
കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്റെ കുടുംബം മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത്. മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കുന്നതിൽ വീഴ്ച്ചയുണ്ടായി എന്നും മുഖ്യമന്ത്രി നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് പൊലീസ് കാര്യങ്ങൾ അന്വേഷിച്ചത് എന്നുമാണ് ഹാരിസിന്റെ കുടുംബം ആരോപിക്കുന്നത്.
ഹാരിസിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളെജിനെ കുറിച്ച് കുടുംബം നൽകിയ പരാതി വ്യാജമാണെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതെന്നും അതാകും അന്വേഷണം ഈ വിധം അവസാനിപ്പിച്ചത് എന്നും ഹാരിസിന്റെ കുടുംബം ആരോപിച്ചു.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹാരിസിന്റെ മരണം ഓക്സിജന്‍ കിട്ടാതെയായിരുന്നു എന്ന വിവാദത്തെ തുടർന്ന് മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ആവശ്യപെട്ട് കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് ചികിത്സയിലിരിക്കെ രോഗികൾ മരിച്ചതിൽ ആശുപത്രി അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പൊലീസും ആരോഗ്യ വകുപ്പും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടാതെ ഹാരിസിന്റെ മരണം പൊലീസ് രേഖപ്പെടുത്തിയിരിക്കുന്നതിലും പിശകുകൾ സംഭവിച്ചിട്ടുണ്ട്.
ഈ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് തങ്ങളുടെ തീരുമാനം എന്നാണ് ഹാരിസിന്റെ കുടുംബം അറിയിക്കുന്നത്.