ആദ്യം കേട്ടത് വി ഗിരിയുടെ പേര്; ലാവ്ലിനില് പിണറായി വിജയന് വേണ്ടി എത്തിയത് ഹരീഷ് സാല്‍വേ
ദില്ലി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ. മുഖ്യമന്ത്രിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിവി ഗിരി ഹാജരാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കോടതിയിലെത്തിയത് ഹരീഷ് സാല്‍വേയായിരുന്നു. നേരത്തെ ഹൈക്കോടതിയിലും ഹരീഷ് സാല് വേ തന്നെയാണ് പിണറായി വിജയന് വേണ്ടി ഹാജരായത്. ഭരണഘടനാ, വ്യാപാര, നികുതി നിയമങ്ങളില്‍ കേന്ദ്രീകരിച്ച് കോടതിയില്‍ ഹാജരാവുന്ന പ്രമുഖ അഭിഭാഷകനാണ്. 1999 നവംബര്‍ ഒന്നു മുതല്‍ 2002 നവംബര്‍ മൂന്നുവരെ […]

ദില്ലി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത് പ്രമുഖ അഭിഭാഷകന് ഹരീഷ് സാല്‍വേ. മുഖ്യമന്ത്രിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് വിവി ഗിരി ഹാജരാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കോടതിയിലെത്തിയത് ഹരീഷ് സാല്‍വേയായിരുന്നു.
നേരത്തെ ഹൈക്കോടതിയിലും ഹരീഷ് സാല് വേ തന്നെയാണ് പിണറായി വിജയന് വേണ്ടി ഹാജരായത്. ഭരണഘടനാ, വ്യാപാര, നികുതി നിയമങ്ങളില്‍ കേന്ദ്രീകരിച്ച് കോടതിയില്‍ ഹാജരാവുന്ന പ്രമുഖ അഭിഭാഷകനാണ്. 1999 നവംബര്‍ ഒന്നു മുതല്‍ 2002 നവംബര്‍ മൂന്നുവരെ സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയായിരുന്നു.
സിബിഐയ്ക്കുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഹാജരായി. സിബിഐയുടെ വാദമാണ് കോടതി ആദ്യം പരിഗണിച്ചത്. രണ്ട്തരം ഹര്‍ജികള്‍ കോടതിയിയുടെ പരിഗണനയിലുണ്ടായിരുന്നു. മൂന്ന് പ്രതികളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിരെ സിബിഐ നല്‍കിയതാണ് ഒന്നാം അപ്പീല്‍. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് റദ്ദ് ചെയ്ത ഹൈക്കോടതിയെ ചോദ്യം ചെയ്ത് പ്രതികള്‍ നല്കിയ രണ്ടാം ഹര്‍ജിയും കോടതിയുടെ മുന്നിലുണ്ടായിരുന്നു.
ജസ്റ്റിസ് യുയു ലളിതിനൊപ്പം ജസ്റ്റിസ് വിനീത് സരണ്‍, ജസ്റ്റിസ് എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. പിണറായി വിജയന്, കെ മോഹന്‍ ചന്ദ്രന്, എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
ലാവ്ലിന് കേസില്‍ വിചാരണ കോടതിയും ഹൈക്കോടതിയും പിണറായി ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട സാഹചര്യത്തില്‍ തങ്ങള്‍ ഇടപെടണമെങ്കില്‍ ശക്തമായ വസ്തുതകള്‍ സിബിഐയുടെ പക്കലുണ്ടാകണമെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി. ശക്തമായ വസ്തുതകള്‍ എഴുതി നല്‍കാമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെയാണ് കോടതിയെ അറിയിച്ചത്. സിബിഐ വാദങ്ങള്‍ ഉന്നയിക്കുമ്പോള്‍ എല്ലാ വാദങ്ങള്‍ക്കും മറുപടി നല്‍കാമെന്ന് പിണറായിയ്ക്കുവേണ്ടി ഹാജരായ ഹരീഷ് സാല്‍വേയും വ്യക്തമാക്കി. വിശദമായ വാദം ആവശ്യമുള്ളതിനാല്‍ 16 ന് എടുക്കുന്ന അവസാനകേസായി ലാവ്ലിന് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
16ന് കോടതിയിലെത്തുമ്പോള്‍ വസ്തുതകള്‍ നിരത്തിയ സമഗ്രമായ ഡോക്യുമെന്റുകളും കോപ്പികളും ഹാജരാക്കണെമെന്ന് കോടതി സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. കേസില്‍ പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടികള്‍ തെറ്റായിരുന്നുവെന്ന നിലപാടാണ് സിബിഐ കോടതിയില്‍ സ്വീകരിച്ചത്. 2013ലാണ് കേസില്‍ പിണറായി വിജയനെ കോടതി കുറ്റവിമുക്തനാക്കുന്നത്. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീല്‍ 2017 ല്‍ ഹൈക്കോടതി തള്ളിയിരുന്നു.