മഹാരാഷ്ട്രയില്‍ മഴ കനക്കുന്നു; മണ്ണിടിച്ചിലില്‍ മരണം 36 ആയി
മഹാരാഷ്ട്രയില്‍ മഴ കനക്കുന്നു. റായ്ഗാഡ് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് മരിച്ചു. കൊങ്കണ്‍ മേഖലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. ഇവിടങ്ങളിലായി ഒട്ടനവധിപേരാണ് കുടുങ്ങിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. നഗരത്തിലെ പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്. ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അപകട മേഖലയില്‍ നിന്നും ആളുകളെ […]
23 July 2021 4:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മഹാരാഷ്ട്രയില്‍ മഴ കനക്കുന്നു. റായ്ഗാഡ് ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 36 പേര് മരിച്ചു. കൊങ്കണ്‍ മേഖലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. ഇവിടങ്ങളിലായി ഒട്ടനവധിപേരാണ് കുടുങ്ങിയത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മുംബൈ ഉൾപ്പടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇന്നും കനത്ത മഴയാണ് കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരിക്കുന്നത്. നഗരത്തിലെ പലയിടങ്ങളിലും വെളളക്കെട്ട് രൂക്ഷമാണ്.
ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അപകട മേഖലയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുവാനായി നടത്തുന്നത്. വീടുകളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നവര്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധ ആകര്‍ഷിക്കന്‍ ശ്രമിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. നേവി, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്തനിവാരണസേന എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.
വ്യാഴാഴ്ച മണ്ണിടിച്ചിലുണ്ടായ മൂന്നിടങ്ങളില്‍ നിന്നായി 36 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 32 മൃതദേഹങ്ങള്‍ ഒരു സ്ഥലത്ത് നിന്നും ബാക്കിയുള്ളത് മറ്റൊരിടങ്ങളില് നിന്നുമാണ് കണ്ടെടുത്തത്. കഴിഞ്ഞ 40 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന മഴയാണ് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്.
രത്നഗിരി ജില്ലയിലെ തീരപ്രദേശമായ ചിപ്ലുന് നഗരത്തില്‍ തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് 12 അടി ഉയരത്തിലാണ് വെള്ളം പൊങ്ങിയത്. വഷിഷ്ടി നദി കരകവിഞ്ഞൊഴുകിയതിനെ ഇവിടുത്തെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. നേവിയുടെ ഏഴ് ഹെലികോപ്റ്ററുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് രംഗത്തുള്ളത്.
മുംബയ്ക്ക് പുറമേ രത്നഗിരി, കോലാപൂർ, സതാര ജില്ലകളിലും കനത്ത നഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊങ്കൺ പാതയിൽ മഴ രൂക്ഷമായ പശ്ചാത്തലത്തില്‍ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്.