ഹസന് തുടരണോ അതോ തിരുവഞ്ചൂരോ തോമസോ വരണമോ?;ഹൈക്കമാന്‍ഡിന് മുന്നിലെ അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്വീനറെച്ചൊല്ലി; ചര്‍ച്ചകള്‍ ഇങ്ങനെ
ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രത്യേക പിടി ഉണ്ടാകാന്‍ സാധ്യതയുണ്ട്.
13 Jun 2021 3:06 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മറികടന്ന് പ്രവര്‍ത്തകരുടെ ആവശ്യമനുസരിച്ച് പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും പ്രഖ്യാപിച്ച കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് മുന്നിലുള്ള അടുത്ത ആശയക്കുഴപ്പം യുഡിഎഫ് കണ്‍വീനറെ തെരഞ്ഞെടുക്കുന്നത് സംബന്ധിച്ചാണ്. കണ്‍വീനര്‍ സ്ഥാനത്തുനിന്നും എംഎം ഹസനെ മാറ്റിയേക്കില്ല എന്ന് സൂചന ലഭിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണ അഴിച്ചുപണിയിയുടെ ഭാഗമായി കണ്‍വീനര്‍ സ്ഥാനത്തേക്കും പുതിയൊരാള് വന്നേക്കുമെന്ന പ്രചരണവും ശക്തമായിട്ടുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കെ മുരളീധരന്, കെവി തോമസ് എന്നിവരുടെ പേരുകള്‍ക്കൊപ്പം എംകെ രാഘവന്റെ പേരും ചര്‍ച്ചകളില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടി കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന എംഎല്‍എ എന്ന നിലയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രത്യേക പിടി ഉണ്ടാകാന്‍ സാധ്യതയുണ്ട്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് മുന്‍പ് പരിഗണിക്കപ്പെട്ടിരുന്ന പിടി തോമസിനെ കെപിസിസി തലപ്പത്തേക്ക് തെരഞ്ഞെടുത്തിരുന്നു. തലനാരിഴയ്ക്ക് പ്രതിപക്ഷ നേതാവ് സ്ഥാനം തിരുവഞ്ചൂരിന് നഷ്ടമായതും യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കാന്‍ കാരണമായേക്കാമെന്നുമാണ് പലരുടേയും വിലയിരുത്തല്‍.
കെ മുരളീധരനും ഹൈക്കമാന്‍ഡിന്റെ ശക്തമായ പിന്തുണയുണ്ട്. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഉള്‍പ്പെടെ മുരളീധരന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു. സോണിയ ഗാന്ധിയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന കെവി തോമസിനും സാധ്യതയേറി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നിലവില്‍ ഹസനെ നീക്കം ചെയ്യേണ്ടതില്ലെന്ന വാദവും ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുണ്ട്.
അതേസമയം കെപിസിസി പുനസംഘടനയ്ക്ക് ഒരുങ്ങുമ്പോള്‍ അതൃപ്തിയുണ്ടെങ്കിലും സഹകരിക്കാമെന്ന നിലപാടിലേക്ക് എ,ഐ ഗ്രൂപ്പുകള്‍ എത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഗ്രൂപ്പുകളുടെ താല്‍പ്പര്യത്തെ മാനിക്കാതെ പ്രതിപക്ഷനേതാവിനേയും കെപിസിസി അധ്യക്ഷനേയും തെരഞ്ഞെടുത്തതില്‍ അതൃപ്തി കനക്കുന്ന സാഹചര്യത്തില്‍ കെപിസിസിയ്ക്കുള്ളില് ഉടന്‍ പൊട്ടിത്തെറി ഉണ്ടായേക്കുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്കയുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ കെപിസിസി അധ്യക്ഷന്റേയും മറ്റ് ഭാരവാഹികളുടേയും നടപടികളോട് സഹകരിച്ച് മുന്നോട്ട് പോകാനാണ് എ,ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്.
പുനസംഘടനയുടെ ഭാഗമായി കെപിസിസി വെസ് പ്രസിഡന്റ് പദവിയും ജംബോ കമ്മിറ്റിയും വേണ്ടെന്ന തീരുമാനത്തിലേക്കാണ് നേതാക്കള്‍ എത്തിച്ചേര്‍ന്നിരിക്കുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട ചിലര്‍ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടേക്കും. ആലപ്പുഴ, പാലക്കാട് ഡിസിസി പ്രസിഡന്റുമാര്‍ രാജിവെച്ചതിന്റേയും കൊല്ലം, ഇടുക്കി, വയനാട്, ജില്ലകളില്‍ പ്രസിഡന്റുമാര്‍ രാജിസന്നദ്ധത അറിയിച്ചതിന്റേയും പശ്ചാത്തലത്തില്‍ ഈ ജില്ലകളില്‍ ഉടനടി പുതിയ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താനാണ് നേതൃത്വം ഒരുങ്ങുന്നത്.