
സ്ത്രീകളുടെ വിവാഹപ്രായം പുനര്‍ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തിനെതിരെ രാഹുല്‍ ഈശ്വര്‍. ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കൂടുകയാണെന്നും അതിനാല്‍ സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തരുതെന്നും അഭ്യര്‍ത്ഥിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. മുസ്ലീം വ്യക്തിനിയമപ്രകാരം മുസ്ലീം പെണ്‍കുട്ടികള്‍ക്ക് 16 വയസില്‍ കഴിക്കാമെന്നും രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. വിദ്വേഷം നിറഞ്ഞ പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്ററില്‍ വന്നുകൊണ്ടിരിക്കുന്നത്.
രാഹുല്‍ ഈശ്വര്‍ പറയുന്നത്
“പ്ലീസ്, പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി ജി, ദൈവത്തെയോര്‍ത്ത്, ഹിന്ദുക്കളെ ഓര്‍ത്ത്, ദയവുചെയ്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തരുത്. ഇപ്പോള്‍ തന്നെ ഹിന്ദുക്കളുടെ പ്രത്യുല്പാദന നിരക്ക് കുറയുകയാണ്. നമ്മുടെ മുസ്ലീം വ്യക്തി നിയമപ്രകാരം ഒരു മുസ്ലീം പെണ്‍കുട്ടിക്ക് ഇപ്പോഴും 16-ാം വയസില്‍ വിവാഹം കഴിക്കാം. നമ്മുടെ ഹിന്ദു ജനസംഖ്യ ഇനിയും ഇടിയും.”
സര്‍ക്കാര്‍ ശരിയായ വിവാഹപ്രായം തീരുമാനിക്കുമെന്ന് പ്രധാനമന്ത്രി വെള്ളിയാഴ്ച്ച പ്രസ്താവിച്ചിരുന്നു. നമ്മുടെ കുട്ടികള്‍ വിവാഹം കഴിക്കേണ്ട ശരിയായ പ്രായത്തേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ ഉത്തരവാദിത്തപ്പെട്ട സമിതി തീരുമാനം എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച് കത്തുകള്‍ അയക്കുകയാണ്. സമിതിയുടെ റിപ്പോര്‍ട്ട് വന്നാലുടന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നും മോഡി പറയുകയുണ്ടായി.