ഹിന്ദുത്വം മൃദുവാക്കണമെന്ന് ഒരു വിഭാഗം; നമ്മുടെ അടിസ്ഥാനആശയം ഹിന്ദുത്വമാണെന്ന് മറുഭാഗത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍; ബിജെപി യോഗത്തില്‍ തര്‍ക്കം
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്.
6 July 2021 10:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കേരളത്തിന്റെ സവിശേഷ രാഷ്ട്രീയ പശ്ചാത്തലത്തില്‍ പാര്‍ട്ടി ആശയങ്ങളില്‍ നേരിയ മാറ്റങ്ങള്‍ വരുത്തുന്നതിന്റെ ഭാഗമായി ഹിന്ദുത്വം മൃദുവാക്കണമെന്ന് ബിജെപി ഭാരവാഹി യോഗത്തില്‍ ആവശ്യം. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ ആശയം മൃദുവാകണമെന്ന് ഒരു വിഭാഗവും ഹിന്ദുത്വമാണ് ബിജെപിയുടെ അടിസ്ഥാന ആശയമെന്ന് പാര്ട്ടിക്കുള്ളിലെതന്നെ മറുഭാഗവും ആവശ്യപ്പെട്ടതോടെ യോഗത്തില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. ക്രിസ്ത്യന്‍-മുസ്ലിം വോട്ടുകളെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഹിന്ദുത്വം മൃദുവാക്കണമെന്നാണ് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സംസ്ഥാന പ്രഭാരി സിപി രാധാകൃഷ്ണന് ഈ നിര്‍ദ്ദേശത്തെ ശക്തിയുക്തം എതിര്‍ക്കുകയായിരുന്നു. ആദ്യം ഹിന്ദു വോട്ടുകള്‍ നേടണമെന്നാണ് നിര്‍ദേശമുണ്ടായത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനമാണ് യോഗത്തില്‍ ഉയര്‍ന്നത്. സംഘടനാതലത്തിലെ പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേണ്ടത്ര മുന്നൊരുക്കമില്ലാത്തതിനാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്തതിലുണ്ടായ പിഴവ് പരാജയത്തിന് കാരണമായെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സിപിഐഎമ്മിലേയും കോണ്‍ഗ്രസിലേയും പ്രധാന നേതാക്കള്‍ മത്സര രംഗത്തേക്ക് ഇറങ്ങാതെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചപ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചത് പാര്‍ട്ടിക്ക് മോശം പ്രതിഛായ ഉണ്ടാക്കിയെന്നാണ് പൊതുവായ വിലയിരുത്തല്‍. എന്നാല്‍ സുരേന്ദ്രന് രണ്ടിടത്ത് മത്സരിച്ചത് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും സുരേന്ദ്രന് അത് അനുസരിക്കുക മാത്രമായിരുന്നുവെന്നും സിപി രാധാകൃഷ്ണന് മറുപടി പറഞ്ഞു.
സംസ്ഥാന അധ്യക്ഷനെതിരായ മറ്റ് ആരോപണങ്ങള്‍ ഒറ്റക്കെട്ടായി നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചത്. ദേശീയ നിര്‍വ്വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് യോഗത്തിലുടനീളം പൂര്‍ണ്ണമായി മൗനം പാലിക്കുകയായിരുന്നു. അച്ചടക്കലംഘനം അനുവദിക്കില്ലെന്ന് സിപി രാധാകൃഷ്ണന് എല്ലാവരെയും ഓര്‍മ്മിപ്പിച്ചിരുന്നു. പോഷക സംഘടനകളെ സമരസംഘടനകളാക്കാനും പഠനക്യാമ്പുകള്‍ തുടങ്ങാനും തീരുമാനമായി. ഡിവൈഎഫ്ഐ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ സേവാഭാരതിക്ക് ഭീഷണിയാകുമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.