Top

‘തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുഞ്ഞാലിക്കുട്ടി കാത്തുനിന്നിരുന്നെങ്കില്‍, നില മറ്റൊന്നാകുമായിരുന്നു’; ഹമീദ് ചേന്നമംഗലൂരിന്റെ വിലയിരുത്തല്‍

കുഞ്ഞാലിക്കുട്ടിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചാല്‍ യുഡിഎഫിനെ അഞ്ച് വര്‍ഷക്കാലം കൊണ്ട് മുസ്ലീം ലീഗ് വിഴുങ്ങുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു.

16 May 2021 6:48 AM GMT

‘തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കുഞ്ഞാലിക്കുട്ടി കാത്തുനിന്നിരുന്നെങ്കില്‍, നില മറ്റൊന്നാകുമായിരുന്നു’; ഹമീദ് ചേന്നമംഗലൂരിന്റെ വിലയിരുത്തല്‍
X

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ കേരള രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ രീതിയില്‍ ദോഷം ചെയ്തിട്ടുണ്ടെന്ന് വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ സംസ്ഥാനത്താകെ മലബാര്‍ രാഷ്ട്രീയത്തിന് മേല്‍ക്കൈയുണ്ടാകുമെന്ന ഒരു ധാരണ ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നെന്നും ഇതിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടിയായെന്നുമാണ് വിലയിരുത്തല്‍. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവിനെ വിശകലനം ചെയ്യുന്ന ദി ഹിന്ദു ദിനപത്രത്തിലെ ലേഖനത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കുഞ്ഞാലിക്കുട്ടി തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്ന് കാത്തിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലായി മാറിയേനെയെന്നാണ് ഹിന്ദു ലേഖകനോട് രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്നമംഗലൂര്‍ പ്രതികരിച്ചത്.

യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്റെ പ്രതിഫലനം ഈ തെരഞ്ഞെടുപ്പില്‍ ചെറുതായിരുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍ യുഡിഎഫിന്റെ ഇലക്ട്രോള്‍ കണക്കുകൂട്ടലിനെ തകിടം മറിച്ചെന്നാണ് ലേഖനം വിലയിരുത്തുന്നത്. ഭരണം ലഭിച്ചാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയായേക്കുമെന്ന ധാരണ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങളുടെ വോട്ടിനെ നന്നായി സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിവരം. കുഞ്ഞാലിക്കുട്ടിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചാല്‍ യുഡിഎഫിനെ അഞ്ച് വര്‍ഷക്കാലം കൊണ്ട് മുസ്ലീം ലീഗ് വിഴുങ്ങുമെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു. ജനങ്ങളുടെ മനസില്‍ രൂഢമൂലമായിരിക്കുന്ന മുസ്ലീം വിരുദ്ധ വികാരവും ഇതിനൊത്ത് പ്രവര്‍ത്തിച്ചുവെന്നാണ് ലേഖനം വിലയിരുത്തുന്നത്.

ലീഗിന്റെ സാധാരണ സ്വഭാവത്തെ അട്ടിമറിച്ചാണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. കാല്‍നൂറ്റാണ്ടിന് ശേഷം വനിതാ സ്ഥാനാര്‍ത്ഥി, പത്ത് പുതുമുഖങ്ങള്‍ തുടങ്ങിയ കേരളാ രാഷ്ട്രീയത്തില്‍ ഞെട്ടലുണ്ടാക്കിയ തീരുമാനങ്ങള്‍. കാര്യങ്ങള്‍ അനുകൂലമായാല്‍ കോണ്‍ഗ്രസ് മന്ത്രിസഭയിലെ ആഭ്യന്തരം ചോദിച്ചുവാങ്ങാന്‍ പോലും മടിയില്ലാത്ത രീതിയിലുള്ള വളര്‍ച്ചയായിരുന്നു കുഞ്ഞാലിക്കുട്ടി ലക്ഷ്യം വെച്ചത്. എന്നാല്‍ ഫലം വന്നപ്പോള്‍ യുഡിഎഫ് കനത്ത തോല്‍വിയേറ്റുവാങ്ങി. ലീഗാവട്ടെ 15 സീറ്റുകളിലൊതുങ്ങുകയും ചെയ്തു.

പി.കെ.കുഞ്ഞാലിക്കുട്ടി (വേങ്ങര), കെ.പി.എ. മജീദ് (തിരൂരങ്ങാടി), എം.കെ. മുനീര്‍ (കൊടുവള്ളി) എന്നിവര്‍ക്ക് മൂന്ന് ടേം ഇളവ് പ്രഖ്യാപിച്ച ശേഷം നടത്തിയ പുരോഗമന തന്ത്രം ഫലിച്ചില്ലെന്ന് മാത്രമല്ല, ലീഗ് പ്രമുഖര്‍ മന്ത്രിയാവാന്‍ ഇനിയും കാത്തിരിക്കേണ്ടിയും വരും.

Next Story