
വന്‍ സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബം ലഖ്നൗവിലെത്തി. കുടുംബം പതിനൊന്ന് മണിയ്ക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചിന് മുന്പിലെത്തും. ഉറ്റവരുടെ അനുമതിയില്ലാതെ മൃതദേഹം സംസ്കരിച്ചതില്‍ അലഹബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് പറയാനുള്ളത് കോടതി കേള്‍ക്കും. അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹാത്രസ് കുടുംബം ലഖ്നൗവിലെത്തിയത്. കുടുംബത്തിന് ഒപ്പം വരേണ്ട ഉദ്യോഗസ്ഥരും പൊലീസും വൈകിയത് വിവാദമായിരുന്നു. ഇന്നലെ രാവിലെ വരേണ്ടിയിരുന്ന അധികൃതര്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ഹാത്രസിലെ വീട്ടിലെത്തിയത്. ഇതിനേത്തുടര്‍ന്ന് രാത്രി യാത്ര ചെയ്യാന്‍ ഭയമുണ്ടെന്നും നാളത്തേക്ക് മാറ്റണമെന്നും കുടുംബം ആവശ്യപ്പെടുകയായിരുന്നു.
ഹാത്രസ് സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ വിട്ടുകിട്ടാനുള്ള ഹേബിയസ് കോര്‍പസ് ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നിയമവിരുദ്ധമായാണ് അറസ്റ്റ് ചെയ്തതെന്നും ഉടന്‍ വിട്ടയക്കണമെന്നും ചൂണ്ടിക്കാട്ടി കെയുഡബ്ലിയുജെ ആണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.