Top

ആ നടുവേദന നാടകമല്ല, എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരുമല്ല; ശിവശങ്കറിന്റെ രോഗത്തിന്റെ അനുഭവ കുറിപ്പുമായി ഹരീഷ് വാസുദേവന്‍

മുമ്പും നടുവേദനയുടെ കാര്യം ശിവശങ്കര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ഹരീഷ് വാസുദേവന്‍

17 Oct 2020 11:20 PM GMT

ആ നടുവേദന നാടകമല്ല, എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരുമല്ല; ശിവശങ്കറിന്റെ രോഗത്തിന്റെ അനുഭവ കുറിപ്പുമായി ഹരീഷ് വാസുദേവന്‍
X

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ നടുവേദന നാടകമല്ലെന്ന് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. 2017ല്‍ തന്റെ വിവാഹ സമയത്തും നടുവേദന കാരണം വരാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നെന്ന് ഹരീഷ് വ്യക്തമാക്കി. രോഗാവസ്ഥയെക്കുറിച്ച് ശിവശങ്കരന്‍ പറയുന്ന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പുറത്തുവിട്ടാണ് ഹരീഷ് ഫേസ്ബുക്ക് പോസ്റ്റില്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സ്പ്രിംങ്കള്‍ കേസില്‍ കോടതി കയറിയല്ലേ എന്ന് താന്‍ ശിവശങ്കറിനോട് ചോദിച്ചപ്പോള്‍, കാടതി കയറിയതില്‍ സങ്കടമില്ല, നിരന്തരമായ ഈ കാര്‍ യാത്ര എന്റെ നടുവേദന കൂട്ടി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. പറഞ്ഞു.

മുമ്പും നടുവേദനയുടെ കാര്യം ശിവശങ്കര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും ഹരീഷ് വാസുദേവന്‍ പറയുന്നു. ‘2017 ഒക്ടോബര്‍ അവസാനമാണ് എന്റെ വിവാഹം. നവംബര്‍ 5 നു കൊച്ചിയില്‍ താമസം തുടങ്ങിയപ്പോള്‍ വന്നു കാണാമെന്നു സമ്മതിച്ചവരില്‍ ഒരാള്‍ ശിവശങ്കര്‍ കഅട ആയിരുന്നു. 2017 ല്‍ സിഎംഒ-യില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് നിരന്തരം കയറിയിറങ്ങി ഉണ്ടായ ഔദ്യോഗിക സൗഹൃദമാണ്. ‘വലിയ നടുവേദന കാരണം യാത്ര പറ്റുന്നില്ല’ എന്ന മെസേജ് ഇപ്പോഴും വാട്‌സ് ആപ്പ് ഹിസ്റ്ററിയിലുണ്ട്’, ഹരീഷ് പറഞ്ഞു.

‘2019 ആഗസ്റ്റ് 22 നു ഔദ്യോഗികമായ ഒരാവശ്യത്തിനു അപ്പോയിന്മെന്റ് ചോദിച്ചു മെസേജ് അയച്ചപ്പോള്‍ മറുപടി. ‘ഒരാഴ്ചയായി ബെഡ് റെസ്റ്റിലാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞു 2 ആഴ്ച അനങ്ങരുതെന്നു പറഞ്ഞപ്പോഴാണ് വെള്ളപ്പൊക്കം വന്നത്. ജോലി മൂലം വീണ്ടും ഡിസ്‌ക് സ്ലിപ്, എന്നെ കിടത്തി. അടുത്ത ആഴ്ചയിലേ സര്‍വീസില്‍ തിരികെ കേറൂ. എന്റെ അമ്മയ്ക്ക് നടുവേദനയ്ക് ചികിത്സ നടന്നതിനാല്‍ ഞാനിത് ഓര്‍ത്തു’.

ശിവശങ്കരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. കസ്റ്റംസ് അറസ്റ്റ് ചെയ്യുമെന്ന ഘട്ടമെത്തിയപ്പോള്‍ ശിവശങ്കരന്‍ പുറത്തെടുത്ത നാടകമാണ് നടുവേദനയെന്നായിരുന്നു പ്രധാന ആരോപണം.

‘സ്പ്രിംഗ്ളര്‍ കേസില്‍ ഞാന്‍ ചാനലുകളിലും ഫേസ്ബുക്കിലും ശിവശങ്കറിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിക്കുന്ന കാലം. ഹൈക്കോടതിക്ക് പുറത്തുവെച്ചു കണ്ടപ്പോള്‍ കുശലം ചോദിച്ചു, ‘ചട്ടം നോക്കാതെ ഓരൊന്നൊക്കെ ചെയ്തിപ്പോള്‍ കോടതി കയറിയില്ലേ’. അപ്പോള്‍ മറുപടി ‘കോടതി കയറിയതില്‍ സങ്കടമില്ല, നിരന്തരമായ ഈ കാര്‍ യാത്ര എന്റെ നടുവേദന കൂട്ടി.’
ഡിസ്‌ക് പ്രൊലാപ്സ് എന്ന അസഹ്യമായ വേദനയുള്ള ഒരസുഖം ശിവശങ്കര്‍ ഐഎഎസിനു വര്‍ഷങ്ങളായി ഉള്ളതായി എനിക്ക് നേരിട്ടറിയാം. തൊഴില്‍പരമായി അങ്ങേരുമായി ബന്ധപ്പെടുന്ന സെക്രട്ടേറിയേറ്റിലെ മിക്കവര്‍ക്കും ഇത് അറിയാമായിരിക്കണം’, ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ രൂപം:

ആ നടുവേദന നാടകമല്ല.
2017 ഒക്ടോബര്‍ അവസാനമാണ് എന്റെ വിവാഹം. നവംബര്‍ 5 നു കൊച്ചിയില്‍ താമസം തുടങ്ങിയപ്പോള്‍ വന്നു കാണാമെന്നു സമ്മതിച്ചവരില്‍ ഒരാള്‍ ശിവശങ്കര്‍ IAS ആയിരുന്നു. 2017 ല്‍ CMO യില്‍ മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച് നിരന്തരം കയറിയിറങ്ങി ഉണ്ടായ ഔദ്യോഗിക സൗഹൃദമാണ്. ‘വലിയ നടുവേദന കാരണം യാത്ര പറ്റുന്നില്ല’ എന്ന മെസേജ് ഇപ്പോഴും whatsapp history യിലുണ്ട്.

2019 ആഗസ്റ്റ് 22 നു ഔദ്യോഗികമായ ഒരാവശ്യത്തിനു അപ്പോയിന്മെന്റ് ചോദിച്ചു മെസേജ് അയച്ചപ്പോള്‍ മറുപടി. ‘ഒരാഴ്ചയായി ബെഡ് റെസ്റ്റിലാണ്. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ചികിത്സ കഴിഞ്ഞു 2 ആഴ്ച അനങ്ങരുതെന്നു പറഞ്ഞപ്പോഴാണ് വെള്ളപ്പൊക്കം വന്നത്. ജോലി മൂലം വീണ്ടും ഡിസ്‌ക് സ്ലിപ്, എന്നെ കിടത്തി. അടുത്ത ആഴ്ചയിലേ സര്‍വീസില്‍ തിരികെ കേറൂ’ (whatsapp chat history യില്‍ ഇതും). എന്റെ അമ്മയ്ക്ക് നടുവേദനയ്ക് ചികിത്സ നടന്നതിനാല്‍ ഞാനിത് ഓര്‍ത്തു.

സ്പ്രിംഗ്ളര്‍ കേസില്‍ ഞാന്‍ ചാനലുകളിലും ഫേസ്ബുക്കിലും ശിവശങ്കറിനെതിരെ ശക്തമായി വിമര്‍ശനം ഉന്നയിക്കുന്ന കാലം. ഹൈക്കോടതിക്ക് പുറത്തുവെച്ചു കണ്ടപ്പോള്‍ കുശലം ചോദിച്ചു, ‘ചട്ടം നോക്കാതെ ഓരൊന്നൊക്കെ ചെയ്തിപ്പോള്‍ കോടതി കയറിയില്ലേ’. അപ്പോള്‍ മറുപടി ‘കോടതി കയറിയതില്‍ സങ്കടമില്ല, നിരന്തരമായ ഈ കാര്‍ യാത്ര എന്റെ നടുവേദന കൂട്ടി.’

ഡിസ്‌ക് പ്രൊലാപ്സ് എന്ന അസഹ്യമായ വേദനയുള്ള ഒരസുഖം ശിവശങ്കര്‍ IAS നു വര്‍ഷങ്ങളായി ഉള്ളതായി എനിക്ക് നേരിട്ടറിയാം. തൊഴില്‍പരമായി അങ്ങേരുമായി ബന്ധപ്പെടുന്ന സെക്രട്ടേറിയേറ്റിലെ മിക്കവര്‍ക്കും ഇത് അറിയാമായിരിക്കണം.

മെഡിക്കല്‍ ലീവും റീഇമ്പേഴ്സ്‌മെന്റ് എടുത്ത ചികിത്സയും ഒക്കെയായി സര്‍ക്കാരില്‍ തന്നെ വ്യക്തമായ തെളിവുള്ള കാര്യമാണ് ഇത്. വിവരാവകാശ പ്രകാരം അന്വേഷിച്ചാല്‍ പോലും കിട്ടാവുന്ന തെളിവ്.
ഏത് കൊലക്കേസിലെ പ്രതിയെപ്പറ്റി ആണെങ്കിലും ‘അയാളുടെ നടുവേദന ഒക്കെ വെറും തട്ടിപ്പാ’ണെന്ന് ഒന്നുമന്വേഷിക്കാതെ ചുമ്മാ വെച്ചു കീറുന്ന നിരീക്ഷകന്മാര്‍ മനുഷ്യത്വരഹിതരാണ്.
കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം.

പക്ഷെ ഒരാളുടെ രോഗം അറിയാതെ നുണയാണെന്നു പറയരുത്. എല്ലാവരും കീഴൂട്ട് ബാലകൃഷ്ണപിള്ളമാരല്ല.

കരമനയിലെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് എം ശിവശങ്കറിനെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിരിക്കുകയാണ്. നട്ടെല്ലിലെ ഡിസ്‌കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റിയത്. പിആര്‍എസ് ആശുപത്രിയില്‍ നിന്ന് ശിവശങ്കറിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തിറങ്ങി. വിദഗ്ധ ചികിത്സ വേണമെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story