‘ന്യായമായി വീതിക്കും’; അടുത്തവര്‍ഷം ജൂലൈയോടെ 25 കോടിപേര്‍ക്ക് കൊവിഡ് വാക്സിന് നല്‍കുമെന്ന് ഹര്ഷവര്ധന്
ഇന്ത്യയിലെത്തുന്ന വാക്സിന് കരിഞ്ചന്തയില്‍ വില്ക്കപ്പെടുന്നതിന് തടയുന്നതിനായുള്ള ക്രമീകരണമടക്കമുള്ള കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി.

അടുത്തവര്‍ഷം ജൂലൈയോടെ രാജ്യത്തെ 130 കോടി ജനങ്ങളില്‍ 25 കോടി പേര്‍ക്കും കൊവിഡ് വാക്സിന് ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. 400 മുതല്‍ 500 മില്യന്‍ വാക്സിന് വാങ്ങാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടെന്നും ഇത് ന്യായമായി വീതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സണ്‍ഡേ സംവാദ് പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വാക്സിന് ആദ്യം ലഭ്യമാക്കേണ്ട വിഭാഗങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി. വളരെയെളുപ്പത്തില്‍ രോഗമുണ്ടാകാന്‍ സാധ്യതയുള്ള, ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരടങ്ങുന്ന ഹൈ റിസ്ക് വിഭാഗത്തിനാകും ആദ്യം വാക്സിന് ലഭ്യമാകുക.
ഇന്ത്യയിലെത്തുന്ന വാക്സിന് കരിഞ്ചന്തയില്‍ വില്ക്കപ്പെടുന്നതിന് തടയുന്നതിനായുള്ള ക്രമീകരണമടക്കമുള്ള കാര്യങ്ങളും കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചുവരുന്നതായി അദ്ദേഹം വ്യക്തമാക്കി. അര്‍ഹതപ്പെട്ടവരുടെ കൈകളിലേക്ക് തന്നെയാണ് വാക്സിനെത്തുന്നത് എന്ന് ഉറപ്പുവരുത്താനായി കൃത്യമായ നിരീക്ഷണസംവിധാനങ്ങളും ഏര്‍പ്പെടുത്തും.
വാക്സിന് വിതരണത്തിനായി ഏകദേശം 80,000 കോടി രൂപ വേണ്ടിവരുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. വാക്സിന് ലഭ്യമായാല്‍ ഒരു ഡോസിന് ഏകദേശം 1000 രൂപ വിലവരും.
ഇന്ത്യന്‍ വാക്സിന് നിര്‍മ്മാതാക്കള്‍ക്ക് സര്‍ക്കാര്‍ മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്ന് ഹര്ഷവര്ധന് വിശദീകരിച്ചു. വാക്സിന് വിതരണത്തിനായും സംഭരണശേഷി ഉറപ്പുവരുത്തുന്നതിനും മറ്റുരാജ്യങ്ങളെക്കൂടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.