Top

വിലാസം മാറുമ്പോള്‍ പഴയ വോട്ട് ഇല്ലാതാക്കുന്ന സംവിധാനമില്ലേയെന്ന് ഹൈക്കോടതി; ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ ഉത്തരവ്

ജനങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്ന വിഷയമായതിനാല്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

29 March 2021 1:42 AM GMT

വിലാസം മാറുമ്പോള്‍ പഴയ വോട്ട് ഇല്ലാതാക്കുന്ന സംവിധാനമില്ലേയെന്ന് ഹൈക്കോടതി; ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാന്‍ ഉത്തരവ്
X

ഇരട്ടവോട്ടുള്ളവര്‍ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇരട്ടവോട്ട് തടയാന്‍ കമ്മീഷന്‍ സ്വീകരിക്കുന്ന നടപടികള്‍ കോടതിയെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഇരട്ടവോട്ട് ജനാധിപത്യത്തില്‍ മായം കലര്‍ത്തലാണെന്നും എന്ത് വന്നാലും ഇത് തടയണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

ജനങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ച് ആശങ്കയുയര്‍ത്തുന്ന വിഷയമായതിനാല്‍ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഒരാള്‍ വിലാസം മാറി പുതിയ വിലാസത്തില്‍ വോട്ടുചെയ്യുന്നതിനായി അപേക്ഷ നല്‍കിയാല്‍ പഴയ വോട്ട് ഇല്ലാതാക്കാനുള്ള സംവിധാനമില്ലേയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഇത് സാങ്കേതികമായ പിഴവ് മാത്രമാണോ അതോ ബോധപൂര്‍വ്വം വരുത്തിയ പിഴവാണോ എന്നും കോടതി ചോദിച്ചു. ഇരട്ട വോട്ടുകള്‍ തടയാന്‍ എന്തെല്ലാം നടപടിയാണ് ഇതുവരെ സ്വീകരിച്ചതെന്ന് തെരഞ്ഞൈടുപ്പ് കമ്മീഷന്‍ കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഇരട്ടവോട്ട് പരാതിയില്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ ജില്ലകളിലേയും സാഹചര്യം അടിയന്തരമായി പരിശോധിക്കാനാണ് നിര്‍ദ്ദേശം. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

Next Story