Top

‘ഡിസ്ചാര്‍ജായാല്‍ വീണ്ടും സമീപിക്കാം’; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

14 Dec 2020 5:09 AM GMT

‘ഡിസ്ചാര്‍ജായാല്‍ വീണ്ടും സമീപിക്കാം’; ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹര്‍ജി തള്ളി ഹൈക്കോടതി
X

പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും എന്നാല്‍ കൂടുതല്‍ ചികിത്സയ്ക്ക് ജാമ്യം ആവശ്യമാണെന്നുമായിരുന്നു ഇബ്രാഹിംകുഞ്ഞ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് ശേഷം കോടതിയെ വീണ്ടും സമീപിക്കാമെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതി പറഞ്ഞത്.

അതേസമയം ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യലിനായി ഒരുപാട് സമയം നഷ്ടമായിട്ടുണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ഇപ്പോള്‍ ജാമ്യം അനുവദിച്ചാലാല്‍ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും വിജിലന്‍സ് അറിയിച്ചു. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നതിനായി നാല് ദിവസം കൂടി അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നു.

ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണ പുരോഗതി വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നോരത്തെതന്നെ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ആരോഗ്യ സ്ഥിതി പരിശോധിച്ചതിന് ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യാന്‍ വിജിലന്‍സ് കോടതിയെ സമീപിക്കും.

അറസ്റ്റ് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞതിനാല്‍ ഇബ്രാഹിം കുഞ്ഞിനെ ഇനി വിജിലന്‍സ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കഴിയില്ല. അതിനാല്‍ ആശുപത്രിയിലോ ജയിലിലോ എത്തി ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് പോകേണ്ടി വരും.

Next Story