Top

ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി

ഒരു കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തിന് പുറമെ മറ്റൊരു അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ ഒരു ഏജൻസിക്കും അധികാരമില്ല-ഇ ഡി

16 April 2021 12:46 AM GMT

ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം ഹൈക്കോടതി റദ്ദാക്കി
X

തിരുവനതപുരം: ഇ ഡിക്കെതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കി ഹൈക്കോടതി. ക്രൈം ബ്രാഞ്ച് ഫയൽ ചെയ്ത രണ്ടു എഫ്ഐആറും കേരള ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. സ്വർണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ടു നടക്കുന്ന സംഭവവികാസങ്ങളിൽ ഒരു വഴിത്തിരിവാകും ഇതെന്നാണ് കരുതപ്പെടുന്നത്.

സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെയും, സന്ദീപ് നായരുടെ കോടതി മൊഴിയുടെയും അടിസ്ഥാനത്തിൽ കള്ളത്തെളിവുണ്ടാക്കാൻ ഇ ഡി ശ്രമിക്കുന്നു എന്ന ആരോപണം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് എഫ്ഐആർ ഫയൽ ചെയ്തിരുന്നത്. ഇതിനെതിരെ ഇ ഡി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഒരു കേന്ദ്ര ഏജൻസി നടത്തുന്ന അന്വേഷണത്തിന് പുറമെ മറ്റൊരു അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിന്റെ ഒരു ഏജൻസിക്കും അധികാരമില്ലെന്നും, അത് തങ്ങളുടെ സ്വാതന്ത്ര്യത്തിലേക്കും അധികാരപരിധിയിലേക്കുള്ള കടന്നു കയറ്റമാണെന്നുമാണ് ഇ ഡി പരാതിപ്പെട്ടിരുന്നത്. ഇത് അംഗീകരിച്ചു കൊണ്ടാണ് ഹൈക്കോടതിയുടെ എഫ്ഐആർ റദ്ദാക്കാനുള്ള തീരുമാനം വന്നിരിക്കുന്നത്.

ഹൈക്കോടതിയുടെ ഈ ഉത്തരവിന് ശേഷവും സ്വപ്നക്കോ, സന്ദീപിനോ ഏതെങ്കിലും തരത്തിലുള്ള പരാതി നില നിൽക്കുകയാണെങ്കിൽ അവർ സ്പെഷ്യൽ കോടതിയെ അറിയിക്കുകയും തുടര്‍നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യാമെന്നും ഹൈക്കോടതി അറിയിക്കുന്നു.

ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള കേസുകള്‍ ചോദ്യം ചെയ്ത് ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ വീണ്ടും കേസെടുത്ത ക്രൈബ്രാഞ്ചിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിരിന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ നിയമ നടപടികളെ ദുരുപയോഗം ചെയ്യുന്നു, വ്യാജ തെളിവുകളുണ്ടാക്കി അസാധാരണ പ്രതിസന്ധി സൃഷ്ടിക്കുന്നു എന്നും ഇഡി ആരോപണം ഉന്നയിച്ചിരുന്നു. അതേസമയം, ഉന്നതരുടെ പേരുകള്‍ ഉള്‍പ്പെടുന്ന മൊഴികളോ രേഖകളോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയിട്ടില്ലെന്നും, ആക്ഷേപമുന്നയിക്കുന്നവരുടെ കയ്യില്‍ തന്നെ എല്ലാ രേഖകളും ഉണ്ടെന്നും ഇഡി വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനുമേല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സമ്മര്‍ദ്ദം ചെയ്യുന്നെന്ന തരത്തില്‍ പുറത്തുവന്ന ശബ്ദരേഖ തന്റേത് തന്നെയാണെന്ന് സ്വപ്‌ന ജയില്‍ അധികൃതര്‍ക്ക് സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. സ്വപ്ന കസ്റ്റഡിയിലുള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി നിര്‍ബന്ധിക്കുന്നത് താന്‍ കേട്ടു എന്ന ഒരു വനിതാ പൊലീസുകാരിയുടെ മൊഴി കൂടി വന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

സ്വര്‍ണക്കള്ളകടത്തുക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായര്‍ മൊഴി നല്‍കിയതായും ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നൽകിയിരുന്നു.

Next Story