
ലക്നൗ: ഹാത്രസ് കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ ഫോറൻസിക് റിപ്പോർട്ട് ചോദ്യം ചെയ്ത ഡോക്ടർക്ക് എതിരെ നടപടി. സാംപിൾ ശേഖരിക്കാൻ വൈകി എന്ന വെളിപ്പെടുത്തലാണ് ഡോക്ടർക്ക് എതിരെയുള്ള നടപടിയിലേക്ക് നയിച്ചത് എന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു കൊണ്ടുള്ള നോട്ടീസ് നൽക്കുകയായിരുന്നു അധികൃതർ. അലിഗഢ് മുസ്ലിം സർവ്വകലാശാല മെഡിക്കൽ കോളേജാണ് നടപടി എടുത്തത്.
സംഭവം നടന്ന് ഏതാണ്ട് 11 ദിവസത്തോളം വൈകിയാണ് സാംപിളുകൾ ശേഖരിച്ചതെന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ ഒഴിവു വന്ന തസ്തികയിലേക്ക് ആയിരുന്നു പ്രസ്തുത ഡോക്ടറുടെ സേവനമെന്നും ഇപ്പോൾ ആ ഒഴിവ് ഇല്ലാതായതു മാത്രമാണെന്നും ആശുപത്രി അധികൃതർ വിശദീകരിക്കുന്നു.
കേസിലെ പുരോഗതി അറിയാൻ സിബിഐയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഹത്രാസ് സന്ദർശിച്ചു. ഉന്നാവോ ബലാത്സംഗക്കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജോയിന്റ് ഡയറക്ടർ സമ്പത്ത് മീണയാണ് ഹാത്രാസ് ക്യാമ്പ് ഓഫീസ് സന്ദർശിച്ചത്. കൃത്യം നടന്ന സ്ഥലത്തും നേരിട്ടെത്തിയാണ് സമ്പത്ത് മീണ പുരോഗതി വിലയിരുത്തിയത്.
അതേസമയം ഹാത്രസ് സംഭവത്തിലെ 4 പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെന്ന് സിബിഐ കണ്ടെത്തി. സ്കൂൾ രേഖകൾ അനുസരിച്ചു ആ വ്യക്തിക്ക് 18 വയസ്സ് തികയുക വരുന്ന ഡിസംബറിലാണ്. മകന് പ്രായപൂർത്തിയായിട്ടില്ലെന്ന് അമ്മയും സിബിഐ സംഘത്തോടു സ്ഥിരീകരിച്ചു.