Top

യുപിക്ക് പിന്നാലെ തൃപുരയും; ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനാവശ്യപ്പെട്ട് തീവ്ര ഹിന്ദു വലതുപക്ഷം തെരുവില്‍

മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിയമംവേണമെന്ന ആവശ്യം തൃപുരയില്‍ ശക്തിയാര്‍ജിക്കുകയാണ്.

29 Nov 2020 12:33 AM GMT

യുപിക്ക് പിന്നാലെ തൃപുരയും; ലൗ ജിഹാദിനെതിരെ നിയമം കൊണ്ടുവരാനാവശ്യപ്പെട്ട് തീവ്ര ഹിന്ദു വലതുപക്ഷം തെരുവില്‍
X

വിവാഹത്തിനായുള്ള മതപരിവര്‍ത്തനം തടയാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയതിന് തൊട്ടുപിന്നാലെ തൃപുരയിലും സമാനമായ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആ സംസ്ഥാനത്തെ തീവ്ര ഹിന്ദുവലതുപക്ഷ അനുഭാവികള്‍ തെരുവില്‍ പ്രക്ഷോഭത്തില്‍. സംസ്ഥാനത്ത് ലൗ ജിഹാദ് പ്രവണത വര്‍ധിച്ചുവരികയാണെന്നും ഇത് തടയാന്‍ അടിയന്തിരമായി നിയമനിര്‍മ്മാണം നടത്തണമെന്നും ആവശ്യമുന്നയിച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. മതംമാറ്റം നിയമവിരുദ്ധവും ജാമ്യമില്ലാത്ത കുറ്റവുമാണെന്ന് വ്യവസ്ഥ ചെയ്യുന്ന നിര്‍ബന്ധിത മതംമാറ്റനിരോധനത്തിനുള്ള ഓര്‍ഡിനന്‍സിന് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനത്ത് ശക്തമായ നിയമംവേണമെന്ന ആവശ്യം തൃപുരയില്‍ ശക്തിയാര്‍ജിക്കുകയാണ്.


നിര്‍ബന്ധ മതപരിപര്‍ത്തനത്തിന് പ്രേരിപ്പിക്കുകയും വിവാഹം കഴിക്കാന്‍ മതംമാറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നവര്‍ക്കുനേരെ സംസ്ഥാനത്തെ നിയമപാലകര്‍ കണ്ണടയ്ക്കുകയാണെന്ന് തൃപുരയിലെ പ്രതിഷേധക്കാര്‍ ആരോപിക്കുന്നു. നിരവധി ലൗ ജിഹാദ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് ഇവരുടെ വാദം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെപ്പോലും നിര്‍ബന്ധിതമതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നതായി ഇവര്‍ ആരോപിക്കുന്നു.

മതംമാറ്റം നിയമവിരുദ്ധവും ജാമ്യമില്ലാത്ത കുറ്റവുമാണെന്ന് വ്യവസ്ഥ ചെയ്യുന്ന യുപി സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സ്പ്രകാരം കുറ്റക്കാരെ പൊലീസിന് വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാമെന്നത് വ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. സംഘമായുള്ള മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് 10 വര്‍ഷം തടവും 50,000 രൂപ പിഴയും നല്‍കാനാണ് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നത്. മതപരിവര്‍ത്തനം നടത്തിയവര്‍ക്ക് 5 ലക്ഷംരൂപ വരെ നഷ്ടപരിഹാരം നല്‍കാനും കോടതിയ്ക്ക് നിര്‍ദേശിക്കാം. ഉത്തര്‍പ്രദേശിന് മുന്‍പ് മധ്യപ്രദേശും ഹരിയാനയും മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മ്മാണം നടത്തിയിട്ടുണ്ട്. മതംമാറ്റം ലക്ഷ്യംവെച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും അസാധുവാക്കാന്‍ കോടതിയ്ക്ക് അനുമതി നല്‍കുന്നതാണ് യുപിയിലെ പുതിയ നിയമം.

Next Story