Top

‘രേഖകളില്ലാത്ത കൊവിഡ് മരണങ്ങള്‍ കൂടി മരണസംഖ്യയില്‍ ഉള്‍പ്പെടുത്തും’; രണ്ട് ദിവസത്തിനുള്ളില്‍ അവ്യക്തത നീക്കുമെന്ന് ആരോഗ്യമന്ത്രി

സുതാര്യത ഉറപ്പു വരുത്തിക്കൊണ്ടും വ്യക്തികളുടെ സ്വകാര്യത പരിപാലിച്ചുകൊണ്ടും കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

4 July 2021 4:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘രേഖകളില്ലാത്ത കൊവിഡ് മരണങ്ങള്‍ കൂടി മരണസംഖ്യയില്‍ ഉള്‍പ്പെടുത്തും’; രണ്ട് ദിവസത്തിനുള്ളില്‍ അവ്യക്തത നീക്കുമെന്ന് ആരോഗ്യമന്ത്രി
X

സംസ്ഥാനത്തെ യഥാര്‍ഥ കൊവിഡ് മരണവിവരങ്ങള്‍ സര്‍ക്കാര്‍ മറച്ചുവെച്ചെന്ന പ്രതിപക്ഷ ആരോപണത്തെ പൂര്‍ണമായും തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മൂലം മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട അവ്യക്തതകളെല്ലാം നീക്കി രണ്ടുദിവസത്തിനുള്ളില്‍ സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ജൂണ്‍ 16ന് ശേഷമുള്ള മുഴുവന്‍ കൊവിഡ് മരണങ്ങളും 24 മണിക്കൂറിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ മന്ത്രി വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രേഖകളിലില്ലാതെ വിട്ടുപോയ മരണങ്ങളെ ഔദ്യോഗിക മരണങ്ങളുടെ പട്ടികയില്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഉള്‍പ്പെടുത്തുമെന്നാണ് മന്ത്രി ഉറപ്പുനല്‍കുന്നത്. ഒറ്റപ്പെട്ട മരണങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പരാതി നല്‍കാമെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

ഡിസംബര്‍ മാസം മുതലുള്ള കൊവിഡ് മരണങ്ങളുടെ പൂര്‍ണ പട്ടികയാണ് ആരോഗ്യവകുപ്പ് രണ്ടു ദിവസത്തിനകം പുറത്തുവിടാന്‍ പോകുന്നത്. സുതാര്യത ഉറപ്പു വരുത്തിക്കൊണ്ടും വ്യക്തികളുടെ സ്വകാര്യത പരിപാലിച്ചുകൊണ്ടും കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നതിനായി പുതിയ സോഫ്റ്റ്വെയര്‍ തയ്യാറാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുമെന്നാണ് മന്ത്രി മാധ്യമങ്ങള്‍ക്കുമുന്നില്‍ വ്യക്തമാക്കിയത്.

കൊവിഡ് മൂലം മരിച്ചവരുടെ വിവരങ്ങള്‍ അതാത് ദിവസം തന്നെ പുറത്തുവിടുമെന്നും വീണാ ജോര്‍ജ് വ്യക്തമാക്കുന്നു. അതിനുള്ള നടപടികള്‍ ഇന്നലെ മുതല്‍ തന്നെ ആരംഭിച്ചിരുന്നു. ഇന്നലെ കൊവിഡ് മൂലമെന്ന് കണ്ടെത്തിയ എല്ലാ മരണങ്ങളുടെയും വിവരങ്ങളും ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഏതെങ്കിലും മരണങ്ങള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ അത് മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Next Story