Top

നീക്കുപോക്ക് ഇരുകൂട്ടര്‍ക്കും ഗുണംചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; യുഡിഎഫ് ബന്ധത്തില്‍ ഉരുണ്ടുകളിച്ച് സംസ്ഥാന പ്രസിഡന്റ്

യുഡിഎഫുമായുള്ള പ്രാദേശികനീക്കുപോക്കിന് കേന്ദ്രീകൃതസ്വഭാവമില്ലെന്ന് ആവര്‍ത്തിച്ചുസൂചിപ്പിച്ച അദ്ദേഹം ഓരോ പ്രദേശത്തെയും സാമൂഹ്യഅവസ്ഥകള്‍ കണക്കിലെടുത്തുകൊണ്ടാണ് നീക്കുപോക്ക് നടത്തിയതെന്ന് വിശദീകരിച്ചു.

1 Dec 2020 11:57 PM GMT

നീക്കുപോക്ക് ഇരുകൂട്ടര്‍ക്കും ഗുണംചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി; യുഡിഎഫ് ബന്ധത്തില്‍ ഉരുണ്ടുകളിച്ച് സംസ്ഥാന പ്രസിഡന്റ്
X

തദ്ദേശ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി നീക്കുപോക്ക് ഇരുകൂട്ടര്‍ക്കും ഗുണംചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. നിയമസഭാ തെരഞ്ഞെടുപ്പിനായി നീക്കുപോക്കോ സഖ്യമോ ഉണ്ടാക്കാന്‍ നിലവില്‍ ആലോചിച്ചിട്ടില്ലെന്നും ഹമീദ് വാണിയമ്പലം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പ്രാദേശിക തലത്തിലെ നീക്കുപോക്കിനുശേഷം യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയിലുള്ള സ്ഥാനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ ഉരുണ്ടുകളിച്ച ഹമീദ് വാണിയമ്പലം, തദ്ദേശ തെരഞ്ഞെടുപ്പുകളെ പാര്‍ട്ടി വ്യത്യസ്ത സംവിധാനമായി കണക്കിലാക്കുകയാണെന്നാണ് പ്രതികരിച്ചത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലൂടെയായിരുന്നു ഹമീദ് വാണിയമ്പലത്തിന്റെ പ്രതികരണം.

യുഡിഎഫുമായുള്ള പ്രാദേശികനീക്കുപോക്കിന് കേന്ദ്രീകൃതസ്വഭാവമില്ലെന്ന് ആവര്‍ത്തിച്ചുസൂചിപ്പിച്ച അദ്ദേഹം ഓരോ പ്രദേശത്തെയും സാമൂഹ്യഅവസ്ഥകള്‍ കണക്കിലെടുത്തുകൊണ്ടാണ് നീക്കുപോക്ക് നടത്തിയതെന്ന് വിശദീകരിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്ക് തിരിച്ചടിയാകുമെന്ന് യുഡിഎഫ് ഭയക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് അതിനവരാണ് മറുപടി നല്‍കേണ്ടതെന്നായിരുന്നു ഹമീദ് വാണിയമ്പലത്തിന്റെ മറുപടി. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ വിലയിരുത്തല്‍ പ്രകാരം തെരഞ്ഞെടുപ്പില്‍ നീക്കുപോക്കുകൊണ്ട് ഇരുകൂട്ടര്‍ക്കും നേട്ടമുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിന് ശേഷം എന്ത് എന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനോട് സഹകരിക്കാനാകില്ലെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒഴികെയുള്ള തെരഞ്ഞെടുപ്പുകളില്‍ സ്വന്തം രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തിപ്പിടിക്കാനാണ് പാര്‍ട്ടിയ്ക്ക് താല്‍പ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ ഒരു വ്യത്യസ്തമായ സംവിധാനമെന്ന നിലയിലാണ് പാര്‍ട്ടി മനസിലാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിന്‌ശേഷമുള്ള ഭരണം സംബന്ധിച്ച കാര്യങ്ങളിലൊന്നും നിലവില്‍ ധാരണയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story