
ഹാത്രസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പട്ട ദളിത് പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ സ്ഥിരതാമസം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ അഭിഭാഷക സമര്‍പ്പിച്ച ഹര്‍ജി അലഹബാദ് ഹൈക്കോടതി ഇന്ന് പരിഗണിക്കും.ഞങ്ങള്‍ ഒക്ടോബര്‍ 24ന് നല്കിയ സത്യവാങ്മൂലം കോടതി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക പറഞ്ഞു.
‘ഞങ്ങളുടെ ആവശ്യ പ്രകാരം പെണ്‍കുട്ടിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കാമെന്ന് മുഖറ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ അതില്‍ ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതുകൂടാതെ മുന്നോട്ട് വെച്ച മറ്റൊരാവശ്യമാണ് കുടുംബത്തിന് ഡല്‍ഹിയില്‍ സ്ഥിരതാമസം ഏര്‍പ്പെടുത്തണം എന്നുള്ളത്. സവര്‍ണ്ണ മേധാവിത്വമുള്ള ഹാത്രസില്‍ കുടുംബം സുരക്ഷിതമല്ലാത്തതിനാലാണ് ഇത്തരം ഒരാവശ്യ മുന്നോട്ട് വെച്ചിരിക്കുന്നത്’, എഎന്‍ ഐയോട് സംസാരിക്കവെ അഭിഭാഷക പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിട്ടുണ്ട്. അതേസമയം കേസ് ഇല്ലാതാക്കനുള്ള ശ്രമങ്ങളും ശക്തമാണെന്ന് അഭിഭാഷക പറഞ്ഞു. പോസ്റ്റ്മോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിനിരയാക്കപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാണെന്നും അവര്‍ പറഞ്ഞു.
അതേസമയം പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം 80 പേരടങ്ങുന്ന സിആര്‍പിഎഫ് സംഘത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതുവരെയും യുപി പൊലീസിനായിരുന്നു കുടുംബത്തിന്റെ സംരക്ഷണ ചുമതല. ഒക്ടോബര്‍ 27ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ജസ്റ്റിസ് എ എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ഒരാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിനും കേസിലെ സാക്ഷികള്‍ക്കും സുരക്ഷ ഉറപ്പുവരുത്താന്‍ സിആര്‍പിഎഫ് സൈനികരെ നിയോഗിക്കണമെന്ന നിര്‍ദ്ദേശം പുറപ്പെടുവിപ്പിച്ചിരുന്നു.