Top

‘ഞാന്‍ അത്ര വൈകാരികന്‍ ആകാന്‍ പാടില്ലായിരുന്നു’; ‘മുസല്‍മാന്‍’മാരോട് പലവട്ടം മാപ്പുചോദിച്ച് പിസി ജോര്‍ജ്

ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനെതിരെ താന്‍ മുമ്പ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ. തന്റെ പരാമര്‍ശം പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ ഞാന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലാത്തതായിരുന്നു. എന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എ്ല്ലാവരേയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്‌നമാണ്. ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണെന്നും പി സി ജോര്‍ജ് കോട്ടയം […]

10 Jan 2021 8:24 AM GMT
സുജു ബാബു

‘ഞാന്‍ അത്ര വൈകാരികന്‍ ആകാന്‍ പാടില്ലായിരുന്നു’; ‘മുസല്‍മാന്‍’മാരോട് പലവട്ടം മാപ്പുചോദിച്ച് പിസി ജോര്‍ജ്
X

ഈരാറ്റുപേട്ടയിലെ മുസ്ലിം സമുദായത്തിനെതിരെ താന്‍ മുമ്പ് നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച് പി സി ജോര്‍ജ്ജ് എംഎല്‍എ. തന്റെ പരാമര്‍ശം പെട്ടെന്നുണ്ടായ വികാര പ്രകടനമായിരുന്നെന്ന് പി സി ജോര്‍ജ് പറഞ്ഞു. മുതിര്‍ന്ന പൊതു പ്രവര്‍ത്തകനായ ഞാന്‍ അത്തരത്തിലൊരു പരാമര്‍ശം നടത്താന്‍ പാടില്ലാത്തതായിരുന്നു. എന്റെ വാക്കുകള്‍ മുസ്ലിം സമുദായത്തെ വേദനിപ്പിച്ചതായി മനസ്സിലാക്കുന്നു. എ്ല്ലാവരേയും വേദനിപ്പിച്ച് രാഷ്ട്രീയ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാവില്ല. അത് ഈരാറ്റുപേട്ടയില്‍ മാത്രമുണ്ടായ പ്രശ്‌നമാണ്. ഖേദം പ്രകടിപ്പിക്കുകയല്ല പരസ്യമായി മാപ്പു ചോദിക്കുകയാണെന്നും പി സി ജോര്‍ജ് കോട്ടയം പ്രസ് ക്ലബ്ബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസിനിടെ പ്രതികരിച്ചു.

മുസല്‍മാന്‍മാര്‍ വേഗം പൊരുത്തപ്പെടുന്നവരാണ്. ഈരാറ്റുപേട്ടയിലെ മുസല്‍മാന്‍മാര്‍ തന്നോട് പൊരുത്തപ്പെട്ടതാണ്. അതിനാല്‍ നിലവില്‍ പ്രശ്‌നമില്ല.

പി സി ജോര്‍ജ്

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പിസി ജോര്‍ജ് ഈരാറ്റുപേട്ടയിലെ മുസ്ലീം വിഭാഗങ്ങള്‍ക്കെതിരെ ഫോണ്‍ സംഭാഷണത്തിനിടെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. മുസ്ലീം വിഭാഗങ്ങളിലുള്ളവര്‍ തീവ്രവാദികളായി മാറുന്നെന്ന് പി സി ജോര്‍ജ് പറയുകയുണ്ടായി. കഴിഞ്ഞ ഒക്ടോബറില്‍ അരുവിത്തറയില്‍ നടന്ന പരിപാടിക്കിടയിലും പൂഞ്ഞാര്‍ എംഎല്‍എ വിദ്വേഷ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു. മന്ത്രി കെ ടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലീം സമുദായക്കാരായ ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളതെന്നും മുസ്ലീംകളുടെ പ്രാതനിധ്യം കളക്ടര്‍മാരുടെ എണ്ണത്തില്‍ ഉള്‍പ്പെടെ കൂടിവരുകയാണെന്നും പി സി ജോര്‍ജ് പ്രസ്താവിക്കുകയുണ്ടായി. പൂഞ്ഞാര്‍ പുല്ലപ്പാറയില്‍ കുട്ടികള്‍ കുരിശിന് മുകളില്‍ കയറി നിന്ന് ഫോട്ടോയെടുത്തത് വിവാദമായ പശ്ചാത്തലത്തിലായിരുന്നു ഇത്.

യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും പി സി ജോര്‍ജ് പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വവുമായി എനിക്ക് ഒരു തര്‍ക്കവുമില്ല. പ്രാദേശികമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂ. ആനക്കാര്യമല്ല. യുഡിഎഫ് അധികാരത്തില്‍ വരണമെങ്കില്‍ ഉമ്മന്‍ ചാണ്ടി മുന്‍പന്തിയില്‍ നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടേ മതിയാകൂ. ഇതുപോലെ എന്തും ചെയ്യാന്‍ മടിക്കാത്ത സര്‍ക്കാരിനെതിരെ മത്സരിച്ച് കേരളം പിടിച്ചടക്കണമെങ്കില്‍ ഉമ്മന്‍ ചാണ്ടിയേപ്പോലുള്ള ഒരു വലിയ നേതാവ് തന്നെ മുന്‍പന്തിയില്‍ നില്‍ക്കണം. ഉമ്മന്‍ ചാണ്ടിയുമായി തനിക്ക് ഈ നാല് വര്‍ഷത്തിനിടയില്‍ ചെറിയ അഭിപ്രായ വ്യത്യാസം പോലും ഉണ്ടായിട്ടില്ല. കുശുമ്പന്‍മാര്‍ പലതും പറഞ്ഞുണ്ടാക്കും. രാഷ്ട്രീയത്തില്‍ എല്ലാം നേരായി പോകില്ല. നേരത്തെ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നും പി സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

പി സി ജോര്‍ജ് പറഞ്ഞത്

ഈരാറ്റുപേട്ട എന്റെ പഞ്ചായത്താണ്. ഈരാറ്റുപേട്ടയിലെ മുസ്ലീം സഹോദരങ്ങളുമായി ചെറിയ ഒരു പ്രശ്‌നമുണ്ട്. ഞാനെന്തിനാ ഒളിച്ചുവെയ്ക്കുന്നത്. അതില്‍ ഞാനാണ് കുറ്റക്കാരന്‍ എന്ന് കരുതുന്നവനാണ് ഞാന്‍. എനിക്കെതിരായി ഒരു പ്രചരണം നടന്നു. ആ പ്രചരണത്തില്‍ എന്നെ വേദനിച്ചപ്പോള്‍ ഞാന്‍ വളരെ ശക്തമായി പ്രതികരിച്ചു. ആ പ്രതികരിച്ചത് ഒരു വിഭാഗം, എന്നെ, ഞാന്‍ ഏറ്റവും സ്‌നേഹിക്കുന്ന മുസ്ലീം സഹോദരങ്ങളില്‍ വേദനയുണ്ടാക്കി. ഞാന്‍ അതില്‍ പരസ്യമായി ക്ഷമ ചോദിക്കുകയാണ് തര്‍ക്കം വല്ലതുമുണ്ടോ? അങ്ങനെ ആരേയും വേദനിപ്പിച്ചുകൊണ്ട് രാഷ്ട്രീയം കൊണ്ടു നടക്കുന്നത് മര്യാദയാണോ? എന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റിന് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. എന്ത് തര്‍ക്കമിരിക്കുന്നു. ഒരു പിണക്കത്തിന്റേയും പ്രശ്‌നമില്ല. ഒറ്റക്കെട്ടായി പോകും. ഈരാറ്റുപേട്ടയിലെ ചെറിയ ഒരു മേഖലയിലുണ്ടായ പ്രശ്‌നമാണ്. പക്ഷെ, വൈകാരികമായി ഞാന്‍ അതിനെ എടുക്കാന്‍ പാടില്ലായിരുന്നു. സീനിയറായ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ അല്‍പം കൂടി ആത്മസംയമനം പാലിക്കണമായിരുന്നു എന്ന അഭിപ്രായം ഞാന്‍ തന്നെ രേഖപ്പെടുത്തുകയാണ്. എന്തിനാ കള്ളം പറയുന്നത്. ക്ഷമ പറയുന്നു. ഖേദം പ്രകടിപ്പിക്കുന്നു എന്ന് പറയുന്നത് അതുകൊണ്ടാണ്.

യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഒരു തര്‍ക്കങ്ങളുമില്ല. പിന്നെ പ്രാദേശികമായ ചെറിയ തര്‍ക്കങ്ങളൊക്കെ പറഞ്ഞുതീര്‍ക്കാവുന്നതേയുള്ളൂ. അതൊന്നും ആനക്കാര്യമല്ലെന്നേ. ഒരു കാര്യവുമില്ലെന്നേ. ഏത് കാര്യത്തിനും ചെറിയ ചെറിയ അഭിപ്രായങ്ങളൊക്കെ ഉണ്ടാകില്ലേ.

Next Story