
കൊച്ചി: പ്രളയകാലത്ത് മത്സ്യ തൊഴിലാളികൾ കേരളത്തെ എത്രത്തോളം ചേർത്തുനിർത്തിയവരാണെന്ന് പ്രത്യേകമായി പറയണ്ടതില്ലെന്ന് തോന്നുന്നു. ജീവൻ പണയപ്പെടുത്തിയാണ് ദുരിത മേഖലകളിൽ നിന്ന് ആയിരങ്ങളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത്. പലയിടങ്ങളിലും ആളുകൾ കുടുങ്ങി കിടക്കുന്നതായി വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ ചെറുതും വലുതുമായ ബോട്ടുകളുമായി അവർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുതിച്ചെത്തുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും മത്സ്യത്തൊഴിലാളികളുടെ ഇടപെടലിന് അഭിനന്ദിച്ച് രംഗത്തുവന്നു.
ഇത്തവണ കാലവർഷത്തിന്റെ തുടക്കത്തിൽ കടൽക്ഷോഭത്തിൽ പ്രതിസന്ധിയിലായിരിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളാണ്. ചെല്ലാനത്താണ് അതിരൂക്ഷമായി പ്രതിസന്ധി. ദുരിതാശ്വാസ ക്യാംപുകൾ തുറന്നതായി വാർത്ത പുറത്തുവന്നതിന് പിന്നാലെ ഭക്ഷണവുമായി ചെല്ലാനത്തോത്ത് തിരിച്ചിരിക്കുകയാണ് ആലുവ തോട്ടുമുഖം സ്വദേശി ഹസ്സൻ. കപ്പ വാങ്ങിച്ച് വിൽപ്പന നടത്തുന്ന ഹസൻ. വിൽപ്പനയ്ക്കായി കരുതിയിരുന്ന ഒന്നര ടണ്ണോളം കപ്പയാണ് വിവിധ ദുരിതാശ്വാസ ക്യാംപുകളിൽ ഹസ്സനും സുഹൃത്തുക്കളും വിതരണം ചെയ്തത്. മാതൃഭൂമി ന്യൂസാണ് ഹസന്റെ പ്രവൃത്തി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
പ്രളയകാലത്ത് നമ്മളെ സഹോദരങ്ങളെ പോലെ സഹായിച്ചവരാണ്. ഞാനൊരു കപ്പ കൃഷിക്കാരനല്ല, കപ്പ വാങ്ങി വിൽപ്പന നടത്തുന്നയാളാണ്. ഇപ്പോ വാങ്ങിയ ഒന്നര ടൺ കപ്പ ദുരിതാശ്വാസ ക്യാംപിലെത്തിച്ചു. ഇതിന് സഹായങ്ങൾ ചെയ്ത സുഹൃത്തുക്കളുണ്ട്. ഇനിയും അവർ നമുക്ക് സഹായങ്ങളെത്തിക്കേണ്ടിയവരാണ് ചെല്ലാനത്തുകാർ. ഇങ്ങോട്ട് ഒന്നും പ്രതീക്ഷിച്ച് പറയുന്നതല്ല. വഴിയിൽ പൊലീസുകാരോട് വിവരം പറഞ്ഞപ്പോൾ എല്ലാവരും സഹായിച്ചു. ചെല്ലാനത്തെ സഹോദരങ്ങളൊക്കെ പ്രളയകാലത്ത് നമ്മെ സഹായിച്ചവരാണ്. അവരുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാനാവില്ല. എന്നെകൊണ്ട് കഴിയാവുന്ന സഹായം ഞാൻ ചെയ്യുന്നു.
ഹസ്സൻ
അതേസമയം മധ്യകിഴക്കന്‍ അറബിക്കടലില്‍ ടൗട്ടെ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു അതിശക്ത ചുഴലിക്കാറ്റായി കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 09 കിമീ വേഗതയില്‍ വടക്ക് ദിശയില്‍ സഞ്ചരിച്ച് 16 മെയ് 2021 ന് രാവിലെ 02.30 ന് മധ്യകിഴക്കന്‍ അറബിക്കടലില്‍ 14.7 ° N അക്ഷാംശത്തിലും 72.7° E രേഖാംശത്തിലും എത്തിയിരിക്കുന്നു. ഗോവയിലെ പാനജിം തീരത്ത് നിന്ന് ഏകദേശം 150 കിമീ തെക്കു പടിഞ്ഞാറും, മുംബൈ തീരത്തുനിന്ന് 490 കിമീ തെക്കു മാറിയും, തെക്കു-തെക്കു കിഴക്കു ദിശയില്‍ വെറാവല്‍ (ഗുജറാത്ത് ) തീരത്തു നിന്ന് 730 കിമീയും പാക്കിസ്ഥനിലെ കറാച്ചിയില്‍ നിന്നും 870 കിമീ തെക്കു-തെക്കു കിഴക്കു ദിശയിലാണ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ടൗട്ടേ എത്തിയത്.
അടുത്ത 12 മണിക്കൂറില്‍ അതിശക്ത ചുഴലിക്കാറ്റ് കൂടുതല്‍ ശക്തിപ്രാപിക്കുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തിപ്രാപിച്ച അതിശക്ത ചുഴലിക്കാറ്റ് വടക്ക് – വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മെയ് 17 വൈകുന്നേരത്തോടു കൂടി ഗുജറാത്ത് തീരത്ത് എത്തുകയും തുടര്‍ന്ന് മെയ് 18 അതിരാവിലയോടു കൂടി ഗുജറാത്തിലെ പോര്‍ബന്ദര്‍, മഹുവ തീരങ്ങള്‍ക്കിടയിലൂടെ കരയിലേക്ക് പ്രവേശിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാല്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് , യെല്ലോ അലെര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു. കടലാക്രമണം, ശക്തമായ ഇടിമിന്നല്‍ തുടങ്ങിയ അപകട സാധ്യതകളെ സംബന്ധിച്ചും ജാഗ്രത പാലിക്കണം. വടക്കന്‍ ജില്ലകളായ കണ്ണൂര്‍, കാസറഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും അതിശക്തമായ മഴയും കടല്‍ക്ഷോഭവും വരും മണിക്കൂറുകളിലും തുടരും.