‘അദ്ദേഹം പാര്‍ട്ടിയെ ചതിച്ചയാള്‍’; ഇളയച്ഛന്റെ കേന്ദ്ര മന്ത്രിസ്ഥാനത്തില്‍ പ്രതിഷേധമറിയിച്ച് ചിരാഗ് പാസ്വാന്
കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ക്യാബിനെറ്റ് മന്ത്രിയായി സ്ഥാനമേറ്റ ബീഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും തന്റെ ഇളയച്ഛനുമായ പശുപതി കുമാര്‍ പരസിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന് രംഗത്ത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ എല്‍ജെപി ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പാസ്വാന് അറിയിച്ചു. ‘എല്‍ജെപി നേതൃത്വത്തെ വഞ്ചിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പശുപതി കുമാര്‍ പരസിനെ ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് ഇതിനോടകം പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ […]
7 July 2021 8:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയില്‍ ക്യാബിനെറ്റ് മന്ത്രിയായി സ്ഥാനമേറ്റ ബീഹാറില്‍ നിന്നുള്ള എല്‍ജെപി നേതാവും തന്റെ ഇളയച്ഛനുമായ പശുപതി കുമാര്‍ പരസിനെതിരെ എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന് രംഗത്ത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതില്‍ എല്‍ജെപി ശക്തമായ പ്രതിഷേധം അറിയിക്കുന്നതായി പാസ്വാന് അറിയിച്ചു.
‘എല്‍ജെപി നേതൃത്വത്തെ വഞ്ചിച്ച് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് പശുപതി കുമാര്‍ പരസിനെ ലോക് ജനശക്തി പാര്‍ട്ടിയില്‍ നിന്ന് ഇതിനോടകം പുറത്താക്കിയിട്ടുണ്ട്. ഇപ്പോള്‍ കേന്ദ്ര മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതിനെ പാര്‍ട്ടി ശക്തമായി എതിര്‍ക്കുന്നു’, എന്നും ചിരാഗ് പാസ്വാന് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രിസഭ പുനഃസംഘടനയില്‍ ക്യാബിനെറ്റ് മന്ത്രിയായി അധികാരമേറ്റ പശുപതി കുമാര്‍ പരസ് എല്‍ജെപിയെ പ്രതിനിധികരിച്ചുകൊണ്ടുള്ള ഹിജാപൂര്‍ എംപിയാണ്. ചിരാഗ് പാസ്വാന്റെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളിലും കടുത്ത അതൃപ്തി അറിയിച്ചിട്ടുള്ള വ്യക്തികൂടിയാണ് പശുപതി കുമാര്‍. തുടര്‍ന്ന് പാര്‍ട്ടിയില്‍ വിഭാഗിയതയ്ക്ക് കളമൊരുക്കികൊണ്ട് പാസ്വാന് തിരിച്ചടിയേകി അഞ്ച് എംപിമാര്‍ പശുപതി കുമാര്‍ പക്ഷത്തേക്ക് പോകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി പശുപതി കുമാര്‍ പരസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ നിതീഷ് കുമാറുമായുണ്ടായിരുന്ന അടുപ്പമാണ് ചിരാഗും പശുപതി കുമാറും തമ്മിലുടലെടുത്ത അസ്വാരസ്യത്തിന് പിന്നിലെന്നാണ് അഭ്യൂഹം. പശുപതി കുമാര്‍ പരസിന് നിതീഷ് കുമാര്‍ കേന്ദ്രമന്ത്രി സ്ഥാനം വാഗ്ദാനം നല്‍കിയതാണ് പാസ്വാനെ ചൊടിപ്പിച്ചതെന്നു റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ: എസ്എന്‍സി ലാവ്ലിന്: ‘പിണറായിക്കെതിരായ തെളിവുശേഖരണം’, ടി പി നന്ദകുമാറിനെ ഇഡി വീണ്ടും വിളിപ്പിച്ചു