രാജസ്ഥാനില്‍ എന്ത് തീരുമാനിച്ചാലും കോണ്‍ഗ്രസ് രണ്ടുതവണ ആലോചിക്കണം; മാക്കനെ കണ്ട് പൈലറ്റ്, നേരത്തെ കണ്ട് ഗെലോട്ട്
ന്യൂഡല്‍ഹി: അടിക്കടിയുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി വിമതരോടും പാര്‍ട്ടി നേതാക്കളോടും ചര്‍ച്ചയ്ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാല്‍, രാജസ്ഥാനിലെ സംഘടനാ മാറ്റങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി നേതൃത്വം രണ്ടുവട്ടം ആലോചിക്കേണ്ടി വരും. വിമതനീക്കം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനേയോ മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയോ പാര്‍ട്ടിക്ക് പിണക്കാനാവില്ല. വിമതരുമായി മുതിര്‍ന്ന നേതാക്കള്‍ യോഗം നടത്തുന്നതിന് പിന്നാലെ ഇന്ന് സച്ചിന് പൈലറ്റ് രാജസ്ഥാന് കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് അജയ് […]

ന്യൂഡല്‍ഹി: അടിക്കടിയുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ മാറ്റങ്ങള്‍ക്കൊരുങ്ങുകയാണ് കോണ്‍ഗ്രസ്. ഇതിന്റെ ആദ്യപടിയായി വിമതരോടും പാര്‍ട്ടി നേതാക്കളോടും ചര്‍ച്ചയ്ക്ക് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തുടക്കം കുറിച്ചുകഴിഞ്ഞു. എന്നാല്‍, രാജസ്ഥാനിലെ സംഘടനാ മാറ്റങ്ങള്‍ക്ക് മുമ്പ് ഡല്‍ഹി നേതൃത്വം രണ്ടുവട്ടം ആലോചിക്കേണ്ടി വരും. വിമതനീക്കം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റിനേയോ മുഖ്യമന്ത്രി അശോക് ഗെലോട്ടിനേയോ പാര്‍ട്ടിക്ക് പിണക്കാനാവില്ല.
വിമതരുമായി മുതിര്‍ന്ന നേതാക്കള്‍ യോഗം നടത്തുന്നതിന് പിന്നാലെ ഇന്ന് സച്ചിന് പൈലറ്റ് രാജസ്ഥാന് കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് അജയ് മാക്കനുമായി കൂടിക്കാഴ്ച നടത്തി. അതേസമയം തന്നെ, ഗെലോട്ടും അജയ് മാക്കനുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് ഗെലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാനിലെ പാര്‍ട്ടി അധ്യക്ഷനുമായ ഗോവിന്ദ് സിങ് ദൊട്ടാസ്ര പറയുന്നു. രാജസ്ഥാനില്‍ ഈ മാസം അവസാനം പാര്‍ട്ടി പുനസംഘടന നടക്കാനിരിക്കെയാണ് ഇരുനേതാക്കളും നിര്‍ണായക നീക്കങ്ങളിലേക്ക് കടന്നിരിക്കുന്നത്.
പൈലറ്റും ഇന്ന് അജയ് മാക്കനെ കണ്ടതോടെ 2021 ജനുവരിയോടെ രാജസ്ഥാന് കോണ്‍ഗ്രസില്‍ ചില രാഷ്ട്രീയ നിയമനങ്ങള്‍ ഉണ്ടാകുമെന്നുറപ്പായിരിക്കുകയാണ്. ഗെലോട്ട് സര്‍ക്കാരില്‍ അവഗണിക്കപ്പെടുകയാണെന്ന് ആരോപിച്ച് പാര്‍ട്ടിയില്‍നിന്നും ഒരുഘട്ടത്തില്‍ പിണങ്ങിയിറങ്ങുകപോലും ചെയ്ത നേതാക്കളെ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടി അതിരൂക്ഷമായ മറ്റൊരു പ്രതിസന്ധി കാലത്തിലേക്ക് തള്ളിവിടപ്പെട്ടേക്കാം. തങ്ങളെ ഇക്കുറി പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നേതാക്കള്‍.
ഈ മാസം അവസാനം അജയ് മാക്കന് ജയ്പൂരിലെത്തുമെന്നാണ് വിവരം. മന്ത്രിസഭാ വികസനത്തെക്കുറിച്ചും മറ്റും ആലോചിക്കുന്ന മാക്കന് പാര്‍ട്ടി എംഎല്‍എമാരുമായും കൂടിക്കാഴ്ച നടത്തും. ഗെലോട്ട്-പൈലറ്റ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാനത്ത് രാഷ്ട്രീയ നിയമനങ്ങളും മന്ത്രിസഭാ വികസനവും മാറ്റിവെച്ചിരിക്കുകയാണ്. ഡിസംബര്‍-ജനുവരി മാസങ്ങളോടെ ഇവ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടി ശ്രമിക്കുന്നത്.
ഗോലോട്ട്-പൈലറ്റ് ഗ്രൂപ്പുകളെ ഒരുപോലെ പരിഗണിക്കുക എന്നതുതന്നെയാവും മാക്കന് മുന്നിലുള്ള പ്രധാന വെല്ലുവിളി. സ്ഥാനമാനങ്ങളിലേക്കുള്ള നിയമനങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ് ഇരു ഗ്രൂപ്പുകളും.