Top

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

4 May 2021 5:21 AM GMT

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് : സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
X

വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്കുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുത്ത് കേരള ഹൈക്കോടതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും സംസ്ഥാന പൊലീസ് മേധാവിയെയും കക്ഷി ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. എന്നാൽ കൊവിഡ് പരിശോധനയുടെ പേരിൽ ജനങ്ങളോട് പൊലീസ് അപമര്യാദയായി പെരുമാറരുതെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ബലപ്രയോഗം ഉണ്ടാകരുതെന്ന് കോടതി പറയുന്നു. എറണാകുളത്തും തിരുവനന്തപുരത്തും വാക്സിനേഷൻ കേന്ദ്രങ്ങളിൽ കാണുന്ന തിരക്കിനെ പറ്റി അന്വേഷിച്ച കോടതിയോട് നിലവിൽ അത്തരം പ്രശ്നങ്ങൾ ഇല്ലെന്ന് സർക്കാർ അറിയിച്ചു.

സ്പോട് രജിസ്ട്രേഷൻ നിർത്തിയിട്ടുണ്ടെന്നും ഇപ്പോൾ ബുക്കിങ് ഉള്ളവർക്ക് മാത്രമാണ് വാക്‌സിൻ നൽകുന്നതെന്നും സർക്കാർ കോടതിയിൽ ബോധിപ്പിച്ചു. ആവശ്യത്തിന് വാക്‌സിൻ സ്റ്റോക്കുണ്ട്. പ്രതിദിനം രണ്ട് ലക്ഷത്തോളം പേർക്ക് വാക്‌സിൻ നൽകാനാകുമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

എന്നാൽ കൊവിഡ് പരിശോധനയുടെ പേരിൽ പൊലിസ് നടത്തുന്ന മോശം പ്രവണതകൾ അംഗീകരിക്കാനാവില്ലന്ന് കോടതി വ്യക്തമാക്കി. മാസ്ക് ധരിക്കാത്തവർക്കെതിരെ നിയമ നടപടി ആകാം. എന്നാൽ ശാരീരിക ഉപദ്രവം ഉണ്ടാക്കാനോ അപമര്യാദയായി പെരുമാറാനോ പാടില്ലെന്ന് ഡിവിഷൻ ബ‌‌ഞ്ച് വ്യക്തമാക്കി. പ്രസ്തുത കേസിൽ വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിശദമായ മറുപടി നൽകണം. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

മാസ്ക് ധരിച്ചില്ലെന്നാരോപിച്ച് എറണാകുളം മുനമ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചെന്ന് ചൂണ്ടികാട്ടി കോഴിക്കോട് സ്വദേശിയായ കാർ ഡൈവർ വൈശാഖ് കോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ പതിനാറിന് രണ്ട് പൊലീസുകാർ മുനമ്പം സ്റ്റേഷനിൽ വെച്ച് മർദ്ദിച്ചെന്നും ഇവർക്കെതിരെ കേസ് എടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. സംഭവത്തിന്‍റെ നിജസ്ഥിതി അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകാനും കോടതി ഡിജിപിയ്ക്ക് നിർദ്ദേശം നൽകി.

.

Next Story