Top

ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമ്പോൾ

ഗര്‍ഭപാത്രം നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം വല്ലാത്ത നടുവ് വേദന, മുടി കൊഴിച്ചിൽ, അമിതമായ വിയർപ്പ്, വണ്ണം വെക്കൽ എന്നിങ്ങനെയുള്ള ചില ആശങ്കകൾ ചിലർ പങ്കുവെച്ചുകേൾക്കാറുണ്ട്.

5 Feb 2022 12:47 PM GMT
നിഷ അജിത്ത്

ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുമ്പോൾ
X


ഒരു സ്ത്രീക്ക് ശരീരം കൊണ്ടും മനസ്സ് കൊണ്ടും വളരെ പ്രധാനപ്പെട്ട ഒരവയവമാണ് ഗർഭപാത്രം. എന്നാൽ ചില പ്രത്യേക സന്ദർഭങ്ങളിലും, ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ചില സാഹചര്യങ്ങളിലും, ഗർഭപാത്രം നീക്കം ചെയ്യേണ്ടതായി വരാറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ വളർച്ചയോടെ ഗർഭപാത്രം എടുത്തു കളയാനായി ഇന്ന് നൂതനവും വിവിധങ്ങളുമായ ശസ്ത്രക്രിയാ രീതികൾ നിലവിലുണ്ട്. അത് കൊണ്ട് തന്നെ ഏതെല്ലാം ശസ്ത്രക്രിയാ രീതികൾ ആർക്കെല്ലാം അനുയോജ്യമാകുമെന്നും, ഓരോന്നിന്റെയും പ്രത്യേകതകളും മനസിലാക്കാം.

ഗർഭപാത്രം നീക്കം ചെയ്യേണ്ടി (Hysterectomy) വരുന്നതെപ്പോൾ :-

  • ഗര്‍ഭപാത്രത്തിൽ മുഴകൾ അഥവാ ഫൈബ്രോയ്ഡ്സ് ഉള്ളപ്പോൾ. മുഴകളുടെ വലിപ്പമോ, മുഴയുടെ സ്ഥാനമോ അടിസ്ഥാനപ്പെടുത്തി ഗർഭപാത്രം നീക്കം ചെയ്യെണ്ടതുണ്ടോ എന്ന് നിർണ്ണയിക്കുന്നു.
  • ഗര്‍ഭപാത്രം ഇടിയുന്ന അവസ്ഥയുള്ളവരിൽ (Uterus Prolapse). അതായത് ഗർഭാശയവും, അനുബന്ധ അവയവങ്ങളും സ്ഥാനഭ്രംശം സംഭവിച്ചു യോനിയിലൂടെ താഴേക്ക് ഇറങ്ങി വരുന്ന സാഹചര്യം.
  • ചിലരിൽ പ്രസവസമയത്തുണ്ടാകുന്ന നിലയ്‌ക്കാത്ത രക്‌തസ്രാവം മരുന്നുകൾ കൊണ്ട് നിയന്ത്രണ വിധേയമാകാതെ വരുമ്പോൾ . ഇത്തരം സാഹചര്യങ്ങൾ ജീവനെ സംരക്ഷിക്കുന്ന തീരുമാനമെടുക്കാൻ അടിയന്തിരാവസ്ഥ സംജാതമാക്കാറുണ്ട്.
  • ചില പ്രായക്കാരിൽ ഹോർമോൺ തകരുകൾ മൂലം അസാധാരണമാം വിധത്തിൽ നിലയ്‌ക്കാത്ത രക്‌തസ്രാവമുണ്ടാകുമ്പോൾ.
  • കാൻസർ, കഠിനമായ വേദനയോടു കൂടി വരുന്നഎൻഡോമെട്രിയോസിസ് / അഡിനോമയോസിസ് എന്നീ വേദനാജനകമായ അനാരോഗ്യവസ്ഥകളിൽ

ഇങ്ങനെ ഗർഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന സാഹചര്യങ്ങൾ പലതാണ്. എന്നാൽ അടിസ്ഥാനപരമായി രണ്ടു തരത്തിലാണ് ഗർഭാശയം നീക്കം ചെയ്യുന്നത്. ഗര്‍ഭപാത്രവും സെർവിക്സ് എന്നറിയപ്പെടുന്ന ഭാഗവും മാത്രം നീക്കം ചെയ്യുന്ന ടോട്ടൽ ഹിസ്ട്രക്ടമിയും, ഗര്‍ഭപാത്രത്തെ മാത്രം നീക്കം ചെയ്യുന്ന സബ് ടോട്ടൽ ഹിസ്ട്രക്ടമിയും. അതിനാൽ സബ് ടോട്ടൽ ഹിസ്ട്രക്ടമിക്ക് വിധേയമാകുന്ന ചിലരിൽ ശസ്ത്രക്രിയക്ക് ശേഷവും ചിലപ്പോൾ ഒന്നൊന്നര വര്ഷത്തോളമൊക്കെ ആർത്തവം ഉണ്ടാകാനുള്ള സാധ്യതയുണ്ടാകാറുണ്ട്.

ഇതിനായി നടത്തുന്ന ശസ്ത്രക്രിയകൾ പ്രധാനമായും മൂന്ന് വിധത്തിലാണ്. ഗർഭപാത്രം തുറന്നുള്ള ഓപ്പൺ സർജറി (Open Surjery), ചെറിയ മുറിവുകൾ ഉണ്ടാക്കി നടത്തുന്ന താക്കോൽ ദ്വാര ശസ്ത്രക്രിയ (Key hole Surjery), പൂർണ്ണമായും യോനിയിലൂടെ നടത്തുന്ന വജൈനൽ സർജറി (Vaginal Surjery). ഇത്രയും ശസ്ത്രക്രിയാ രീതികൾ ഉള്ളപ്പോൾ ഏതാണ് നല്ലത്, ആർക്കെല്ലാം ഏതെല്ലാം രീതികൾ അനുയോജ്യമാകും എന്നൊരു സ്വാഭാവിക സംശയമുണ്ടാകാം. ഇവിടെ ഓരോ വ്യക്തികളുടെ രോഗത്തെയും, അതിന്റെ സ്വഭാവത്തെയും, വ്യക്തിയുടെ പ്രായത്തെയും അടിസ്ഥാനമാക്കിയാണ് ഏത് തരം ശസ്ത്രക്രിയയാണ് ഉചിതമെന്ന് തീരുമാനിക്കപ്പെടുന്നത്.

ഗര്‍ഭപാത്രം നീക്കം ചെയ്ത ശസ്ത്രക്രിയക്ക് ശേഷം വല്ലാത്ത നടുവ് വേദന, മുടി കൊഴിച്ചിൽ, അമിതമായ വിയർപ്പ്, വണ്ണം വെക്കൽ എന്നിങ്ങനെയുള്ള ചില ആശങ്കകൾ ചിലർ പങ്കുവെച്ചുകേൾക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് ഗർഭപാത്രം എടുത്തു മാറ്റിയ ശസ്ത്രക്രിയ മൂലമുണ്ടാകുന്നതല്ല. പകരം ഗര്‍ഭപാത്രം നീക്കം ചെയ്തതിന് ശേഷം സ്വീകരിക്കുന്ന തെറ്റായ വിശ്രമ രീതികൾ, ഭക്ഷണക്രമം മുതലായവ മൂലം സംഭവിക്കുന്നവയാണ്.

ചിലരിൽ മുടി കൊഴിച്ചിലുണ്ടാക്കുന്നത് ഗർഭപാത്രത്തോടൊപ്പം അണ്ഡാശയങ്ങളും എടുത്തു മാറ്റുന്നത് കൊണ്ടാണ് . കാരണം അണ്ഡാശയങ്ങൾ നീക്കം ചെയ്യുന്നത് സ്വാഭാവികമായും ഹോർമോൺ വ്യതിയാനത്തിനിടയാക്കും. എന്നാലിവിടെയും ഭക്ഷണക്രമീകരണവും ഹോർമോൺ തെറാപ്പിയും മൂലം മുടികൊഴിച്ചിലിന് ഒരു പരിഹാരമുണ്ടാക്കാനാകും.

വിവരങ്ങൾ നൽകിയത്:-

ഡോ അശോക് കുമാർ ,

കൺസൾട്ടന്റ്റ് -ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജി ,

മെഡിക്കൽ ട്രസ്റ്റ് ഹോസ്‌പിറ്റൽ-എറണാകുളം



Next Story