മുഹ്സിന് പരാരി-ഷഹബാസ് അമന് കോംമ്പോ; ഹലാല്‍ ലൗ സ്റ്റോറിയിലെ ‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്’ പുറത്തിറങ്ങി

ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകന് സക്കറിയ ഒരുക്കുന്ന ‘ഹലാല്‍ ലൗ സ്റ്റോറി’യിലെ ആദ്യ വീഡിയോ ഗാനം പുറത്ത്. ലിറിക്കല്‍ ഗാനമായി മുന്‍പ് പുറത്തുവിട്ട ‘സുന്ദരനായവനേ സുബ്ഹാനള്ളാഹ്’ യുടെ വീഡിയോ ഗാനമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരു മടക്കയാത്ര പിന്തുടരുന്ന ഗാനമൊരുക്കുന്നത് സംഗീത പ്രേമികളുടെ പ്രിയപ്പെട്ട മുഹ്സിന് പരാരി-ഷഹബാസ് അമന് കോംമ്പോയാണ്.
പാര്‍വതി തിരുവോത്ത്, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സംവിധായകന് സക്കറിയയും മുഹ്സിന് പരാരിയും ചേര്‍ന്നാണ്. ഒപിഎം സിനിമാസ്, പപ്പായ ഫിലിംസ്, അവര്‍ ഹുഡ് എന്നീ ബാനറുകളില്‍ ആഷിക് അബു, ജെസ്ന ആഷിം, ഹര്‍ഷാദ് അലി, സക്കറിയ, മുഹസിന് പരാരി, സൈജു ശ്രീധരന്, അജയ് മേനോന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
സിനിമയ്ക്കുള്ളിലെ സിനിമാകഥയായ ‘ഹലാല്‍ ലൗ സ്റ്റോറി’യില്‍ ചലച്ചിത്ര നിര്‍മാണത്തില്‍ തത്പ്പരനായ തൗഫീക്ക് എന്ന ചെറുപ്പക്കാരനും സമാന ആഗ്രഹമുള്ള സുഹൃത്തുക്കളായ റഹീമും ഷെരീഫും സിനിമ ചെയ്യാനായി ഒന്നിക്കുന്നതാണ് പശ്ചാത്തലം. തൗഫീക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷറഫുദ്ദീനാണ്. ജോജു ജോര്‍ജ്ജ് സിനിമ സംവിധായകനായും ഇന്ദ്രജിത്ത് സുകുമാരന്‍, ഗ്രേസ് ആന്റണി എന്നിവര്‍ അഭിനേതാക്കളായും എത്തുന്നു. പാര്‍വതി തിരുവോത്ത്, സൗബിന് ഷാഹിര്‍ എന്നിവരെ സിനിമയിലെ മറ്റ് അണിയറപ്രവര്‍ത്തകരായി ട്രെയ്ലറിലും കാണാം.