
തൈക്കാട് ശാന്തി കവാടത്തില്‍ പുതിയതായി നിര്‍മ്മിച്ച ഗ്യാസ് ശ്മശാനത്തെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വിവാദമായ സംഭവത്തില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന് പിന്തുണയുമായി നടന് ഹരീഷ് പേരടി. നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷന്‍ ഷോപ്പില്‍ നല്ല ഭക്ഷ്യ പദാര്‍ത്ഥങ്ങളുണ്ട്, കുടംബശ്രി ഹോട്ടലുകളില്‍ നല്ല ഭക്ഷണമുണ്ട്.എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കില്‍ അതിനേക്കാള്‍ അപ്പുറമാണ് നല്ല പൊതുശ്മശാനം ഉണ്ടാക്കിയെന്ന് പറയുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായതോടെ മരിച്ചവരുടെ ശവശരീരങ്ങല്‍ സംസ്കരിക്കാന്‍ സ്ഥലമില്ലാതെ വലയുന്ന ഉത്തരേന്ത്യന്‍ ജനതയുടെ ദുരവസ്ഥ ചൂണ്ടിയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം. ആധുനിക കേരളത്തിന് ആര്യ രാജേന്ദ്രനില്‍ പ്രതീക്ഷയുണ്ടെന്നും ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെ തന്നെയായിരുന്നു ഹരീഷ് പേരടിയുടേയും പ്രതികരണം.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നല്ല റോഡുണ്ടാക്കി, നല്ല പാലമുണ്ടാക്കി, നല്ല സ്കൂളുണ്ടാക്കി,നല്ല ആശുപത്രിയുണ്ടാക്കി,റേഷൻ ഷോപ്പിൽ നല്ല ഭക്ഷ്യ പദാർത്ഥങ്ങളുണ്ട്,കുടംബശ്രി ഹോട്ടലുകളിൽ നല്ല ഭക്ഷണമുണ്ട്..എന്ന് പറയുന്നതു പോലെ തന്നെയാണ് അല്ലെങ്കിൽ അതിനേക്കാൾ അപ്പുറമാണ്..മരിച്ചു കഴിഞ്ഞാൽ ഇവിടെ അന്തസായി കിടക്കാൻ ഒരു പൊതു ശമ്ശാനം ഉണ്ടെന്ന് പറയുന്നതും…അല്ലെങ്കിൽ ഈ മഹാമാരിയുടെ കാലത്ത് ഉത്തരേന്ത്യയിലേ തെരുവുകളിൽ ശവങ്ങൾ ഊഴം കാത്തു കിടക്കുന്നതുപോലെ കിടക്കേണ്ടി വരും…സ്വന്തക്കാരുടെ ശവങ്ങൾ സൈക്കളിലുന്തി തളർന്ന് വഴിയരികിൽ ഹൃദയം തകർന്ന് ഇരിക്കേണ്ടി വരും…പ്രിയപ്പെട്ട അനിയത്തി ആര്യാ നിങ്ങളാണ് ശരി …ആധുനിക കേരളത്തിന് നിങ്ങളിൽ പ്രതീക്ഷയുണ്ട്…നൂറ് വട്ടം സഖാവ് ആര്യയോടൊപ്പം…
വിവാദമായ പോസ്റ്റില്‍ ആര്യ പറഞ്ഞത്:
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്കാരത്തിനായി ഉള്ളത്.
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ യുദ്ധകാലടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച ഗ്യാസ് ശ്മശാനം പ്രവര്‍ത്തനം ആരംഭിച്ചുവെന്ന ആര്യയുടെ വാക്കുകളാണ് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്. രാജ്യം കൊവിഡ് മഹാമാരിയ്ക്കുമുന്നില്‍ വിറങ്ങലിച്ചുനില്ക്കുന്ന സമയത്ത് കോര്പ്പറേഷന് ആധുനിക ശ്മശാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി പറയുന്നത് ഔചിത്യമില്ലായ്മയാണെന്ന തരത്തില്‍ ഇന്നലെ കമന്റുകള്‍ വന്നിരുന്നു. ട്രോള്‍ പേജുകളിലുള്‍പ്പെടെ പോസ്റ്റ് ചര്‍ച്ചചെയ്യപ്പെട്ടതോടെ മേയര്‍ ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് നീക്കം ചെയ്തിരുന്നു.