Top

ആദ്യലക്ഷണം കൂർക്കം വലി; ബപ്പി ലാഹിരിയുടെ മരണത്തിന് പിന്നിലെ 'വില്ലൻ'

ഉറക്കത്തില്‍ ശ്വാസം നിന്നു പോകുന്ന ഗുരുതരമായ അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ (ഒഎസ്എ) എന്ന് പറയുന്നത്. കൂര്‍ക്കം വലിക്കാരില്‍ നാലു ശതമാനത്തോളം പേർക്ക് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.

18 Feb 2022 12:37 PM GMT
നിഷ അജിത്ത്

ആദ്യലക്ഷണം കൂർക്കം വലി; ബപ്പി ലാഹിരിയുടെ മരണത്തിന് പിന്നിലെ വില്ലൻ
X

സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലാഹിരി 'ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ' എന്ന രോഗം മൂലം അന്തരിച്ചു എന്നറിഞ്ഞപ്പോഴാകും ഒരു പക്ഷെ ഇതെന്ത് തരം അവസ്ഥയാണെന്ന് നമ്മൾ അന്വേഷിക്കുന്നത്. ഉറക്കത്തില്‍ ശ്വാസം നിന്നു പോകുന്ന ഗുരുതരമായ അവസ്ഥയാണ് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ-Obstructive Sleep Apnea (ഒഎസ്എ) എന്ന് പറയുന്നത്. വളരെ സാധാരണമെന്ന് കരുതുന്ന കൂര്‍ക്കം വലിയില്‍ നാലു ശതമാനത്തോളം പേർക്ക് ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ (ഒഎസ്എ).ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയയെ പറ്റി പൾമനോളജിസ്റ്റ് & ഇന്റെന്സിവിസ്റ്റ് ആയ ഡോ ശ്രീലക്ഷ്മി പിള്ള പറയുന്നതെന്തെന്ന് ശ്രദ്ധിക്കാം.

ഉറക്കം പൊതുവിൽ രണ്ടു ഘട്ടങ്ങളായാണ് നടക്കുക. ഇതിൽ 'REM sleep' എന്നറിയപ്പെടുന്ന ഘട്ടത്തിൽ പേശികളെല്ലാം പൊതുവിൽ ബലഹീനമായിരിക്കും. ശരീരത്തിന്റെ ഒരു സുരക്ഷാ സംവിധാനം ആണിത്. ഉറക്കത്തിൽ നാം കാണുന്ന സ്വപ്‌നങ്ങൾ ഒന്നും പ്രാവർത്തികമാക്കാതിരിക്കാനാണ് ഈ സംവിധാനം എന്ന് പറയാം. എന്നാൽ ചിലപ്പോൾ ഇത് തൊണ്ടയിലെ പേശികളെ ബാധിക്കാനും അങ്ങനെ ശ്വാസം അഥവാ ഓക്സിജൻ അകത്തേക്ക് പോകാതിരിക്കുകയും ഇത് അപകടത്തിലേക്ക് നയിക്കുകകയും ചെയ്യാം.

ഈയവസ്ഥയുടെ ആദ്യ ലക്ഷണം കൂര്‍ക്കംവലിയാണ്. ഇത് വളരെ സാധാരണമായത് കൊണ്ട് പലപ്പോഴും വിശദമായ പരിശോധന നടത്താറില്ല. എന്നാൽ ഡ്രൈവിങ്ങിനിടെ, വായനക്കിടെ ഉറക്കം വരിക, ഉറക്കം കുറയുക അല്ലെങ്കിൽ സ്വസ്ഥമാകാതിരിക്കുക, ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുക എന്ന ലക്ഷണങ്ങളും കൂടി പ്രകടമാകുമ്പോൾ ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്‌നിയ ഉണ്ടോയെന്ന് പരിശോധിക്കുന്നത് നന്നായിരിക്കും. കുട്ടികളിലും ഇതുണ്ടാകാറുണ്ടെങ്കിലും മധ്യവയസ്കരായ പുരുഷന്മാരിലാണ് ഇതധികവും കാണുന്നത്. പാരമ്പര്യം, പൊണ്ണത്തടി ഒക്കെയുള്ളവർ കൂടുതൽ ശ്രദ്ധിക്കേണ്ട വിഭാഗമാണ്.

ചെറിയ പരിശോധനകളിലൂടെ ഈ രോഗം കണ്ടെത്താനും നിയന്ത്രിക്കാനും സാധിക്കും. അല്ലാത്ത പക്ഷം ഈയവസ്ഥ ഹൃദയത്തെയും ശ്വാസകോശങ്ങളേയും തലച്ചോറിനെയും ബാധിച്ചു കൂടുതൽ മാരകമായ അപകടങ്ങളിലേക്കാകും എത്തിക്കുക. അതുകൊണ്ടു തന്നെ കൂര്‍ക്കംവലിയെ ഗൗരവമായി കണ്ട് അതു ഒഎസ്എ അല്ല എന്ന് വിദഗ്ധ പരിശോധനയിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.


Next Story