Top

മസെഡോണിയയെ മടുപ്പിച്ച് ഓറഞ്ച് വസന്തം; യുക്രെയ്‌നെ അട്ടിമറിച്ച് ഓസ്ട്രിയ

യുറോ കപ്പ് ഫുട്‌ബോളില്‍ കന്നിക്കാരായ വടക്കന്‍ മസെഡോണിയയുടെ വിവശതയയ്ക്കു മേല്‍ എണ്ണം പറഞ്ഞ …. ഗോളുകള്‍ അടിച്ചു കയറ്റി ഓറഞ്ച് പട പ്രീക്വാര്‍ട്ടറിലേക്ക്. ഇന്നു നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കിയ പ്രകടനത്തിനൊടുവില്‍ എതിരില്ലാതെയായിരുന്നു ഹോളണ്ടിന്റെ ജയം. കഴിഞ്ഞ റഷ്യ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ കോട്ടം തീര്‍ക്കാനെന്നോണം യൂറോയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന അവര്‍ തുടരെ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയില്ല. ഇരട്ടഗോളുകള്‍ നേടിയ ജോര്‍ജിന്യോ വെനാല്‍ഡവും ഒരു ഗോളും ഒരസിസ്റ്റുമായി തിളങ്ങിയ മെംഫിസ് ഡി […]

21 Jun 2021 12:44 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മസെഡോണിയയെ മടുപ്പിച്ച് ഓറഞ്ച് വസന്തം; യുക്രെയ്‌നെ അട്ടിമറിച്ച് ഓസ്ട്രിയ
X

യുറോ കപ്പ് ഫുട്‌ബോളില്‍ കന്നിക്കാരായ വടക്കന്‍ മസെഡോണിയയുടെ വിവശതയയ്ക്കു മേല്‍ എണ്ണം പറഞ്ഞ …. ഗോളുകള്‍ അടിച്ചു കയറ്റി ഓറഞ്ച് പട പ്രീക്വാര്‍ട്ടറിലേക്ക്. ഇന്നു നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ എതിരാളികളെ നിഷ്പ്രഭമാക്കിയ പ്രകടനത്തിനൊടുവില്‍ എതിരില്ലാതെയായിരുന്നു ഹോളണ്ടിന്റെ ജയം.

കഴിഞ്ഞ റഷ്യ ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിന്റെ കോട്ടം തീര്‍ക്കാനെന്നോണം യൂറോയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന അവര്‍ തുടരെ മൂന്നാം മത്സരത്തിലും നിരാശപ്പെടുത്തിയില്ല. ഇരട്ടഗോളുകള്‍ നേടിയ ജോര്‍ജിന്യോ വെനാല്‍ഡവും ഒരു ഗോളും ഒരസിസ്റ്റുമായി തിളങ്ങിയ മെംഫിസ് ഡി പെയുമാണ് അവരുടെ വിജയശില്‍പികള്‍.

മറുവശത്ത് യൂഗോസ്ലോവിയയില്‍ നിന്നു പിരിഞ്ഞ ശേഷം ഇതാദ്യമായി യൂറോപ്പിന്റെ കാല്‍പ്പന്ത് കളിക്കിറങ്ങിയ മസെഡോണിയക്കാര്‍ക്ക് തൊട്ടതിതെല്ലാം നിര്‍ഭാഗ്യത്തിന്റെ കരിപുരണ്ടു. സാക്ഷാല്‍ യൊഹാന്‍ ക്രൈഫിന്റെ പിന്മുറക്കാരുടെ വലയിലേക്ക് രണ്ടു തവണ പന്തടിച്ചു കയറ്റിയിട്ടും ലൈന്‍ റഫറിയുടെ തീരുമാനങ്ങള്‍ നിരാശ പകര്‍ന്നു.

മത്സരത്തില്‍ ആദ്യന്തം ആക്രമണഫുട്‌ബോള്‍ പുറത്തെടുത്ത ഹോളണ്ടിന് ഞെട്ടല്‍ സമ്മാനിച്ചായിരുന്നു മസെഡോണിയക്കാരുടെ തുടക്കം. 10-ാം മിനിറ്റില്‍ തന്നെ പേരുകേട്ട ഡച്ച് കോട്ട തകര്‍ത്ത് അവര്‍ വലകുലുക്കി. പക്ഷേ നായകനും ഏറ്റവും മുതിര്‍ന്ന താരവുമായ ഗോരന്‍ പാണ്ഡെവ് ഷോട്ടിതുര്‍ക്കും മുമ്പ് നേരിയ വ്യത്യാസത്തില്‍ ഓഫ്‌സൈഡില്‍ കുരുങ്ങി.

പിന്നീട് ഹോളണ്ടിന്റെ ഊഴമായിരുന്നു. ആക്രമിച്ചു കയറിയ അവര്‍ ആദ്യ 20 മിനിറ്റിനുള്ളില്‍ തന്നെ മൂന്നുഗോള്‍ ലീഡ് എങ്കിലും നേടേണ്ടതായിരുന്നു. രണ്ടുതവണ ഗോള്‍പോസ്റ്റ് തടസം നിന്നപ്പോള്‍ ഒഴിഞ്ഞ ഗോള്‍മുഖത്ത് ഒരുതവണ അവരുടെ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം പിഴച്ചു.

പിന്നീട് 24-ാം മിനിറ്റിലാണ് അവര്‍ ലീഡ് നേടിയത്. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ഡൊനീല്‍ മാലെന്‍ നല്‍കിയ പാസ് ബോക്‌സിനുള്ളില്‍ നിന്ന് വഴിതിരിച്ചുവിടേണ്ട കാര്യമേ ജഡി പേയ്ക്കുണ്ടായുള്ളു.

തുടര്‍ന്നും ആക്രമണം തന്നെ ആയുധമാക്കിയ അവര്‍ക്ക് പിഴച്ചുപോയ ലക്ഷ്യങ്ങള്‍ കാരണം ഒരൊറ്റഗോള്‍ ലീഡില്‍ പിരിയേണ്ടി വന്നു. രണ്ടാം പകുതി പക്ഷേ അതിന് പ്രായശ്ചിത്തം ചെയ്യും പോലെയാണ് ഡച്ചുകാര്‍ കളിച്ചത്.

അഞ്ചു മിനിറ്റിന്റെ ഇടവേളയില്‍ മസെഡോണിയയെ രണ്ടു തവണ നടുക്കിയ അവര്‍ മത്സരത്തിന്റെ വിധിയെഴുതി. 54-ാം മിനിറ്റില്‍ ഡി പെയുടെ പാസില്‍ നിന്നും 59-ാം മിനിറ്റില്‍ മലെന്റെ പാസില്‍ നിന്നും വെനാള്‍ഡമാണ് ഉറച്ച മൂന്നു പോയിന്റുകളും പ്രീക്വാര്‍ട്ടര്‍ ബര്‍ത്തും ഉറപ്പിച്ചത്.

തുടര്‍ന്നും ആക്രമിച്ചു കളിച്ച ഹോളണ്ടിനെ ഗോളടിക്കാന്‍ വിടാതെ പിടിച്ചുകെട്ടിയ മസെഡോണിയ കിട്ടിയ അവസരത്തില്‍ തിരിച്ചടിക്കാനും ശ്രമിച്ചു. 73-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അവര്‍ ഡച്ച് വലയില്‍ പന്തെത്തിച്ചെങ്കിലും റഫറി നിഷേധിച്ചു.

അതേസമയം മറ്റൊരു മത്സരത്തില്‍ കരുത്തരായ യുക്രെയ്‌നെ അട്ടിമറിച്ചു സി ഗ്രൂപ്പില്‍ നിന്ന് ഓസ്ട്രിയ നോക്കൗട്ട് ഉറപ്പാക്കി. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഓസ്ട്രിയയുടെ ജയം. ഇതിഹാസ താരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിച്ച യുക്രെയ്‌നെ 21-ാം മിനിറ്റില്‍ ക്രിസ്റ്റഫ് ബൗമാര്‍ഗ്നറ്റര്‍ നേടിയ ഗോളിലാണ് ഓസ്ട്രിയ വീഴ്ത്തിയത്.

ഇതോടെ മൂന്നു മത്സരങ്ങളില്‍ നിന്ന് ഒമ്പതു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി ഹോളണ്ടും ആറു പോയിന്റോടെ ഓസ്ട്രിയയും അവസാന 16-ല്‍ ഇടംപിടിച്ചപ്പോള്‍ നോക്കൗട്ടിനായി ഭാഗ്യംപരീക്ഷിച്ചിരിക്കേണ്ട ഗതികേടിലായി യുക്രെയ്ന്‍.

Next Story

Popular Stories