ന്‍
X

യൂറോ കപ്പ് ഫുട്‌ബോളില്‍ ഇതുവരെ നടന്നതില്‍ ഏറ്റവും മികച്ച ത്രില്ലറുകള്‍ക്കൊടുവില്‍ ഓറഞ്ച് പടയ്ക്ക് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡിയിലെ രണ്ടാം മത്സരത്തില്‍ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഹോളണ്ടിന്റെ ജയം.

കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോളിന് യോഗ്യത നേടാനാകാതെ പോയതിനു ശേഷം തിരിച്ചുവരിവിന്റെ പാതയിലുള്ള ഹോളണ്ടിനായി ജോര്‍ജിനിയോ വെനാള്‍ഡം, വൗട്ട് വെഗ്‌ഹോഴ്‌സ്റ്റ്, ഡെന്‍സെല്‍ ഡംഫ്രൈസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. മുന്‍ സൂപ്പര്‍ താരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രെയ്‌നു വേണ്ടി ആന്ദ്രെ യാര്‍മൊലെങ്കോ, റോമന്‍ യാരെംചുക് എന്നിവരാണ് സ്‌കോറുകള്‍ ചെയ്തത്.

തീപാറുന്ന മത്സരത്തിനായിരുന്നു ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാം സാക്ഷ്യം വഹിച്ചത്. ആദ്യ മിനിറ്റുമുതല്‍ ഇരുബോക്‌സുകളിലേക്കും പന്ത് യഥേഷ്ടം കയറിയിറങ്ങിയതോടെ ഗാലറി ത്രസിച്ചു. മികച്ച ആക്രമണങ്ങളുമായി ഹോളണ്ട് കളംനിറഞ്ഞപ്പോള്‍ ചടുലതയാര്‍ന്ന പ്രത്യാക്രമണങ്ങളായിരുന്നു യുക്രെയ്‌ന്റെ മുഖമുദ്ര.

ആദ്യപകുതിയില്‍ തന്നെ ഇരുകൂട്ടരും നിരവധി അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ആര്‍ക്കും ലീഡ് നേടിയെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രണ്ടാം പകുതിയില്‍ വെനാള്‍ഡമാണ് സമനിലപ്പൂട്ട് പൊളിച്ചത്. യുക്രയ്ന്‍ പ്രതിരോധ നിരയുടെ പിഴവില്‍ നിന്നായിരുന്നു സ്‌കോറിങ്. ഡംഫ്രൈസ് നടത്തിയ മുന്നേറ്റം ക്ലിയര്‍ ചെയ്യാന്‍ യുക്രെയ്ന്‍ താരം ബുഷാന്‍ നടത്തിയ ശ്രമത്തിനൊടുവില്‍ വെനാള്‍ഡത്തിന്റെ കാലില്‍ പന്തെത്തുകയായിരുന്നു. അവസരം പാഴാക്കാതെ ഡച്ച് താരം വലകുലുക്കുകയും ചെയ്തു.

ലീഡ് നേടിയതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ഹോളണ്ട് വീണ്ടും കനത്ത ആക്രമണം അഴിച്ചുവിട്ടു. ആറു മിനിറ്റിനകം അവര്‍ ലീഡ് ഉയര്‍ത്തുകയും ചെയ്തു. യുക്രെയ്ന്‍ പ്രതിരോധം അലസമായി കൈവിട്ട് പന്ത് ഒരു ഹാഫ് വോളിയിലൂടെ വെഗ്‌ഹോഴ്‌സ്റ്റാണ് വലയിലെത്തിച്ചത്. ഞൊടിയിടയില്‍ രണ്ടു ഗോളുകള്‍ക്ക് പിന്നിലായതോടെ അപകടം മണത്ത യുക്രെയ്ന്‍ തിരിച്ചടിക്കാനുള്ള മൂഡിലേക്ക് മാറിയത് വളരെപ്പെട്ടന്നാണ്. ഹോളണ്ട് ആക്രമണങ്ങളില്‍ തളരാതെ പ്രത്യാക്രമണം നടത്തിയ അവര്‍ 75-ാം മിനിറ്റില്‍ യാര്‍മൊലെങ്കോയുടെ തകര്‍പ്പന്‍ ഷോട്ടിലൂടെ ഒരു ഗോള്‍ മടക്കി.

യാരെംചുക്കായിരുന്നു അസിസ്റ്റ് നല്‍കിയത്. നാലു മിനിറ്റിനു ശേഷം സ്‌കോറിങ് ചുമതല സ്വയമേറ്റെടുത്ത യാരെംചുക് മലിനോവ്‌സ്‌കിയുടെ പാസില്‍ നിന്ന് സമനില ഗോളുകം കണ്ടെത്തി. എന്നാല്‍ എതിരാളികളുടെ പ്രത്യാക്രമണത്തിനു മുന്നില്‍ ഹോളണ്ട് ചൂളിയില്ല. അല്‍പംപോലും പ്രതിരോധത്തിലേക്ക് ഉള്‍വലിയാതെ ആക്രമിച്ചു കളിച്ച അവര്‍ 85-ാം മിനിറ്റില്‍ വിജയഗോള്‍ നേടി. ഡെംഫ്രൈസായിരുന്നു സ്‌കോറര്‍. ശേഷിച്ച മിനിറ്റുകളിലും ഇരു ടീമുകളും ആക്രമണമഴിച്ചുവിട്ടെങ്കിലും ഒരിക്കല്‍ക്കൂടി വലകുലുങ്ങിയില്ല.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ വടക്കന്‍ മസെഡോണിയയെ തോല്‍പിച്ച് ഓസ്ട്രിയയും മികച്ച തുടക്കം കുറിച്ചു. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഓസ്ട്രിയയുടെ ജയം.

Next Story

Popular Stories