ആകർഷകത്വം നിലനിർത്താൻ കോസ്മെറ്റിക് സ്കിൻ കെയർ
ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മടക്കുകൾ എന്നിവയെ ചികിത്സിച്ചു മാറ്റാനാണ് 'ബോട്ടോക്സ് ' ഉപയോഗിക്കുന്നത്. 'ഫില്ലേർസ്' പൊതുവിൽ ഉപയോഗിക്കുന്നത് ഒട്ടിപ്പോയ കവിളുകൾക്കും മറ്റും വീണ്ടും തുടിപ്പേകാനും, ചുണ്ടിനും മറ്റും രൂപഭംഗി കൂട്ടാനുമാണ്.
10 Feb 2022 7:54 AM GMT
നിഷ അജിത്ത്

'Ageing Gracefully' അഥവാ പ്രായമേറുമ്പോഴും ആകർഷകത്വം നിലനിർത്തുക എന്നതാണ് ഇന്നത്തെ സൗന്ദര്യ സങ്കല്പ്പം. അതിനുള്ള എല്ലാ വഴികളും ഇന്ന് ലഭ്യവുമാണ്. സൗന്ദര്യപരമായി അനുഭവപ്പെടുന്ന ന്യൂനതകൾക്ക് അനുയോജ്യമാം വിധം പരിഹാരം കണ്ടെത്താൻ ഇന്ന് കോസ്മെറ്റിക് സ്കിൻ കെയർ എന്ന ആരോഗ്യമേഖലക്ക് സാധ്യമാണ്. ഇത്തരത്തിൽ ഓരോ വ്യക്തിയുടെയും ആത്മവിശ്വാസത്തെ ഉയർത്തി ഏറ്റവും അനുകൂലമാക്കി തീർക്കുന്നതിലും ഇന്ന് കോസ്മെറ്റിക് സ്കിൻ കെയർ വൻകുതിച്ചു ചാട്ടമാണ് നടത്തിയിട്ടുള്ളത്.
നമ്മളിൽ പലരെയും അലട്ടുന്ന മുഖക്കുരു, പാടുകൾ, തടിപ്പുകൾ എന്നിങ്ങനെയുള്ള പലതരം ചർമ്മ പ്രശ്നങ്ങൾ, പീലിംഗ്, മെഡി ഫേഷ്യൽ എന്നിങ്ങനെയുള്ള ലളിതവും വൈദ്യശാസ്ത്രാടിസ്ഥാനത്തിലുമുള്ള പ്രതിവിധികൾ, ബോട്ടോക്സ് ,ഫില്ലേർസ് എന്നിങ്ങനെയുള്ള നൂതന ചികിത്സ മാർഗ്ഗങ്ങൾ എന്നിവയെ പറ്റി ഇൻഡ്യു സ്കിൻ ക്ലിനിക്കിലെ കൺസൾട്ടന്റ്റ്-ഡെർമറ്റോളജിസ്റ്റ് ഡോ ശരണ്യദാസ് പറയുന്നത് ശ്രദ്ധിക്കാം.
നവജാത ശിശുക്കളിൽ തുടങ്ങി മധ്യവയസ്സിലേക്കെത്തിയാലും വിടാതെ പിന്തുടരാൻ സാധ്യതയുള്ള വളരെ സാധാരണമായ ഒരു ചർമ്മ പ്രശ്നമാണ് മുഖക്കുരു. കൗമാരപ്രായക്കാരിലാണ് മുഖക്കുരു (Acne vulgaris-ആക്നെ വൾഗാരിസ് ) കൂടുതലായി കാണപ്പെടുന്നതെങ്കിലും, മുപ്പതുകളിലും, നാല്പതുകളിലും ചിലരിൽ മുഖക്കുരു പ്രത്യക്ഷപ്പെടാറുണ്ട്. ഹോർമോൺ വ്യതിയാനം, ഗർഭനിരോധന മാർഗ്ഗങ്ങൾ, ഉത്തേജക ഔഷധങ്ങൾ -സ്റ്റീറോയ്ഡ്സ് മുതൽ വളരെ അപൂർവ്വമായി ട്യൂമറുകൾ പോലുള്ള രോഗങ്ങളും അസ്വാഭാവികമായ രീതിയിൽ കാണപ്പെടുന്ന മുഖക്കുരുവിന് കാരണമാകാം.
അഡ്രിനാലിൽ ഗ്രന്ഥിയുടെ ക്രമക്കേട് മൂലവും കുട്ടികളിൽ അനിയന്ത്രിതമായ രീതിയിലും മറ്റും മുഖക്കുരുക്കൾ കാണപ്പെടാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ താടിയിലും, താടിയുടെ വശങ്ങളിലും മറ്റുമായാണ് ഇവ കൂടുതൽ കാണപ്പെടുക. അതുകൊണ്ട് തന്നെ ചർമ്മ ചികിത്സ തുടങ്ങും മുൻപ് ഒരു എൻഡോക്രിനോളജിസ്റ്റിന്റെ സഹായത്തോടെ കാരണമെന്തെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമെന്ന് ഡോ ശരണ്യദാസ് സൂചിപ്പിക്കുന്നു.
മുഖക്കുരുവിന്റെ പ്രകൃതവും കാരണവും മനസ്സിലാക്കിയാണ് പൊതുവിൽ ചികിത്സ ആരംഭിക്കാറ് . കൂടുതൽ പഴുപ്പ് നിറഞ്ഞത്, വലിപ്പം കൂടിയത്, അകത്തേക്ക് ആഴത്തിൽ പോയിട്ടുള്ളത് എന്നിങ്ങനെയെല്ലാം മുഖക്കുരുവിനെ കാണാനാകും. തൊലിപ്പുറമേ പുരട്ടാനുള്ള ലേപനം, കഴിക്കാനുള്ള മരുന്നുകൾ എന്നിവയിലൂടെ ഇത്തരം പ്രശ്നങ്ങളെ കൃത്യമായി സുരക്ഷിതമായി നേരിടാൻ ഇന്ന് സാധിക്കും.
മിക്കയാളുകളും അഭിമുഖീകരിക്കുന്ന മറ്റൊരു ചർമ്മ പ്രശ്നമാണ് കഴുത്തിലോ, വയറിലോ, കക്ഷങ്ങളുടെ ഭാഗത്തോ ഒക്കെയായി കാണുന്ന പാലുണ്ണി അഥവാ സ്കിൻ ടാഗ് (Skin Tag). പാലുണ്ണിക്ക് തൊലിപുറമെ എന്ത് ഉപയോഗിച്ചിട്ടും കാര്യമില്ലെന്നും ഇതൊരിക്കലും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നതല്ല എന്നതുമാണ് ആദ്യം തിരിച്ചറിയേണ്ടത്. പാരമ്പര്യം, അമിതവണ്ണം ഒക്കെ ചിലപ്പോൾ ഒരു ഘടകം ആകാറുണ്ടെന്ന് മാത്രം.
പാലുണ്ണിയെ നശിപ്പിക്കാൻ ഫലപ്രദവും-വേദനാരഹിതവുമായ ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. ഇലക്ട്രോ കോട്ടറി (Electrocautery) എന്ന ചികിത്സാരീതിയിലൂടെ പാലുണ്ണിയെ കരിച്ചു കളയാനാകും. ഇവിടെ സ്വയം ചികിത്സ ഒരിക്കലും അഭികാമ്യമല്ല. കാരണം ഇത്തരം അപക്വമായ രീതികൾ പരീക്ഷിച്ചു നോക്കിയാൽ ഒരു പക്ഷെ പ്രശ്നം കൂടുതൽ വഷളാകാനോ, അണുബാധയുണ്ടാകാനോ, പാടുകൾ അവശേഷിക്കണോ സാധ്യതയുണ്ട്. ഒരു ത്വക് രോഗ വിദഗ്ധന്റെ സഹായത്തോടെ, സുരക്ഷിതമായ രീതികളിലൂടെ വേണം ഇത്തരം പ്രശ്നങ്ങളെ നേരിടാൻ.
അതുപോലെ തന്നെ സ്കിൻ കെയർ മേഖലയിൽ അടുത്തകാലത്തായി പ്രചുരപ്രചാരം നേടിയ ബോട്ടോക്സ് , ഫില്ലേർസ് എന്നീ മാർഗ്ഗങ്ങൾ നമ്മളാഗ്രഹിക്കുന്ന ആകൃതിയിലേക്കും, ആകാരത്തിലേക്കും നമ്മളെ എത്തിക്കുമെന്നും സുരക്ഷിതമെന്നും അവകാശപ്പെടാവുന്നവയാണ്. ബോട്ടോക്സ് യഥാർത്ഥത്തിൽ ഒരു പ്യൂരിഫൈഡ് പ്രോട്ടീൻ ആണ്. നമ്മുടെ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ, മടക്കുകൾ എന്നിവയെ ചികിത്സിച്ചു മാറ്റാനായാണ് ബോട്ടോക്സ് ഈ മാർഗ്ഗം ഉപയോഗിക്കുന്നത്. ഫില്ലേർസ് പൊതുവിൽ ഉപയോഗിക്കുന്നത് ഒട്ടിപ്പോയ കവിളുകൾക്കും മറ്റും വീണ്ടും തുടിപ്പേകാനും, ചുണ്ടിനും മറ്റും രൂപഭംഗി കൂട്ടാനുമാണ്.
നമ്മൾ അഭിമുഖീകരിക്കുന്ന മറ്റൊരു വലിയ ചർമ്മപ്രശ്നം കരുവാളിപ്പാണ്. സൂര്യപ്രകാശം കൊണ്ടുണ്ടാകുന്ന കരുവാളിപ്പിന്, പൊതുവിൽ നിർദ്ദേശിക്കപ്പെടുന്നത് സൺ സ്‌ക്രീൻ ആണ്. സൺസ്‌ക്രീനിൽ അടങ്ങിയിരിക്കുന്ന സൺ പ്രൊട്ടക്ഷൻ ഫാക്ടർ ആണ് പ്രധാനം. സൂര്യപ്രകാശത്തിലടങ്ങിയിരിക്കുന്ന അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും ഇത് ചർമ്മത്തെ പ്രതിരോധിക്കും. നമ്മുടെ വിപണിയിൽ സൺസ്ക്രീൻ ക്രീം- ജെൽ രൂപത്തിൽ ലഭ്യമാണ്. അതിനാൽ ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവം അനുസരിച്ചു വേണം തെരഞ്ഞെപ്പ് നടത്തേണ്ടത്.
നമ്മുടെ കാലാവസ്ഥയിൽ പൊതുവിൽ SPF 30 ആണ് നിർദ്ദേശിക്കപ്പെടുന്നത്. എന്നാൽ സൺസ്‌ക്രീൻ ചർമ്മത്തിൽ പുരട്ടുമ്പോൾ ഇടവേളകൾ ശ്രദ്ധിക്കണം. മൂന്നുമണിക്കൂർ ഇടവിട്ട് കൃത്യമായി ഇത് പുരട്ടണം. കൂടാതെ പുറത്തിറങ്ങുന്നതിനും അര മണിക്കൂർ മുൻപേ ഇത് ഉപയോഗിക്കുകയും വേണം. സൂര്യപ്രകാശത്തെ പ്രതിരോധിക്കുന്ന വസ്ത്രധാരണവും ഇവിടെ അഭികാമ്യമാണ്. മെഡിക്കേറ്റഡ് സൺ സ്‌ക്രീൻ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും ഒരു ചർമ്മരോഗ വിദഗ്‌ധന്റെ നിരീക്ഷണത്തിൽ കരുവാളിപ്പിന് കാരണമാകുന്നതെന്തെന്ന് കണ്ടെത്തി ചികിത്സ എടുക്കുന്നതാകും മികച്ച ഫലം തരിക.
ആർത്തവ വിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന കരുവാളിപ്പുകൾക്കും ഇന്ന് ലേസർ-ലേപന ചികിത്സകൾ ലഭ്യമാണ്. കൂടാതെ പീലിംഗ്-മെഡിഫേഷ്യൽ എന്നിങ്ങനെയുള്ള രീതികളുമുണ്ട്. സാധാരണയായി ബ്യൂട്ടി പാർലറുകളിൽ നിന്ന് ലഭിക്കുന്ന അത്രയും തന്നെ വിവിധങ്ങളായ ഫേഷ്യലുകളും, അവയെക്കാളും മികച്ച ഫലവും സുരക്ഷിതവുമാണ് ഇത്തരം മെഡിഫേഷ്യലുകളും പീലിംഗുകളും എന്ന് ഡോ ശരണ്യദാസ് വ്യക്തമാക്കുന്നു.