സംസ്ഥാനത്ത് കൊവിഡ് നിരക്ക് ഇനിയും ഉയർന്നേക്കും; നിയന്ത്രിക്കേണ്ടത് നിർണ്ണായകമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വ്യാപനനിരക്ക് ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്. സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ആരോഗ്യവകുപ്പ് സെക്രട്ടറി ഇങ്ങനെ വിലയിരുത്തിയിരിക്കുന്നത്. പ്രതിദിന രോഗബാധ 9000 വരെ എത്തുമെന്നും കിടത്തി ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷം വരെ ആയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ജനുവരി പകുതിയോടെ തന്നെ കൊവിഡ് രോഗികളുടെ എണ്ണം ഈയൊരു കണക്കിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത് . തെരഞ്ഞെടുപ്പ് പ്രചാരണം, ആഘോഷങ്ങൾ എന്നിവക്കിടയിൽ തന്നെ ആരോഗ്യവകുപ്പ് ഇത്തരമൊരു രോഗവ്യാപനത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. സ്‌കൂളുകളൂം കോളേജുകളും തുറക്കുകയും മറ്റ് നിയന്ത്രണങ്ങളിൽ ഇളവ് വരുകയും ചെയ്ത ഈ അവസ്ഥയിൽ രോഗികളുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യത എന്ന് ചൂണ്ടികാണിക്കപ്പെടുന്നു.

ഇനിയുള്ള ദിവസങ്ങൾ വളരെ ജാഗ്രത വേണ്ടതാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടികാണിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ രോഗികളുടെ എണ്ണം നിയന്ത്രിക്കാൻ സാധ്യമല്ല. ജനങ്ങൾ സാഹചര്യങ്ങൾ തിരിച്ചറിഞ്ഞു പെരുമാറണമെന്നും അങ്ങനെയല്ലാതെ രോഗവ്യാപനം തടയാൻ ആകില്ലെന്നുമാണ് ആരോഗ്യവകുപ്പ് ആശങ്ക പ്രകടിപ്പിക്കുന്നത്.

പൊതുസമൂഹവുമായി ഇടപഴകുന്നതിൽ വരുത്തിയ ഇളവുകളും സ്‌കൂൾ-കോളേജ് പുനഃപ്രവേശനവും സാധ്യമായതോടെ രോഗവ്യാ‌പനം വർധിക്കാനും മുതിർന്ന പൗരന്മാർക്ക് അസുഖം പിടിപെടാനുള്ള സാധ്യത കൂടുതലാണ്. രോഗവ്യാപനം കൂടിയാൽ മരണനിരക്ക് കൂടും. കൂടാതെ വാക്സിൻ ഉടൻ എത്തുമെന്ന വിശ്വാസം ജനങ്ങളിൽ നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനാൽ രോഗവ്യാ‌പന തോത് നിയന്ത്രിക്കുക എന്നത് ഇനിയുള്ള ദിവസങ്ങളിൽ നിർണ്ണായകമാണ്.

Covid 19 updates

Latest News