ഹമാസ്-ഇസ്രായേല്‍ സേന സംഘര്‍ഷം; 21 പാലസ്തീന് പൗരര്‍ കൊല്ലപ്പെട്ടു
കിഴക്കന്‍ ജറുസലേമിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹമാസ് സേനയും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഗാസ മുനമ്പില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ റോക്കറ്റ് ആക്രമണം നടന്നു. 200 റോക്കറ്റുകളാണ് ഇസ്രായേല്‍ മേഖലയിലേക്ക് ഹമാസ് തൊടുത്തത്. ഇതിനു പകരമായി ഗാസയിലെ ഹമാസിന്റെ 130 ഇടങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് കമാന്‍ഡറിന്റെ വീടിനു നേരെയും ഹമാസ് ഇന്റലിജന്‍സ് ഹെഡ്ക്വാട്ടേര്സിനു നേരെയും ആക്രമണം നടന്നു. റോക്കറ്റ് നിര്‍മാണ, സംരക്ഷണ കേന്ദ്രത്തിലേക്കും […]

കിഴക്കന്‍ ജറുസലേമിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഹമാസ് സേനയും ഇസ്രായേല്‍ സൈന്യവും തമ്മിലുള്ള സംഘട്ടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. ഗാസ മുനമ്പില്‍ നിന്നും തിങ്കളാഴ്ച രാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ വരെ റോക്കറ്റ് ആക്രമണം നടന്നു. 200 റോക്കറ്റുകളാണ് ഇസ്രായേല്‍ മേഖലയിലേക്ക് ഹമാസ് തൊടുത്തത്. ഇതിനു പകരമായി ഗാസയിലെ ഹമാസിന്റെ 130 ഇടങ്ങളിലേക്ക് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് കമാന്‍ഡറിന്റെ വീടിനു നേരെയും ഹമാസ് ഇന്റലിജന്‍സ് ഹെഡ്ക്വാട്ടേര്സിനു നേരെയും ആക്രമണം നടന്നു. റോക്കറ്റ് നിര്‍മാണ, സംരക്ഷണ കേന്ദ്രത്തിലേക്കും ആക്രമണം നടന്നു. ആക്രമണത്തില്‍ 15 ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്.
പാലസ്തീന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം 21 പാലസ്തീനികള്‍ ഇസ്രായേല്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുള്പ്പെട്ടിട്ടുണ്ട്.
ഹമാസിന്റെ റോക്കറ്റ് ആക്രമണത്തില്‍ രണ്ട് ഇസ്രായേലികള്‍ക്ക് പരിക്കേറ്റു. റോക്കറ്റുകളെ തടുക്കുന്ന അയേണ്‍ ഡോം സംവിധാനമുള്ളതു കൊണ്ട് ഹമാസിന്റെ റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്തെത്തും മുമ്പ് നശിപ്പിക്കപ്പെട്ടു.
അല്‍ അഖ്സ പള്ളിക്ക് സമീപത്ത് നിന്നും ഇസ്രായേല്‍ പൊലീസ് പിന്‍വാങ്ങണമെന്ന് ഹമാസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് തയ്യാറാവാതിരുന്നതിനു പിന്നാലെയാണ് ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയത്.
ശൈഖ് ജറായിലെ ഇസ്രായേലി കുടിയേറ്റത്തിനെതിരെ പാലസ്തീന് പൗരര്‍ നടത്തുന്ന പ്രതിഷേധത്തിനു നേരെ ഇസ്രായേല്‍ പൊലീസ് നടത്തുന്ന ആക്രമണത്തില്‍ നിരവധി പാലസ്തീന് പൗരന്മാര്ക്ക് ഇതിനകം പരിക്കേറ്റു. തിങ്കളാഴ്ച അല്‍ അഖ്സ പള്ളി വളപ്പില്‍ ഇസ്രായേല്‍ പൊലീസ് കണ്ണീര് വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചതിനെ തുടര്‍ന്ന് 305 പാലസ്തീനികള്‍ക്ക് പരിക്കേറ്റു. 8 പേരുടെ നില ഗുരുതരമാണ്.