Top

അഹിന്ദു തഹസീല്‍ദാറെ നിയമിച്ചതില്‍ ഹിന്ദുഐക്യവേദിയ്ക്ക് അതൃപ്തി; സര്‍ക്കാര്‍ വഴങ്ങി; മൂന്ന് ദിവസത്തിനിടെ രണ്ട് സ്ഥലംമാറ്റം

നവരാത്രി ആഘോഷച്ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കും പങ്കെടുക്കേണ്ട തഹസീല്‍ദാര്‍ ഹിന്ദുതന്നെയാകണമെന്ന ഹിന്ദുഐക്യവേദിയുടെ വാശിയ്ക്കുമുന്നില്‍ സര്‍ക്കാര്‍ വഴങ്ങിയതിനെതിരെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നത്.

9 Feb 2021 11:04 AM GMT

അഹിന്ദു തഹസീല്‍ദാറെ നിയമിച്ചതില്‍ ഹിന്ദുഐക്യവേദിയ്ക്ക് അതൃപ്തി; സര്‍ക്കാര്‍ വഴങ്ങി; മൂന്ന് ദിവസത്തിനിടെ രണ്ട് സ്ഥലംമാറ്റം
X

തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉല്‍സവച്ചടങ്ങുകളില്‍ പങ്കെടുക്കാറുള്ള തഹസീല്‍ദാര്‍ സ്ഥാനത്തേക്ക് അഹിന്ദുവായ ഉദ്യോഗസ്ഥനെ നിയമിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. ആചാര വിവാദം ഉയര്‍ത്തിക്കാട്ടി ഹിന്ദുഐക്യവേദി പ്രതിഷേധിച്ചതിന് പിന്നാലെ തിരുവനന്തപുരം തഹസീല്‍ദാര്‍ എം അന്‍സാരിയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. തഹസീല്‍ദാരെ നിയമിച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് സ്ഥലം മാറ്റം. ഫെബ്രുവരി നാലാം തീയതിയാണ് ഇദ്ദേഹത്തെ തഹസീല്‍നാരായി നിയമിച്ചിരുന്നത്.

നവരാത്രി ആഘോഷച്ചടങ്ങുകള്‍ക്കും ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങുകള്‍ക്കും പങ്കെടുക്കേണ്ട തഹസീല്‍ദാര്‍ ഹിന്ദുതന്നെയാകണമെന്ന ഹിന്ദുഐക്യവേദിയുടെ വാശിയ്ക്കുമുന്നില്‍ സര്‍ക്കാര്‍ വഴങ്ങിയതിനെതിരെ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 105 റവന്യൂ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് അന്‍സാരി തിരുവനന്തപുരത്ത് തഹസീല്‍ദാരാകുന്നത്. ചാര്‍ജെടുത്ത് മൂന്ന് ദിവസത്തിനുള്ളില്‍ ഇദ്ദേഹത്തെ വീണ്ടും നെയ്യാറ്റിന്‍കരയിലേക്ക് സ്ഥലം മാറ്റി റവന്യൂ കമ്മീഷന്‍ ഉത്തരവിറക്കുകയായിരുന്നു.

പത്മനാഭസ്വാമിക്ഷേത്രത്തിലെ പള്ളിവേട്ട ചടങ്ങിനായി വേട്ടക്കുളം ഒരുക്കേണ്ടത് തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണെന്നും ആറാട്ടിന് ഉദ്യോഗസ്ഥര്‍ അകമ്പടി സേവിക്കുന്നതും ചൂണ്ടിക്കാട്ടിയായിരുന്നു ഹിന്ദുഐക്യവേദിയുടെ പ്രതിഷേധം. അഹിന്ദു തഹസീല്‍ദാറെ നിയമിക്കുന്നത് ആചാരലംഘനമാകുമെന്നും ഐക്യവേദി പറഞ്ഞിരുന്നു. അഹിന്ദുവായ തഹസീല്‍ദാരെ മാറ്റി പകരം ഹിന്ദു തഹസീല്‍ദാരെ നിയമിക്കണമെന്ന് ഹിന്ദുഐക്യ വേദി തിരുവനന്തപുരം ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു.

Next Story