നിമിഷ ഫാത്തിമയെ തിരികെ കൊണ്ടുവരല്‍; കേന്ദ്രത്തിന്റെ നിലപാട് തേടി ഹൈക്കോടതി
നിമിഷ ഫാത്തിമയുടെ അമ്മ നല്കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്.
26 July 2021 5:52 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി. നിമിഷ ഫാത്തിമയുടെ അമ്മ നല്കിയ ഹര്‍ജി പരിഗണിച്ച ശേഷമാണ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന്റെ നിലപാട് തേടിയത്. നിമിഷ ഫാത്തിമയേയും കുഞ്ഞിനേയും തിരികെയെത്തിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
നിമിഷ ഫാത്തിമയെ തിരികെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ബിന്ദു നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചിരുന്നു. ഈ ആവശ്യം ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയതോടെയാണ് ബിന്ദു ഹര്‍ജി പിന്‍വലിച്ചത്. അതേസമയം ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് അറിയിക്കുകയായിരുന്നു.
അഫ്ഗാന് ജയിലിലുള്ള നിമിഷ ഫാത്തിമയുള്‍പ്പെടെയുള്ള നാല് മലയാളി സ്ത്രീകളെയും ഇവരുടെ കുട്ടികളെയും നാട്ടിലെത്താനിടയില്ലെന്ന് കേന്ദ്ര വൃത്തങ്ങളുടെ സൂചന പുറത്തു വന്നതിനു പിന്നാലെയാണ് ബിന്ദു ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ മകളുടെയും പേരക്കുട്ടിയുടെയും ജീവനില്‍ ബിന്ദു ആശങ്ക അറിയിച്ചിരുന്നു. തടവിലുള്ളവരെ തിരിച്ചയക്കാമെന്ന് അഫ്ഗാന് സര്‍ക്കാര്‍ ഇങ്ങോട്ട് പറഞ്ഞിട്ടും ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പ്രതികരണം ഞെട്ടിക്കുന്നതാണെന്നും എന്തിനാണവരെ കൊലയ്ക്ക് കൊടുക്കുന്നതെന്നും ബിന്ദു ചോദിച്ചു.
നിമിഷ ഏലിയാസ് ഫാത്തിമ, സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, റെഫീല എന്നീ മലയാളി യുവതികളാണ് അഫ്ഗാന് ജയിലിലുള്ളത്. 201618 വര്‍ഷത്തിലാണ് നാലു യുവതികളും ഭര്ത്താക്കന്മാരോടൊപ്പം ഐഎസില്‍ പ്രവര്‍ത്തിക്കാന്‍ അഫ്ഗാനിസ്താനിലെത്തിയത്. ഭര്ത്താക്കന്മാര് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ നാലു യുവതികളും അഫ്ഗാന് സൈന്യത്തിനു കീഴടങ്ങുകയായിരുന്നു. 2019 അവസാന മാസങ്ങളില്‍ അഫ്ഗാനിസ്താനില്‍ കീഴടങ്ങിയ ആയിരക്കണക്കിന് ഐഎസ് അംഗങ്ങളില്‍ ഉള്‍പ്പെട്ടവരാണ് ഇവര്‍ നാലു പേരും.
നിമിഷയുള്‍പ്പെടെ നാല് മലയാളി സ്ത്രീകളും അവിടെ വെച്ച് തന്നെ വിചാരണ ചെയ്യപ്പെട്ടേക്കുമെന്നാണ് പുറത്തു വന്നിരിക്കുന്ന സൂചന. നാലു പേരെയും ഇവരുടെ കുട്ടികളെയും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നതില്‍ ഇന്ത്യയ്ക്ക് താല്പര്യമില്ല. സുരക്ഷാ പ്രശ്നങ്ങളാണ് കാരണമായി പറയുന്നത്. ഐഎസ് വിഷയത്തില്‍ ഫ്രാന്‍സ് സ്വീകരിച്ച നിലപാടിനു സമാനമായി തടവിലുള്ള പൗരരെ അഫ്ഗാനിസ്താനില്‍ തന്നെ വിചാരണ ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്റര്‍പോള്‍ ഈ സ്ത്രീകള്‍ക്ക് റെഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്.