മണ്ണ് നീക്കാന്‍ അനുമതി തേടിയെത്തിയാള്ക്ക് മർദ്ദനം; എസ് ഐക്കെതിരെ അന്വേഷണം
മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ് ഐ ക്രൂരമായി മർദ്ദിച്ച് കളവായി കേസ് രജിസ്റ്റർ ചെയ്തെന്ന പരാതി ഡി വൈ എസ് പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു. തമ്പാനൂർ എസ് ഐക്കെതിരെ അന്വേഷണം നടത്താന്‍ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. എസ് ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സി ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി. നെയ്യാറ്റിൻകര ഊരൂട്ടുകാല […]
6 July 2021 7:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പൊലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ് ഐ ക്രൂരമായി മർദ്ദിച്ച് കളവായി കേസ് രജിസ്റ്റർ ചെയ്തെന്ന പരാതി ഡി വൈ എസ് പി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.
തമ്പാനൂർ എസ് ഐക്കെതിരെ അന്വേഷണം നടത്താന്‍ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. എസ് ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സി ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി. നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജിൻറെ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി 7 നാണ് പരാതിക്കാരന് മർദ്ദനമേറ്റത്. മെഡിക്കൽ സർട്ടിഫിക്കേറ്റ് ഉൾപ്പെടെയാണ് പരാതി സമർപ്പിച്ചത്.
പരാതിയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ ഫോർട്ട് എ സിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുറ്റാരോപിതന് തൊട്ടു മുകളിലുള്ള സി ഐ യാണ് അന്വേഷണം നടത്തിയത്. പരാതിക്കാരനെതിരെ മണ്ണ് കടത്തിന് നിരവധി കേസുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിനൊപ്പം സമർപ്പിച്ച രേഖകൾ കമ്മീഷൻ പരിശോധിച്ചെങ്കിലും അവയിലൊന്നും പരാതിക്കാരനെതിരെ പിഴയടിച്ചതിൻറെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. എസ് ഐ മർദ്ദിച്ചെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും അങ്ങനെയൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. എസ് ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്. പരാതിക്കാരനെയോ അദ്ദേഹത്തിൻറെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. എസ് ഐയുടെ മൊഴി മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സഹപ്രവർത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് കമ്മിഷൻ കണ്ടെത്തി.
അന്വേഷണം നടത്തുന്ന ഡി വൈ എസ് പി ഫോർട്ട് പൊലീസ് സബ് ഡിവിഷനിൻറെ പരിധിയിൽ വരരുതെന്ന് ഉത്തരവിൽ പറയുന്നു. എസ് ഐ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷണ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
സി ഐ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ ഇത്തരം ഒരു റിപ്പോർട്ട് സമർപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി സി ഐയുടെ വീഴ്ചക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്ന് കമ്മിഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
ആവശ്യപ്പെട്ട തരത്തിൽ റിപ്പോർട്ട് നൽകാതെ ചുമതല കീഴുദ്യോഗസ്ഥനെ ഏൽപ്പിച്ച ഫോർട്ട് അസിസ്ൻറ് കമ്മീഷണറുടെ നടപടി പരിശോധിച്ച് ഇത്തരം കൃത്യവിലോപങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ സംസ്ഥാന പോലീസ് മേധാവി ജൂലൈ 30 നകം കമ്മീഷനെ അറിയിക്കണം. കേസ് ഓഗസ്റ്റ് 9 ന് വീണ്ടും പരിഗണിക്കും.
- TAGS:
- Police
- Thiruvananthapuram