ഹാത്രസ്: ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് യുപിയില്‍ ധര്‍ണ; ജന്തര്‍ മന്തറില്‍ ഇടതുപാര്‍ട്ടികളും ഭീം ആര്‍മിയും പ്രതിഷേധത്തില്‍
കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണം. തങ്ങളുടെ കുട്ടികള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ഹാത്രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികള്‍ക്ക് പിന്തുണയുമായി ധര്‍ണ. യുപിയില്‍ മനീഷ വാത്മീകിയുടെ ഗ്രാമമായ ഭൂല്‍ഗാഡിയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഭാഗ്ന എന്ന സ്ഥലത്താണ് ധര്‍ണ നടന്നത്. ‘പ്രതികള്‍ക്ക് നീതി ലഭ്യമാക്കണം’ എന്നാവശ്യപ്പെട്ട് സവര്‍ണ സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു യോഗം. കൊലപാതകത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് സംഘടന ആരോപിച്ചു.
പെണ്‍കുട്ടിയുടെ സഹോദരനേയും അമ്മയേയും ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരും.
സവര്‍ണ സമാജ്
കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുക്കണം. തങ്ങളുടെ കുട്ടികള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ശിക്ഷിക്കണം. നിരപരാധികളെ കുറ്റവാളികളാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ധര്‍ണയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ദളിത് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയതിലും യുപി സര്‍ക്കാര്‍ നടപടികളിലും പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ പ്രതിഷേധം അരങ്ങേറി. ഇടതുപാര്‍ട്ടികളും വിദ്യാര്‍ത്ഥി സംഘടനകളും ഭീം ആര്‍മിയും ചേര്‍ന്നാണ് പ്രതിഷേധം നടത്തിയത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഞാന്‍ ഹത്രാസ് സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി രാജി വെയ്ക്കുന്നതുവരേയും നീതി ലഭിക്കുന്നതുവരേയും ഞങ്ങളുടെ പ്രതിഷേധം തുടരും. സുപ്രീം കോടതി വിഷയം പരിഗണനയ്ക്ക് എടുക്കണം.
ചന്ദ്രശേഖര്‍ ആസാദ്