Top

അഖിലേഷ് യാദവിന്റെ വീടിനുമുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ്; കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

സമാജ്‌വാദ് പാര്‍ട്ടി സംസ്ഥാനവ്യാപകമായി നടത്തുന്ന കിസാന്‍ പദയാത്രയ്ക്ക് അഖിലേഷ് നേതൃത്വം നല്‍കുമെന്ന് മുന്‍പുതന്നെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു.

7 Dec 2020 1:11 AM GMT

അഖിലേഷ് യാദവിന്റെ വീടിനുമുന്നില്‍ ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ്; കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു
X

കര്‍ഷക പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനെ തടഞ്ഞ് പൊലീസ്. ഉത്തര്‍പ്രദേശിലെ കന്നൗജ് പ്രദേശത്ത് സംഘടിപ്പിച്ച കിസാന്‍ പദയാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് പൊലീസ് അഖിലേഷിനെ ലഖ്‌നൗവിലെ വീട്ടുപരിസരത്തുവെച്ച് തടയുകയായിരുന്നു. അഖിലേഷിന്റെ വീടിനുപുറത്ത് പൊലീസ് ബാരിക്കേഡുകള്‍ തീര്‍ക്കുകയും ആന്റി റയറ്റ് സംഘം വീട് വളയുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

അഖിലേഷ് കര്‍ഷക പ്രതിഷേധം നയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പ്രദേശത്തേക്കുള്ള റോഡുകള്‍ പൊലീസ് അടച്ചുപൂട്ടിയിട്ടുണ്ട്. ജനങ്ങള്‍ക്ക് ഭക്ഷണവും മരുന്നുംപോലുള്ള അവശ്യസര്‍വ്വീസുകള്‍ ലഭ്യമാകാന്‍ തടസം സൃഷ്ടിക്കരുതെന്ന് അഖിലേഷ് പ്രതിഷേധിക്കുന്ന കര്‍ഷകരോട് പറഞ്ഞിരുന്നു.

സമാജ്‌വാദ് പാര്‍ട്ടി സംസ്ഥാനവ്യാപകമായി നടത്തുന്ന കിസാന്‍ പദയാത്രയ്ക്ക് അഖിലേഷ് നേതൃത്വം നല്‍കുമെന്ന് മുന്‍പുതന്നെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവാദ നിയമങ്ങള്‍ ഉപാധികളില്ലാതെ പിന്‍വലിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് സമാജ് വാദി പാര്‍ട്ടി കൂടാതെ ശിവസേനയും ശിരോമണി അകാലിദളും കൂടി കര്‍ഷകസംഘടനകള്‍ ചൊവ്വാഴ്ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ടിആര്‍എസ് മുതലായ പാര്‍ട്ടികള്‍ മുന്‍പ് തന്നെ കര്‍ഷകരുടെ പ്രതിഷേധത്തിനും ബന്ദിനും പൂര്‍ണ്ണ പിന്തുണനല്‍കി രംഗത്തെത്തിയിരുന്നു. ആം ആദ്മി പാര്‍ട്ടിയും ബന്ദിന് പിന്തുണ നല്‍കുമെന്ന് അറിയിച്ചു.

Next Story