രാജമൗലിയുടെ ആര്‍ ആര്‍ ആര്‍; ഹിന്ദി പതിപ്പില്‍ ആമിര്‍, മലയാളത്തില്‍ മോഹന്‍ലാല്‍

‘ബാഹുബലിക്ക്’ ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആര്‍ ആര്‍ ആര്‍’. ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഇരുവരുടെയും ഫസ്റ്റ് ലുക്ക് വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. അലിയ ഭട്ടിനെയും അജയ് ദേവ്ഗണിനെയും ബോളിവുഡില്‍ നിന്നും സമുദ്രക്കനിയെ തമിഴില്‍ നിന്നും കൂടാതെ ഒലിവിയ മോറിസ്, റേ സ്റ്റീവന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ അന്തര്‍ദേശീയ താരങ്ങളും ചിത്രത്തിലുണ്ട്. ‘ബാഹുബലി’ പോലെ ‘ആര്‍ ആര്‍ ആറും’ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ആരാധകര്‍ സ്വീകരിക്കാനാണ് ഇത്തരത്തില്‍ കാസ്റ്റിങ് ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ വോയിസോവറുകള്‍ ചെയ്യാനും പല ചലചിത്ര മേഖലകളിലെ താരങ്ങളും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മോഹന്‍ലാലും ആമിര്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ മുന്നെ വന്നിരുന്നു. എന്നാല്‍ രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനുള്ള ശബ്ദസാന്നിധ്യമായിരിക്കും ഇരുവരും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഹിന്ദിയില്‍ നിന്ന് ആമിര്‍ ഖാന്‍, തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, മലയാളത്തില്‍ മോഹന്‍ലാല്‍ എന്നിങ്ങനെയാണ് ചിത്രത്തില്‍ ശബ്ദം നല്‍കുന്ന താരങ്ങള്‍ എന്നാണ് സൂചന. അതേസമയം രാജമൗലിയോ ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും വിവരം സ്ഥിരീകരിച്ചിട്ടില്ല.

Covid 19 updates

Latest News