‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആരോ 50 ലക്ഷം വാഗ്ദാനം ചെയ്തു’; ഹാത്രസില്‍ യുപി പൊലീസിന്റെ എഫ്ഐആര്‍ ഇങ്ങനെ
‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ചില നിയമവിരുദ്ധ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’, എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ഹാത്രസില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അജ്ഞാതരുടെ പേരില്‍ രാജ്യദ്രോഹവും ഗൂഢാലോചനയും ചുമത്തി യുപി പൊലീസിന്റെ എഫ്ഐആര്‍. സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ഗാനം ചെയ്തെന്നാണ് പൊലീസ് പ്രാഥമിക അന്വേഷ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 19 എഫ്ഐആറുകളില്‍ ഒന്നിലാണ് ഇത്.
ഹാത്രസ് കേസുമായി ബന്ധപ്പെട്ട് പൊലീസിലെ സബ്ഇന്‍സ്പെക്ടര്‍ നല്കിയ പരാതിയിലാണ് ഈ എഫ്ഐആര്‍. ‘സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ആവശ്യപ്പെട്ട് ചില നിയമവിരുദ്ധ സംഘം പെണ്‍കുട്ടിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തു’, എന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പണം വാഗ്ദാനം ചെയ്തു എന്ന് ആരോപിക്കുന്നവരെക്കുറിച്ച് യാതൊരു വ്യക്തതയും പൊലീസ് വരുത്തിയിട്ടില്ല.
യുപിയിലെ ജാതി പ്രശ്നങ്ങള്‍ രൂക്ഷമാക്കാനാണ് ഈ സംഘം ശ്രമിക്കുന്നതെന്നും എഫ്ഐആറില്‍ ഉണ്ടെന്ന് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്തു.
‘പെണ്‍കുട്ടിയുടെ സഹോദരനെ യുപി സര്‍ക്കാരില്‍ തങ്ങള്‍ തൃപ്തരല്ലെന്ന് പറയാനായി അജ്ഞാതനായ മാധ്യമ പ്രവര്ത്തകന് സ്വാധീനിക്കാന്‍ ശ്രമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജ പരാമര്‍ശങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. അവ സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ വിവാദമുണ്ടാക്കാന്‍ പ്രചരിപ്പിക്കുകയും സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു’, എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെ.
കേസിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ 19 എഫ്ഐആറുകളാണ് ഇതിനോടകം തയ്യാറാക്കിയിട്ടുള്ളത്. കേസ് കൈകാര്യം ചെയ്യുന്നതില്‍ വലിയ വീഴ്ചയുണ്ടായതിനെത്തുടര്‍ന്ന് ഉയര്‍ന്ന പ്രതിഷേധങ്ങളെ സംസ്ഥാനത്തെ സമാദാനം തകര്‍ക്കാനുണ്ടായ ശ്രമങ്ങളെന്നാണ് പൊലീസ് എഫ്ഐആറില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളോട് വിരോധമുള്ളവരാണ് ഹാത്രസ് വിഷയം ഉയര്‍ത്തിക്കൊണ്ട് വരുന്നതെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് ഈ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഹാത്രസില്‍ വലിയ ഗൂഢാലോചന നടന്നെന്നും പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നുമാണ് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞത്.
സെപ്തംബര്‍ 14നാണ് 20 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ ഹാത്രസിലെ ഉന്നത ജാതിയില്‍ പെട്ട നാലുപേര്‍ ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്തത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നാക്ക് മുറിഞ്ഞ നിലയിലും നട്ടെല്ല് തകര്ന്നുമായിരുന്നു ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് അന്വേഷണം വൈകിപ്പിക്കുകയായിരുന്നു. പിന്നീട് ബലാത്സംഗം നടന്നിട്ടില്ലെന്നും കൂട്ടം ചേര്‍ന്ന് പീഡിപ്പിച്ചിട്ടില്ലെന്നുമായിരുന്നു പൊലീസിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടുകാരുടെ സമ്മതമില്ലാതെ പുലര്‍ച്ചെ രണ്ടുമണിക്ക് ദഹിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.