സേഫാണോ ഹരിപ്പാടെന്ന ആശങ്ക തിരുത്താന്‍ ചെന്നിത്തല; പ്രതിപക്ഷ നേതാവ് ഇമേജ് രക്ഷിക്കുമെന്ന് കണക്കുകൂട്ടല്‍
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമെന്ന നിലയില്‍ സംസ്ഥാനത്തെ താരമണ്ഡലങ്ങളിലൊന്നായ ഹരിപ്പാട് ഇത്തവണയും കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കളങ്ങളിലൊന്നാണ്. മണ്ഡലം പിന്നിട്ട പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഏഴുവീതം വിജയങ്ങള്‍ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് നല്‍കിയിട്ടുള്ള മണ്ഡലത്തില്‍ ഇരുമുന്നണികളും തുല്യശക്തരാണ്. കോണ്‍ഗ്രസിന്റെ ഏഴുവിജയങ്ങളില് നാലിലും സ്ഥാനാര്‍ഥിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇത് അഞ്ചാമങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി യുഡിഎഫ് എത്തുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുണ്ടാക്കാനായ മുന്നേറ്റത്തില്‍ ഇടതുമുന്നണിക്കും മണ്ഡലത്തില്‍ വാശിയേറും. ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ […]
4 April 2021 3:24 AM GMT
അനുപമ ശ്രീദേവി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമെന്ന നിലയില്‍ സംസ്ഥാനത്തെ താരമണ്ഡലങ്ങളിലൊന്നായ ഹരിപ്പാട് ഇത്തവണയും കേരളം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് കളങ്ങളിലൊന്നാണ്. മണ്ഡലം പിന്നിട്ട പതിനാല് തെരഞ്ഞെടുപ്പുകളില്‍ ഏഴുവീതം വിജയങ്ങള്‍ എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികള്‍ക്ക് നല്‍കിയിട്ടുള്ള മണ്ഡലത്തില്‍ ഇരുമുന്നണികളും തുല്യശക്തരാണ്. കോണ്‍ഗ്രസിന്റെ ഏഴുവിജയങ്ങളില് നാലിലും സ്ഥാനാര്‍ഥിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ഇത് അഞ്ചാമങ്കമാണ്. തദ്ദേശതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ശക്തമായ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുമായി യുഡിഎഫ് എത്തുമ്പോള്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തിലുണ്ടാക്കാനായ മുന്നേറ്റത്തില്‍ ഇടതുമുന്നണിക്കും മണ്ഡലത്തില്‍ വാശിയേറും.
ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍ നിന്ന് സിപിഐയുടെ ആര് സജിലാലും എന്‍ഡിഎയില്‍ നിന്ന് ബിജെപിയുടെ കെ സോമനുമാണ് ഹരിപ്പാട് സ്ഥാനാര്‍ത്ഥികള്‍. ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് അനുകൂല തരംഗത്തില്‍ പോലും മൂന്നിലൊന്നായി ലീഡ് കുറഞ്ഞ മണ്ഡലം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ യുഡിഎഫിനെ ആശങ്കയിലാക്കിയിരുന്നു. എന്നാല്‍ രമേശ് ചെന്നിത്തല മത്സരിക്കുന്ന മണ്ഡലത്തില്‍ ഒരട്ടിമറി പ്രതീക്ഷിക്കാനില്ലെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടല്‍. സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം തെളിയിക്കാനായ പ്രതിപക്ഷ നേതാവെന്ന ടാഗ് ലൈനുമായാണ് ഹരിപ്പാട് ചെന്നിത്തല ജനവിധി തേടുന്നത്. മണ്ഡലം തനിക്ക് അമ്മയെപ്പോലെയാണെന്ന് പറയുന്ന പ്രതിപക്ഷ നേതാവ് മകനെ അമ്മ കൈവിടില്ലെന്ന ആത്മവിശ്വാസത്തിലാണ്. എന്നാല്‍ അട്ടിമറിക്കുള്ള എല്ലാ സാധ്യതകളും തിരയുന്ന എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ ശക്തമായ പോരാട്ടം തന്നെയുണ്ടാകുമെന്നാണ് വാദിക്കുന്നത്.
ഇടത് സ്വതന്ത്രനായ വി രാമകൃഷ്ണപിള്ളയുടെ വിജയത്തിലൂടെയാണ് മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം ആരംഭിക്കുന്നത്. 1960, 1965 തെരഞ്ഞെടുപ്പുകളില്‍ കോണ്ഗ്രസിനൊപ്പമായ മണ്ഡലം 60-ല്‍ എസ് എന്‍ കൃഷ്ണ പിള്ളയെയും 65-ല്‍ കെ പി രാമകൃഷ്ണന്നായരെയും മണ്ഡലത്തില്‍ വിജയിപ്പിച്ചു. 1967-ല്‍ സിപിഐഎം മണ്ഡലം തിരിച്ചുപിടിച്ചു. പ്രമുഖ ഇടത് നേതാവ് സിബിസി വാര്യര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ പി ആര് നായരെ പിന്തള്ളി നേടിയ 1967-ലെ തെരഞ്ഞെടുപ്പ് വിജയത്തെ 1970-ല്‍ പ്രമുഖ സ്ഥാനാര്‍ഥി തച്ചടി തങ്കച്ചനെ കളത്തിലിറക്കി അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടു.
എന്നാല്‍ 1977-ല്‍ പിഎസ്പി സ്വതന്ത്രന് ജി പി മംഗലത്തുമഠത്തിലൂടെ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ചു. അന്ന് മണ്ഡലത്തില്‍ പരാജയപ്പെട്ട സിപിഐഎം സ്ഥാനാര്‍ഥി സിബിഎസ് വാര്യര്‍ 1980-ല്‍ മംഗലത്ത് മഠത്തില്‍ നിന്നുതന്നെ മണ്ഡലം തിരിച്ചുപിടിച്ചു. തുടര്‍ന്ന് 1982 -ലെ തെരഞ്ഞെടുപ്പിലാണ് ഇന്ന് കേരളത്തിന്റെ പ്രതിപക്ഷനേതാവായ രമേശ് ചെന്നിത്തല കോണ്‍ഗ്രസിന്റെ യുവ സ്ഥാനാര്‍ഥിയായി മണ്ഡലത്തിലേക്കെത്തുന്നത്. വിദ്യാര്‍ഥി നേതാവായിരുന്ന ചെന്നിത്തല കെഎസ്യു ദേശീയ അധ്യക്ഷനായിരിക്കെയാണ് ഹരിപ്പാട് നിന്ന് ആദ്യമായി നിയമസഭയിലെത്തുന്നത്. ആ തെരഞ്ഞെടുപ്പ് വിജയത്തിലൂടെ 29-ാം വയസില്‍ കേരളത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി കെ കരുണാകരന് മന്ത്രിസഭയില്‍ അദ്ദേഹം സ്ഥാനമേറ്റു. 1982ല്‍ സിപിഐഎം സ്ഥാനാര്‍ഥിയായ പി ജി തമ്പിയെയും 1987-ല്‍ ഇടത് സ്വതന്ത്രന് എ വി താമരാക്ഷനെ പിന്തള്ളിയായിരുന്നു ചെന്നിത്തല മണ്ഡലം നിലനിര്‍ത്തിയത്.
1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്തുനിന്ന് മത്സരിച്ചു വിജയിച്ച രമേശ് ചെന്നിത്തല എംഎല്‍എ സ്ഥാനം രാജി വെച്ചു. തുടര്‍ന്ന് 1991-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലനിര്‍ത്തിയ മണ്ഡലത്തില്‍ ആര്‍എസ്പി സ്ഥാനാര്‍ഥി എ വി താമരാക്ഷനെ പരാജയപ്പെടുത്തി കെ കെ ശ്രീനിവാസനാണ് വിജയിച്ചത്. 1996-ല്‍ ഇടതുമുന്നണിയിലെ ആര്‍എസ്പി സ്ഥാനാര്‍ഥിയായ എ വി താമരാക്ഷന്‍ മണ്ഡലത്തിലേക്ക് വിജയിച്ച് തിരിച്ചെത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എന്‍ മോഹന്‍ കുമാറിനെ പരാജയപ്പെടുത്തിയായിരുന്നു തിരിച്ചുവരവ്. ഇക്കാലയളവില്‍ 1991, 96, 99 തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് പാര്‍ലമെന്റ് അംഗമായിരുന്നു രമേശ് ചെന്നിത്തല.

2001-ല്‍ ഹരിപ്പാട് 11-ാം തെരഞ്ഞെടുപ്പ് നേരിട്ടപ്പോള്‍ യുഡിഎഫ് മുന്നണിയുടെ ഭാഗമായിരുന്ന ആര്‍എസ്പി(ബി) സ്ഥാനാര്‍ഥിയായ എ വി താമരാക്ഷനെ പരാജയപ്പെടുത്തി സിപിഐഎം മണ്ഡലത്തില്‍ വിജയിച്ചു. ഇതിനിടെ 2004-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാവേലിക്കര സീറ്റില്‍ സിപിഐഎമ്മിന്റെ സി എസ് സുജാതയോട് പരാജയപ്പെട്ട ചെന്നിത്തല 2005-ല്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു.
Also Read : കെഎസ്ഇബി-അദാനി കരാറിന്റെ രേഖകളുമായി ചെന്നിത്തല; ‘ആരാണ് കള്ളം പറയുന്നതെന്ന് മുഖ്യമന്ത്രി പറയണം’
2006-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഡ്വ ബി ബാബുപ്രസാദ് ടി കെ ദേവകുമാറിനെ 1886 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു. 2011-ല്‍ എല്‍ഡിഎഫില്‍ സിപിഐ ഏറ്റെടുത്ത മണ്ഡലത്തില്‍ ജി കൃഷ്ണകുമാറിനെ പരാജയപ്പെടുത്തിയായിരുന്നു രമേശ് ചെന്നിത്തലയുടെ മടങ്ങിവരവ്. തുടര്‍ന്ന് 2011-ല്‍ അധികാരത്തിലേറിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 2014 മുതല്‍ 2016 വരെയുള്ള ആഭ്യന്തരമന്ത്രിയായിരുന്നു രമേശ് ചെന്നിത്തല. 2016-ലെ തെരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി പി പ്രസാദിനെ പരാജയപ്പെടുത്തി അദ്ദേഹം വീണ്ടും വിജയിച്ചു. 2011-ലേതിനേക്കാള്‍ മുന്നിരട്ടി വോട്ടുകളുടെ അധിക ഭൂരിപക്ഷമാണ് ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്ക് നല്‍കിയത്.
അതേസമയം, 2021-ലെ തെരഞ്ഞെടുപ്പില്‍ ചെന്നിത്തല ഹരിപ്പാട് വിടുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചതോടെയാണ് മണ്ഡലം വാര്‍ത്താശ്രദ്ധ പിടിച്ചുപറ്റിയത്. എന്നാല്‍ ഹരിപ്പാട് മണ്ഡലത്തെ താന്‍ അമ്മയെപ്പോലെയാണ് സ്നേഹിക്കുന്നതെന്നും മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്നും പറഞ്ഞ ചെന്നിത്തല റിപ്പോര്‍ട്ടുകളെ പൂര്‍ണ്ണമായി തള്ളി. ഹരിപ്പാട് നഗരസഭ, കരുവാറ്റ, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, കാര്‍ത്തികപ്പള്ളി, ചിങ്ങോലി, മുതുകുളം, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, കുമാരപുരം, പഞ്ചായത്തുകളും ചേര്‍ന്നതാണ് ഹരിപ്പാട് മണ്ഡലം. ഇതില്‍ എട്ട് പഞ്ചായത്തുകളുടെയും നഗരസഭയുടെയും ഭരണം കൈയ്യിലുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ മുന്ന് പഞ്ചായത്തുകളിലാണ് വിജയിക്കാനായത്. നഗരസഭാ ഭരണം നിലനിര്‍ത്താനും വിയര്‍ക്കേണ്ടി വന്നിരുന്നു. ചെന്നിത്തല നേരിട്ട് മേല്‍നോട്ടം വഹിച്ചിട്ടുകൂടിയായിരുന്നു നഗരസഭയിലെ തിളക്കം മങ്ങിയ വിജയം എന്നതാണ് കോണ്‍ഗ്രസിന്റെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. മൂവായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് മണ്ഡലത്തില്‍ നേടിയത്. അതേസമയം ബിജെപിയുമായുള്ള വോട്ട് കച്ചവടവിവാദവും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി. ബിജെപിയിലേക്കുള്ള വോട്ടുചോര്‍ച്ചയുണ്ടായി എന്നത് കോണ്‍ഗ്രസ് തന്നെ അംഗീകരിക്കുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത് ബാധിക്കാതിരിക്കാനുള്ള തയ്യാറാടെപ്പുകളിലാണ് യുഡിഎഫ്.
എന്നാല്‍ ഇതിനിടെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് നിയാസ് ഭാരതി ഹരിപ്പാട് വിമതനീക്കവുമായി രംഗത്തുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ അനീതിയിലും അസമത്വത്തിലും പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്നായിരുന്നു നിയാസ് ഭാരതിയുടെ പക്ഷം. നേതൃത്വം ഇടപെട്ട് അനുനയ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ ഇദ്ദേഹം തയ്യാറായിരുന്നില്ല. മത്സരത്തിലൂടെ പരമാവധി വോട്ടുകള്‍ സമാഹരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും നിയാസ് വ്യക്തമാക്കിയിരുന്നു.

തദ്ദേശതെരഞ്ഞെടുപ്പില്‍ 3383 വോട്ടുകളുടെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍ഡിഎഫിനുള്ളത്. ഇത്തവണ സീറ്റ് സിപിഐഎമ്മുമായി വെച്ചുമാറുമെന്നും 2006-ല്‍ വെറും 1886 വോട്ടുകള്‍ക്ക് ബി ബാബുപ്രസാദിനോട് പരാജയപ്പെട്ട മുന്‍ എംഎല്‍എ ടി കെ ദേവകുമാറിനെ വീണ്ടും രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനായിരിക്കും എല്‍ഡിഎഫ് നീക്കമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ മണ്ഡലം കമ്മിറ്റിയുടെയും ജില്ലാ എക്സിക്യൂട്ടീവിന്റേയും നിര്‍ദ്ദേശങ്ങള്‍ തള്ളിയ സിപിഐ നേതൃത്വം എവൈഎഫ് സംസ്ഥാ പ്രസിഡന്റ് ആര് സജിലാലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. അതേസമയം ഈ നീക്കത്തോട് പ്രതിഷേധിച്ച് ജില്ലാ കൗണ്‍സില്‍ അംഗം തമ്പി മേട്ടുത്തറ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച് കുട്ടനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായത് സിപിഐക്ക് തിരിച്ചടിയായിരുന്നു.
എന്‍ഡിഎ മുന്നണിയില്‍ നിന്ന് കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി മത്സരിച്ച മണ്ഡലത്തില്‍ 2011-ല്‍ അജിത് ശങ്കറിന് 3145 വോട്ടുകളും 2016-ല്‍ ഡി അശ്വിന്‍രാജിന് 12985 വോട്ടുകളുമാണ് നേടാനായിരുന്നത്. ജില്ലയിലൊട്ടാകെ വലിയ മുന്നേറ്റമുണ്ടാക്കാനായ ബിജെപിക്ക് ഏറ്റവും കുറവ് വോട്ടുകള്‍ ലഭിച്ച മണ്ഡലമായിരുന്നു ഹരിപ്പാട്. അതിനാല്‍ ഇത്തവണ മണ്ഡലം ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാലിത്തവണയും 2016-ലെ സ്ഥാനാര്‍ത്ഥി കെ സോമന് തന്നെ രണ്ടാമൂഴത്തിന് അവസരം കൊടുത്തുകൊണ്ടായിരുന്നു എന്‍ഡിഎ തീരുമാനം.

ബിഡിജെഎസില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചാല്‍ ഈഴവ സമുദായാംഗങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ശക്തമായ പ്രകടനം കാഴ്ചവെക്കാനാകുമെന്ന തുഷാര്‍ വെള്ളാപ്പള്ളി വാദം തള്ളിക്കൊണ്ടാണ് ഇത്തവണയും ബിജെപി സ്ഥാനാര്‍ത്ഥി തന്നെ മത്സരത്തിനിറങ്ങുന്നത്.
Also Read : വട്ടിയൂര്‍ക്കാവ് വീണ്ടും വി കെ പ്രശാന്ത് ഉറപ്പിക്കുമോ ? ത്രികോണ പോരില്‍ ആധിപത്യം ആര്‍ക്ക്