Top

സാബുവിന്റെ പിന്‍മാറ്റം; പിന്നാലെ കേരളത്തെ താറടിക്കാന്‍ സംഘപരിവാര്‍ ശ്രമം; പൊളിച്ച് ഹര്‍ഷ് ഗോയെങ്ക

വ്യാവസായിക മുതല്‍മുടക്കിന് കേരളം അനുയോജ്യമല്ലെന്ന പ്രചരണം പൊളിച്ച് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നത്. ഇതിനിടയാണ് പ്രതികരണവുമായി ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക രംഗത്തെത്തിയത്. ‘കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നു.’ ഇതിന് കാരണം സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനമാണെന്ന് പറഞ്ഞുകൊണ്ടുള്ള സ്വരാജ്യ മാഗസിന്‍ ലേഖനം സാമ്പത്തിക വിദഗ്ധ ഷാമിക […]

3 July 2021 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സാബുവിന്റെ പിന്‍മാറ്റം; പിന്നാലെ കേരളത്തെ താറടിക്കാന്‍ സംഘപരിവാര്‍ ശ്രമം; പൊളിച്ച് ഹര്‍ഷ് ഗോയെങ്ക
X

വ്യാവസായിക മുതല്‍മുടക്കിന് കേരളം അനുയോജ്യമല്ലെന്ന പ്രചരണം പൊളിച്ച് ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക. കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കുന്നുയെന്ന സാബു ജേക്കബിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സംഘ്പരിവാര്‍ അനുഭാവികളടക്കമുള്ളവര്‍ കേരളത്തെ താറടിച്ച് കൊണ്ട് ദേശീയതലത്തില്‍ രംഗത്തെത്തിയിരുന്നത്. ഇതിനിടയാണ് പ്രതികരണവുമായി ഹര്‍ഷ് വര്‍ധന്‍ ഗോയെങ്ക രംഗത്തെത്തിയത്.

‘കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന്‍ പോകുന്നു.’ ഇതിന് കാരണം സിപിഐഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പീഡനമാണെന്ന് പറഞ്ഞുകൊണ്ടുള്ള സ്വരാജ്യ മാഗസിന്‍ ലേഖനം സാമ്പത്തിക വിദഗ്ധ ഷാമിക രവി റീട്വീറ്റ് ചെയ്തിരുന്നു. ഇതിനായിരുന്നു ഹര്‍ഷ് ഗോയെങ്കയുടെ മറുപടി. കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്നാണ് ഹര്‍ഷ് ഗോയെങ്ക പ്രതികരിച്ചത്. ഷാമിക രവിയുടെ ട്വീറ്റായിരുന്നു സംഘപരിവാര്‍ പ്രൊഫൈലുകളുടെ പ്രധാനആയുധം.

ഹര്‍ഷ് ഗോയെങ്ക പറഞ്ഞത്: ”ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കള്‍. കേരള സര്‍ക്കാര്‍ അത്യധികം പിന്തുണ നല്‍കുന്നവരായിട്ടാണ് ഞങ്ങള്‍ക്ക് അനുഭവപ്പെട്ടിട്ടുള്ളത്.”

Image

കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ കിറ്റെക്‌സ് കമ്പനിയില്‍ അനാവശ്യ പരിശോധനകള്‍ നടത്തുന്നുവെന്നാരോപിച്ച് 3,500 കോടി രൂപയുടെ പദ്ധതി ധാരണാപത്രത്തില്‍ നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്. ഇതിന് പിന്നാലെയാണ് തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷണമെന്നും സാബു അവകാശപ്പെട്ടിരുന്നു. തുടര്‍ന്നാണ് കേരളത്തെ താറടിച്ച് ദേശീയതലത്തില്‍ സംഘപരിവാര്‍ പ്രൊഫൈലുകള്‍ പ്രചരണം ആരംഭിച്ചത്.

അതേസമയം, വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില്‍ നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര്‍ മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റെക്സ് ഉന്നയിച്ച പരാതികള്‍ പരിശോധിക്കാന്‍ വ്യവസായ വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തു. നിയമപ്രകാരം വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പി രാജീവ് വ്യക്തമാക്കിയിട്ടുണ്ട്. നാടിന് ക്ഷീണം ഉണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും പി രാജീവ് വ്യക്തമാക്കി. ‘കിറ്റെക്‌സ് മാനേജ്‌മെന്റിനെ 28ന് തന്നെ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരന്‍ ബോബി ജേക്കബുമായി സംസാരിച്ചിരുന്നു. നാടിനു അപകീര്‍ത്തിപരമായ രീതിയില്‍ പോകണോയെന്ന് അവര്‍ തീരുമാനിക്കേണ്ടതായിരുന്നു. കിറ്റെക്‌സിന് കെ സുരേന്ദ്രന്റെ വക്കാലത്തിന്റെ ആവശ്യം ഉണ്ടോ. അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവര്‍ ആണ്. സര്‍ക്കാര്‍ നടപടികള്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ അല്ല. വിഷയത്തെ 20-20യുമായി കൂട്ടി കലര്‍ത്തേണ്ട കാര്യം ഇല്ല.’ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചത് കൊണ്ട് എല്‍ഡിഎഫിന് ഒന്നും നഷ്ടപ്പെട്ടില്ലെന്നും പി രാജീവ് പറഞ്ഞു. നടന്നത് എന്തെന്ന് പരിശോധിക്കുമെന്നും പ്രശ്‌നം ഗൗരവമായി കാണുമെന്നും രാജീവ് പറഞ്ഞു. പദ്ധതിയുമായി ഇനി കിറ്റെക്‌സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ, കിറ്റെക്‌സ് കമ്പനിക്ക് പിന്തുണയുമായി വ്യവസായി എം എ യൂസഫലി രംഗത്തെത്തി. കിറ്റെക്‌സ് കേരളം വിട്ടുപോകരുതെന്ന് ആഗ്രഹിക്കുന്നതായി യൂസഫലി പറഞ്ഞു. 3500 കോടിയുടെ നിക്ഷേപമായാലും ഒരു കോടിയുടെ നിക്ഷേപം ആയാലും അത് കേരളത്തിന് വലുതാണ്. വ്യവസായ സംരംഭങ്ങള്‍ കേരളം വിട്ടുപോകുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും യൂസഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കിറ്റെക്‌സ് എം. ഡി സാബു ജേക്കബുമായി ഇതുസംബന്ധിച്ച് താന്‍ സംസാരിക്കുമെന്നും എം എ യൂസഫലി പറഞ്ഞു.

Next Story