Top

‘ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചയായില്ല’; പ്രധാനമന്ത്രിയോട് കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരി

ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചെന്ന് റോമന്‍ കത്തോലിക്കാ സഭാ കര്‍ദിനാള്‍ ഫാ. ജോര്‍ജ് ആലഞ്ചേരി. സഭാ നേതാക്കള്‍ക്കൊപ്പം രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം. ചര്‍ച്ചയില്‍ ക്രിയാത്മകമായും അനുഭാവപൂര്‍ണമായുമാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് ആലഞ്ചേരി പറഞ്ഞു. സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ചര്‍ച്ച. ന്യൂനപക്ഷ ഫണ്ടിലെ അപാകത ശ്രദ്ധയില്‍ പെട്ടതായി പ്രധാനമന്ത്രി മറുപടി നല്‍കി. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനം ചര്‍ച്ചയായി. നിയമത്തിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ എതിരായി ഒന്നും ചെയ്യാന്‍ […]

19 Jan 2021 4:56 AM GMT

‘ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ ചര്‍ച്ചയായില്ല’; പ്രധാനമന്ത്രിയോട് കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടെന്ന് കര്‍ദിനാള്‍ ആലഞ്ചേരി
X

ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചെന്ന് റോമന്‍ കത്തോലിക്കാ സഭാ കര്‍ദിനാള്‍ ഫാ. ജോര്‍ജ് ആലഞ്ചേരി. സഭാ നേതാക്കള്‍ക്കൊപ്പം രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട് ചര്‍ച്ച നടത്തിയ ശേഷമാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം. ചര്‍ച്ചയില്‍ ക്രിയാത്മകമായും അനുഭാവപൂര്‍ണമായുമാണ് പ്രധാനമന്ത്രി സംസാരിച്ചതെന്ന് ആലഞ്ചേരി പറഞ്ഞു. സൗഹാര്‍ദ്ദപരമായി മുന്നോട്ടുപോകാന്‍ സഹായിക്കുന്ന ചര്‍ച്ച. ന്യൂനപക്ഷ ഫണ്ടിലെ അപാകത ശ്രദ്ധയില്‍ പെട്ടതായി പ്രധാനമന്ത്രി മറുപടി നല്‍കി. ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മോചനം ചര്‍ച്ചയായി. നിയമത്തിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി. ലവ് ജിഹാദ് ചര്‍ച്ചയായില്ല. ബഫര്‍ സോണിന്റെ പേരില്‍ ക്രിസ്ത്യന്‍ സമുദായം ദുരിതമനുഭവിക്കുന്നതും വന്യജീവികളുടെ ശല്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയെന്നും കര്‍ദിനാള്‍ പ്രതികരിച്ചു.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണം ചര്‍ച്ച ചെയ്‌തോ? എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കര്‍ദിനാളിന്റെ മറുപടി ഇങ്ങനെ

നേരിട്ട് ചര്‍ച്ച ചെയ്തില്ല. ഈയിടെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടുമില്ല. നമ്മള്‍ അനവസരോചിതമായി ഒന്നും പറയരുതല്ലോ. ആക്രമണങ്ങള്‍ ഉണ്ടായിരുന്ന സന്ദര്‍ഭത്തില്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതിനിപ്പോള്‍ ഒരു ശാന്തതയാണുള്ളത്. പിന്നെ, തീവ്രവാദി ഗ്രൂപ്പുകളുണ്ട്. അവര്‍ അവിടേയും ഇവിടേയും, അത് മതത്തിന്റെ അടിസ്ഥാനത്തിലായിരിക്കാം, രാഷ്ട്രീയത്തിന്റേയും വര്‍ഗീയതയുടേയും അടിസ്ഥാനത്തിലായിരിക്കാം. അത് ഏത് സര്‍ക്കാരിന്റെ കാലത്തുണ്ടായപ്പോഴും ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ടുണ്ടായിട്ടുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് മാത്രമല്ല. ബുദ്ധിമുട്ടുകള്‍ അറിയിക്കുമ്പോള്‍ താല്‍ക്കാലിക ശാന്തതയുണ്ടാകും. നമുക്കാര്‍ക്കും തീവ്രവാദികള്‍ക്ക് അറുതി വരുത്താന്‍ സാധിക്കില്ല. അത് ഒരു സാമൂഹിക യാഥാര്‍ത്ഥ്യമാണ്. അവരെ സാന്ത്വനിപ്പിക്കാന്‍ മാത്രമേ കഴിയൂ. അതാണ് സാഹചര്യം.

കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞത്

“ക്രൈസ്തവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് വന്നിട്ടുള്ളത് കേരളത്തിലാണ്. അത് കേരള സര്‍ക്കാര്‍ പരിഹരിക്കണം. കേന്ദ്ര സര്‍ക്കാര്‍ അതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമായിരിക്കും. മതസൗഹാര്‍ദ്ദത്തിന് ഒന്നും ഒരു പ്രതിബന്ധമാകരുതെന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കലും മതസൗഹാര്‍ദ്ദം ഇന്ത്യയില്‍ നഷ്ടപ്പെടാന്‍ പാടില്ലെന്ന് സഭ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. ഓരോ സമുദായത്തിനും അര്‍ഹമായ നീതി ഓരോ സമൂഹത്തിനും അര്‍ഹമായ നീതി കൊടുക്കുക എന്നുള്ളതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമെന്ന് അപ്പോള്‍ അദ്ദേഹം മറുപടി നല്‍കി.

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയുണ്ടായില്ല. ഒരു പരാമര്‍ശവുമുണ്ടായില്ല. യാക്കോബായ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള പ്രശ്‌നം തീര്‍ക്കുവാനാണെങ്കില്‍ തന്നെ പ്രധാനമന്ത്രിയാണ് മുന്‍കൈയെടുത്തത്. അവരെ ക്ഷണിച്ചു, ഞങ്ങളെ ക്ഷണിച്ചു. ഇനിയും വല്ലവരേയും ക്ഷണിക്കുമോയെന്ന് അറിഞ്ഞുകൂടാ.

സമൂഹത്തോട് അവരുടെ ആവശ്യങ്ങള്‍ ചോദിച്ച് മനസിലാക്കാനും പ്രവര്‍ത്തിക്കാനും ഞാന്‍ എപ്പോഴുമുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് നിങ്ങളുടെ വീടാണ് എന്നു പറഞ്ഞുകൊണ്ട് ഹൃദ്യമായാണ് പ്രധാനമന്ത്രി ഞങ്ങളെ സ്വീകരിച്ചത്. ഇതൊരു രാഷ്ട്രീയ ചര്‍ച്ച അല്ലെന്ന് അദ്ദേഹം പ്രത്യേകം എടുത്തുപറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോട് സംസാരിക്കുന്നതാണ്. രാഷ്ട്രീയത്തിലേക്കുള്ള ഒരു ചായ്‌വും ചര്‍ച്ചയില്‍ വന്നില്ല. ഞങ്ങളും വരുത്തിയില്ല. അദ്ദേഹവും അത് ചര്‍ച്ചയില്‍ വരുത്താന്‍ ശ്രമിച്ചില്ല.

ആവശ്യങ്ങളോട് അനുഭാവപൂര്‍വ്വമാണ് അദ്ദേഹം പ്രതികരിച്ചത്. ഞങ്ങള്‍ പറഞ്ഞതെല്ലാം തുറന്ന മനസോടെ കേട്ടു. സംസാരിച്ചു. ചില വിഷയങ്ങളില്‍ അദ്ദേഹത്തിനുള്ള ബുദ്ധിമുട്ടുകളും പറഞ്ഞു. ഭരണകര്‍ത്താവ് എന്ന നിലയില്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കാര്യത്തില്‍ നിയമത്തിനോ കേന്ദ്ര ഏജന്‍സിക്കോ എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞു. സ്വാഭാവിക പ്രക്രിയയിലൂടെയാണ് അത് കടന്നുപോകേണ്ടതെന്നും പ്രതികരിച്ചു.

കാര്യങ്ങള്‍ കൃത്യമായി ചെയ്യാത്ത ഒരുപാട് ക്രിസ്തീയ ഏജന്‍സികളുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉദാഹരണത്തിന് വിദേശ ഫണ്ട് ലഭിച്ച ശേഷം അക്കൗണ്ടുകളും നടപടിക്രമങ്ങളും പാലിക്കുന്നില്ല. അതില്‍ കര്‍ശനമായ നിലപാട് തന്നെ വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനെ ഞങ്ങള്‍ അനുകൂലിക്കുന്നു. കുറച്ചാളുകളുടെ തെറ്റുകളുടെ പേരില്‍ മറ്റുള്ളവര്‍ കൂടി ദുരിതമനുഭവിക്കേണ്ട സ്ഥിതിയുണ്ടാകരുത്. കുറച്ചുപേര്‍ കണക്കുകള്‍ കാണിക്കാതിരിക്കുന്നുണ്ട്. അതിന്റെ പേരില്‍ മറ്റുള്ളവര്‍ സഹിക്കാന്‍ ഇടയാകരുത്.

ഞങ്ങളോ അദ്ദേഹമോ ഏതെങ്കിലും വിവേചനത്തേക്കുറിച്ച് സംസാരിച്ചില്ല. ഞങ്ങള്‍ വിവേചനമുണ്ടാകരുത് എന്ന കാര്യം ഒരു ആവശ്യമായി മുന്നോട്ട് വെച്ചു. താന്‍ അതിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് അദ്ദേഹവും പറഞ്ഞു. രാജ്യത്തെ ന്യൂനപക്ഷത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഫണ്ടാണിത്. ന്യൂനപക്ഷ, ഭൂരിപക്ഷ ജനസംഖ്യ അനുസരിച്ച് ഓരോ പ്രദേശങ്ങള്‍ അനുസരിച്ച് തുകയിലും അനുപാതത്തിലും വ്യത്യാസമുണ്ടാകും. ഓരോ സമുദായത്തിനും നീതിപൂര്‍വ്വമായി അത് ലഭ്യമാക്കണമെന്ന ഞങ്ങളുടെ ആവശ്യം പ്രധാനമന്ത്രി കേട്ടു. അക്കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി മറുപടി നല്‍കി.

ഇന്ത്യയിലേയും കേരളത്തിലേയും സഭയുടെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഹൈറേഞ്ചിലേയും കുടിയേറ്റ മേഖലകളിലേയും ആളുകളുടെ ജീവന്‍ സംരക്ഷിക്കുന്നതും പ്രകൃതിയും സംരക്ഷിക്കുന്നതുമായ സമീപനമാണ് വേണ്ടതെന്ന് പറഞ്ഞു. മനുഷ്യര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ആവശ്യപ്പെട്ടു. ബഫര്‍ സോണിന്റെ പേരില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സമുദായം ദുരിതം അനുഭവിക്കുന്നു. അതുപോലെ വന്യജീവികളുടെ ശല്യം. അപകടകാരികളും കൃഷി നശിപ്പിക്കുന്നതും കര്‍ഷകരെ കൊല്ലുകയും ചെയ്യുന്ന മൃഗങ്ങളെ ലിസ്റ്റില്‍ പെടുത്തി കൊല്ലാനുള്ള അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

ഒരു നല്ല സമയത്തായിരിക്കും മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുക. തെരഞ്ഞെടുപ്പ് സമയത്തോ, സംസ്ഥാനങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴോ കൊവിഡ് പോലെ രോഗങ്ങളുള്ള സമയത്തോ ക്ഷണിക്കാനോ വരാനോ കഴിഞ്ഞേക്കില്ല.”

Next Story